എജ്ജാതി എന്‍ട്രി.! 26 മിനിറ്റില്‍ നാല് ഗോളുകള്‍ക്ക് വഴിയൊരുക്കി നെയ്മര്‍
റിയാദ്: സൗദി അറേബ്യയിലെ പ്രോലീഗില്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ലീഗില്‍ ടോപ്പിലുള്ള അല്‍ഹിലാലില്‍ സൈന്‍ചെയ്തിട്ട് രണ്ട് മാസം ആയെങ്കിലും പരിക്ക് മൂലം വിശ്രമത്തിലായിരുന്ന നെയ്മര്‍ ഇന്നലെ രാത്രി അല്‍ റിയാദിനെതിരായ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. അതാകട്ടെ സോദിയിലേക്കുള്ള ഗംഭീര എന്‍ട്രിയുമായി.
64ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് ആയിട്ടായിരുന്നു നെയ്മറുടെ അരങ്ങേറ്റം. ഗോള്‍ പിറന്നപ്പോഴൊന്നും ഉണ്ടാവാതിരുന്ന അര്‍പ്പുവിളികളായിരുന്നു ആ സമയത്ത് ഗാലറിയില്‍നിന്ന് കേട്ടത്. ഡഗൗട്‌സില്‍ നെയ്മര്‍ ജഴ്‌സിമാറ്റുന്ന സീനുകള്‍ സ്‌ക്രീനില്‍ കണ്ടത് മുതല്‍ തുടങ്ങിയ ആര്‍പ്പുവിളികള്‍ വെള്ള ലൈനും കടന്ന് അദ്ദേഹം പുല്ലില്‍ തൊട്ട് ചുമ്പിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ കടലിരമ്പം ആയി മാറുകയായിരുന്നു.
നെയ്മര്‍ ഇറങ്ങുമ്പോള്‍ തന്നെ അല്‍ഹിലാല്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. സ്‌കോര്‍ നില സൂചിപ്പിക്കും പോലെ കളിയില്‍ അല്‍ ഹിലാലിന് തന്നെയായിരുന്നു ആധിപത്യവും. നെയ്മര്‍ കൂടി വന്നതോടെ കളി തീര്‍ത്തും ഏകപക്ഷീയമായി മാറി. തുടരെത്തുടരെ അല്‍ റിയാദ് ബോക്‌സ് ലക്ഷ്യംവച്ച് ആക്രമണങ്ങളാണ് പിന്നീട് കണ്ടത്. ഇതിനിടെ അല്‍ഹിലാല്‍ നാലുഗോളുകള്‍ കൂടി അടിക്കുകയും ചെയ്തു. നാലിലും നെയ്മറിന് പങ്കുണ്ടായി.
നെയ്മര്‍ ഇറങ്ങി നാലാം മിനിറ്റില്‍ തന്നെ അല്‍ ഹിലാല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 68ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍നിന്ന് നാസര്‍ അല്‍ദോസരി ആണ് വല കുലുക്കിയത്. ഗോളിനെക്കാള്‍ മനോഹരമായിരുന്നു നെയ്മറിന്റെ അസിസ്റ്റ്. അല്‍ ഹിലാല്‍- 3, അല്‍ റിയാദ് - 0. ഇതിനിടെ നെയ്മറില്‍നിന്ന് രണ്ട് ഗോള്‍ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വിജയം കണ്ടില്ല.
74 ാംമിനിറ്റില്‍ വീണ്ടും നെയ്മര്‍. ബോക്‌സിനുള്ളിലേക്ക് നെയ്മര്‍ നീട്ടിനല്‍കിയ പാസ് മാല്‍കം ഈസിയായി വലയിലേക്ക് ചെത്തിയിട്ടു, അല്‍ ഹിലാല്‍- 4, അല്‍ റിയാദ് - 0
86 ാം മിനിട്ട്: നെയ്മറിന്റെ ഷോട്ട് റിയാദ് താരത്തിന്റെ കൈകളില്‍ കൊണ്ടതോടെ റെഫറി പെനാല്‍റ്റി വിളിച്ചു. കിക്കെടുത്തത് സലീം അല്‍ ദസൗരി. പന്ത് വലത് മൂലയിലേക്കും ഗോള്‍കീപ്പര്‍ ഇടത് വശത്തേക്കും.
അല്‍ ഹിലാല്‍- 5, അല്‍ റിയാദ് - 0
ഒമ്പത് മിനുട്ടാണ് ഇഞ്ച്വറി ടൈം ലഭിച്ചത്. 95ാം മിനുട്ടില്‍ നെയ്മറിന്റെ ഷോട്ട് കീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ പന്ത് അല്‍ ദസൗരിയുടെ കാലില്‍. അയാളത് ഈസിയായി വലയിലേക്ക് കോരിയിട്ടപ്പോള്‍ അല്‍ ഹിലാല്‍- 6, അല്‍ റിയാദ് - 0
96 ാം മിനിറ്റില്‍ അലി അല്‍ സഖാമിന്റെ വക അല്‍ റിയാദിന്റെ ഏക ആശ്വാസ ഗോള്‍. അന്തിമ വിസില്‍ ഉയരുമ്പോള്‍ അല്‍ ഹിലാല്‍- 6, അല്‍ റിയാദ് - 1
പരിക്കു കാരണമാണ് നെയ്മറിന്റെ അരങ്ങേറ്റം നീണ്ടത്. ആദ്യ ഇലവനില്‍ നെയ്മര്‍ ഉള്‍പ്പെടാതിരുന്നതോടെ ആരാധകര്‍ നിരാശയിലായിരുന്നുവെങ്കിലും 26 മെനിറ്റിലെ നെയ്മറുടെ പ്രകടനം അതെല്ലാം ഇല്ലാതാക്കുന്നതായിരുന്നു.
https://www.youtube.com/watch?v=0hQrZAxkpjg
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."