'ദയാബായി' അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്കായുള്ള പോരാട്ടത്തിന്റെ മറ്റൊരു പേര്
82 വയസ്സായി. എലസമായി വലിച്ചു ചുറ്റിയ പരുക്കന്‍ സാരിയും അതിലേറെ പരുക്കനെന്ന് തോന്നിക്കുന്ന അഭരണങ്ങളും തോളിലൊരു തുണി സഞ്ചിയും ഒക്കെയായി ചുറുചുറുക്കോടെ സമരപ്പന്തലുകളില്‍ നിന്ന് സമരപ്പന്തലുകളിലേക്ക് സഞ്ചരിക്കുന്ന ദയാബായി എന്ന മേഴ്‌സി മാത്യുവിന്. ആദിവാസിഗ്രാമത്തില്‍ താമസിച്ച് ഗോത്രവര്‍ഗക്കാര്‍ക്കായി പോരാടുന്ന അവര്‍ക്ക് ഗോത്രജീവിതത്തിന്റെ മുഖച്ഛായയാണ്. എന്നും അവഗണിക്കപ്പെടുന്ന, അരികുവല്‍ക്കരിക്കപ്പെടുന്ന ജീവനുകള്‍ക്കായുള്ളതാണ് അവരുടെ ജീവിതം. നിഷേധിക്കപ്പെടുന്ന അവരുടെ നീതിക്കായി ഈ സ്ത്രീ പോരാട്ടം തുടങ്ങിയിട്ട് ആണ്ടുകളേറെ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ആര്‍ജ്ജവമൊട്ടും കുറഞ്ഞിട്ടില്ല അവരുടെ പോരാട്ടത്തിന്. വീര്യമൊട്ടും കുറഞ്ഞിട്ടില്ല അവരുടെ ചുവടുകള്‍ക്ക്.
ഇപ്പോഴിതാ തലസ്ഥാന നഗരിയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലാണ്. അന്നമില്ലാതെ അഞ്ചു നാളുകളായി. അതിനിടക്ക് പൊലിസ് വന്നു ബലമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ തിരിച്ച് സമരപ്പന്തലിലേക്ക് തന്നെയെത്തി. 82ന്റെ സ്വാഭാവിക അവശതകള്‍ പോലും വകവെക്കാതെയുള്ള ഈ പോരാട്ടത്തിന് അവര്‍ക്ക് കരുത്തു പകരുന്നത് കാസര്‍കോട്ടെ കണ്ണീരുണങ്ങാത്ത കുറേ ജീവനുകളെ കുറിച്ച ആധി തന്നെയാണ്.
പാലാക്കാരി മേഴ്‌സി ദയാബായി ആയ കഥ
പാലായിലെ സമ്പന്നമായ പൂവരണി പുല്ലാട്ടുവീട്ടില്‍ ജനിച്ച മേഴ്‌സിയെന്ന പെണ്‍കുട്ടി 'പോരാട്ടത്തിന്റെ പെണ്‍വീര്യം' എന്ന് വിശേഷിപ്പിക്കപ്പെട്ട ദയാബായി എന്ന പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായി മാറിയ കഥയില്‍ വിസ്മയങ്ങള്‍ ഏറെയുണ്ട്.
കൊച്ചുകൊട്ടാരം പ്രൈമറി സ്‌കൂള്‍, വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ബിഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നെങ്കിലും പരിശീലനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് സാമൂഹിക സേവനത്തിനിറങ്ങി. കുറച്ചുകാലം ബിഹാറില്‍ അധ്യാപികയായി. ബിഎസ്‌സി , എംഎസ്ഡബ്യു, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. ബംഗ്ലാദേശ് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരെയും ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരെയും സഹായിക്കാന്‍ രംഗത്തിറങ്ങി. ജിപ്‌സിയെ പോലെ അലഞ്ഞു നടന്ന അവര്‍ ബെല്‍ജിയം, ഫ്രാന്‍സ് , റോം തുടങ്ങിയ സ്ഥലങ്ങളില്‍ വരെ പ്രസംഗിക്കാന്‍ പോയിട്ടുണ്ട്.
സാമൂഹികസേവനത്തിനിടെ മുംബൈയിലെ ചേരികളിലും ഫുട്പാത്തുകളിലും അലഞ്ഞുതിരിഞ്ഞ അവര്‍ ഇടയന്മാര്‍ക്കൊപ്പം കന്നുകാലികളെ മേച്ചും വിശക്കുമ്പോള്‍ അരുവികളില്‍ നിന്നു വെള്ളം കുടിച്ചും കഴിഞ്ഞു. ആദിവാസികളെ അക്ഷരം പഠിപ്പിച്ചതിനും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിനും ജന്മികളുടെ എതിര്‍പ്പും അക്രമങ്ങളും ഉണ്ടായി. പൊലിസിന്റെ അടിയേറ്റ് പല്ല് നഷ്ടപ്പെട്ടതാണ് ആദ്യത്തെ അവാര്‍ഡെന്നു ദയാബായി പറയുന്നു. വര്‍ഷങ്ങളായി മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാരായ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. കേരളത്തില്‍ ചെങ്ങറയിലെയും മുത്തങ്ങയിലെയും സമരങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരങ്ങള്‍ക്കും പിന്തുണയുമായി എത്തി അവര്‍.
45 ലക്ഷത്തിന്റെ തൊഴുത്തും വിദേശ യാത്രയും മാറ്റിവെച്ച് കാസര്‍കോട്ടെ ഈ കുരുന്നുകള്‍ക്കായി ഒന്ന് ചെവികൊടുക്കൂ...
കേരളം കേന്ദ്രത്തിന് നല്‍കിയ എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേരുകൂടി ഉള്‍പ്പെടുത്തുക, ജില്ലയില്‍ വിദഗ്ധ ചികിത്സ സൗകര്യം ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും ദിനപരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇപ്പോള്‍ സമരം നടത്തുന്നത്യ
ഇത് അംഗീകരിച്ചിട്ടേ മടങ്ങൂവെന്ന വാശിയില്‍ തന്നെയാണ് ഈ വയോധിക, ഇനി ഇവിടെക്കിടന്ന് മരിക്കേണ്ടിവന്നാലും ശരി. ഭരണകൂടത്തിന് ഈ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലെന്നും മന്ത്രിമാര്‍ വിദേശയാത്ര നടത്തുകയല്ല, കാസര്‍കോട്ടെ ദുരിതഭൂമി സന്ദര്‍ശിക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
'മുഖ്യമന്ത്രിയുടെ വസതിയില്‍ 45 ലക്ഷം രൂപ ചെലവില്‍ തൊഴുത്ത് നിര്‍മിക്കുന്നുവെന്ന് കഴിഞ്ഞദിവസമാണ് കേട്ടത്. കാസര്‍കോട് കുറേ മനുഷ്യര്‍ ഇങ്ങനെ കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കണം- അവര്‍ പറയുന്നു.
ഇവിടെ ഞാനാധിപത്യമല്ല, ജനാധിപത്യമാണെന്ന് ഭരിക്കുന്നവര്‍ മനസ്സിലാണമെന്നും ദയാബായി തുറന്നടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."