റഷ്യയില്‍ നിന്ന് മൂന്ന് ഗ്രാമങ്ങള്‍ കൂടി ഉക്രൈന്‍ തിരിച്ചുപിടിച്ചതായി സെലെന്‍സ്‌കി
കീവ്: അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത ഉക്രൈന്‍ നഗരങ്ങളിലെ ന്ന് ഗ്രാമങ്ങള്‍ കൂടി തിരിച്ചുപിടിച്ചതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. തെക്കന്‍ ഖെര്‍സനിലെ ഗ്രാമങ്ങളില്‍ നിന്നാണ് റഷ്യന്‍ സൈന്യത്തെ തുരത്തിയത്. റഷ്യന്‍ സേന കൈവശപ്പെടുത്തിയ ഏതാനും ചില വന്‍ നഗരങ്ങള്‍ ഉക്രൈന്‍ രണ്ടാഴ്ച മുമ്പ് തിരിച്ചുപിടിച്ചിരുന്നു.
നൊവോവോസ്‌ക്രെസെന്‍സ്‌കെ, നൊവോഗ്രിഗോറിവ്ക, പെട്രോപാവ്‌ലിവ്ക എന്നീ ഗ്രാമങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മോചിപ്പിച്ചതായും പ്രത്യാക്രമണം ഉക്രൈന്‍ ശക്തമായി തുടരുന്നതായും സെലെന്‍സ്‌കി അറിയിച്ചു. ഓരോരോ നഗരങ്ങളില്‍ നിന്നായി റഷ്യയെ പുറന്തള്ളുമെന്നു സെലെന്‍സ്‌കി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 'ശക്തമായി തിരിച്ചടിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി' ഏതാനും നഗരങ്ങളില്‍ നിന്ന് സൈന്യം പിന്മാറിയതായി റഷ്യയും സമ്മതിച്ചു.
അതിനിടെ, ഉക്രൈനിലെ സൈനിക നടപടിക്കു വേണ്ടി ജനങ്ങളെ സൈന്യത്തിലെടുക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിനു പിന്നാലെ രണ്ട് ലക്ഷത്തിലധികം പേര്‍ സൈന്യത്തില്‍ ചേരാനായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ സപ്തംബര്‍ 21നാണ് പുടിന്‍ പൗരന്‍മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഉക്രൈനില്‍ റഷ്യന്‍ സൈന്യം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കെയാണ് പുടിന്‍ ജനങ്ങളെ സൈന്യത്തിലെടുക്കാന്‍ തീരുമാനിച്ചത്. മൂന്ന് ലക്ഷം പൗരന്‍മാരെ സൈന്യത്തില്‍ ചേര്‍ക്കാനാണ് റഷ്യയുടെ നീക്കം. രണ്ട് ലക്ഷത്തിലധികം പേരുടെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയായെന്നും ആറ് പരിശീലന കേന്ദ്രങ്ങളിലെ 80 ട്രെയിനിങ് ഗ്രൗണ്ടുകളില്‍ ഇവരുടെ പരിശീലനം നടന്നുവരികയാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു അറിയിച്ചു.
അതിനിടെ, ഹിതപരിശോധന നടത്തിയ ഉക്രൈനിലെ നാല് നഗരങ്ങളെ റഷ്യയോട് ചേര്‍ക്കുന്ന ബില്ലില്‍ പുടിന്‍ ഒപ്പുവച്ചു. കഴിഞ്ഞ വെള്ളിയാഴ്ച റഷ്യന്‍ പാര്‍ലമെന്റില്‍ നാല് നഗരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രഖ്യാപനം പുടിന്‍ നടത്തിയിരുന്നു.
ഉക്രൈന് മൊബൈല്‍ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ 625 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കുമെന്ന് യു.എസ് അറിയിച്ചു. നേരത്തേയും യു.എസ് സഹായം നല്‍കിയിരുന്നു. നാല് നഗരങ്ങള്‍ കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നടപടിക്ക് പിന്നാലെയാണ് 625 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം. റോക്കറ്റ് ലോഞ്ചറുകള്‍ക്ക് പുറമേ യുദ്ധസാമഗ്രികള്‍, മൈനുകള്‍, കുഴിബോംബുകള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൈനിക വാഹനങ്ങള്‍ തുടങ്ങിയവയാണ് നല്‍കുക.
അമേരിക്കയുടെ ഈ നടപടി സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇടയാക്കുമെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റൊലി ആന്റോണോവ് മുന്നറിയിപ്പ് നല്‍കി. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."