83 പേരുടെ ഫലം നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലക്കാരും
83 പേരുടെ ഫലം നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലക്കാരും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത നിപ ഇത്തവണ ആദ്യം ബാധിച്ചത് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഹമ്മദലി ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യത്തെ നിപ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലം നെഗറ്റീവ് എന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് മരിച്ച രണ്ടുപേര്‍ അടക്കം ആറ് പോസിറ്റീവ് കേസുകള്‍ ആണ് ഉള്ളത്. ഇവരുടെ പ്രൈമറി കോണ്‍ടാക്ടിലുള്ള 83 പേരുടെ ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മുഹമ്മദലിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത്. അതിനിടെ സമ്പര്‍ക്കപ്പട്ടിക വീണ്ടും വിപുലീകരിച്ചു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം 1080 ആയി. 17 പേരാണ് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ മറ്റ് ജില്ലകളിലുള്ളവരും ഉള്‍പ്പെടുന്നു. മലപ്പുറം22, കണ്ണൂര്‍3, വയനാട്1, തൃശൂര്‍ 3 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുള്ളവരുടെ കണക്ക്. അതിനിടെ ഇന്ന് നിപ ബാധിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫറോക്ക് ചെറുവണ്ണൂരിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
അതേസമയം നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ അവധി. ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താവൂ എന്നാണ് നിര്‍ദ്ദേശം. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."