കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പാര്‍ട്ടി നടപടികളില്‍ ഇന്നു തീരുമാനം
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ സി.പി.എം നേതാക്കള്‍ക്കെതിരായ പാര്‍ട്ടി നടപടികള്‍ ഇന്നു നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. വീഴ്ചവരുത്തിയ ബ്രാഞ്ച്, ഏരിയാ കമ്മിറ്റിയുടെ കാര്യത്തിലും തീരുമാനമെടുക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും വിജയരാഘവന് പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനും വീഴ്ചപറ്റിയെന്ന വിമര്ശനമുയര്ന്നെന്നാണു വിവരം. ബാങ്കിലെ ക്രമക്കേടുകള്‍ ബേബി ജോണിനും മൊയ്തീനും അറിയാമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.
കരുവന്നൂര്‍ ബാങ്കില്‍ അഴിമതിയുണ്ടെന്ന സൂചന ആദ്യം പുറത്തുവന്നത് എ.സി മൊയ്തീന് തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുന്ന സമയത്താണ്. ലോക്കല്‍ കമ്മിറ്റിയംഗവും ബാങ്കിലെ ജീവനക്കാരനുമായ സുരേഷ് ജില്ലാ സെക്രട്ടറിക്കു കത്തുനല്‍കി. രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പരാതി അന്വേഷിച്ചെങ്കിലും റിപ്പോര്‍ട്ട് മുക്കി. മൊയ്തീന് മന്ത്രിയായിരുന്നപ്പോള്‍ വീണ്ടും പരാതി ഉയര്‍ന്നു. അന്നത്തെ പരാതിയില്‍ പറഞ്ഞ എം.കെ ബിജുവാണ് ഇപ്പോള്‍ മുന്നൂറുകോടിയോളം വരുന്ന തട്ടിപ്പിനു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."