നിപ: കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന്, ജാഗ്രതയിൽ കോഴിക്കോട്, കോർപ്പറേഷനിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ
നിപ: കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന്, ജാഗ്രതയിൽ കോഴിക്കോട്, കോർപ്പറേഷനിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ
കോഴിക്കോട്: നിപ വൈറസ് ജാഗ്രതയിലുള്ള കോഴിക്കോട് ജില്ലയിലെ കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തുവരും. സമ്പർക്ക പട്ടികയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. നാലു പേരാണ് നിലവിൽ വൈറസ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. 83 പരിശോധനാ ഫലങ്ങൾ ഇതുവരെ നെഗറ്റീവായി. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു.
നെഗറ്റീവ് ആയവരോട് 21 ദിവസം ക്വാറൻ്റീനിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 1,080 ആളുകളാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ പരിശോധനയാണ് നിലവിൽ നടത്തിവരുന്നത്. ഇതിന് ശേഷമാകും മറ്റുകാര്യങ്ങളിലേക്ക് കടക്കാത്തത്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.
നിപ ബാധിത മേഖലയിൽ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേർന്ന വാഴത്തോട്ടത്തിൽ നിന്ന് വവ്വാലുകളെ പിടികൂടാനായി ഇന്നലെ വല വിരിച്ചിരുന്നു. രണ്ടു വവ്വാലുകൾ വലയിൽ കുടുങ്ങിയിരുന്നു. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും.
കോഴിക്കോട് കോർപ്പറേഷനിലെ 7 വാർഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്.
കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി അടുത്ത ഞായറാഴ്ച വരെ തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ഒരാഴ്ച അവധി നൽകിയത്. ക്ലാസുകൾ ഓൺലൈനായി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."