കൊലക്കയറൊരുക്കിലോൺ ആപ്പുകൾ
സുനി അൽഹാദി
കൊച്ചി കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യചെയ്ത സംഭവത്തോടെയാണ് ലോൺ ആപ്പുകളുടെ കെണി വീണ്ടും ചർച്ചയാവുന്നത്. ഇതേ മാസം തന്നെയുണ്ടായ വയനാട്ടിലെ ഗൃഹനാഥൻ്റെ ആത്മഹത്യക്ക് പിന്നിലും പ്രവർത്തിച്ചത് ലോൺ ആപ്പുകൾ തന്നെ. കഴിഞ്ഞ മാസങ്ങളിലും സംസ്ഥാനത്ത് നിരവധി ആത്മഹത്യകൾ ഇത്തരത്തിൽ നടന്നു. ആത്മഹത്യ ചെയ്യാനും ത്രാണിയില്ലാത്ത വിധം കുടുങ്ങിക്കഴിയുന്നവർ നിരവധി. കേരളത്തിൽ സാധാരണക്കാരെയും വീട്ടമ്മമാരെയും മറ്റും 'ഉടൻ വായ്പാ' ആപ്പുകൾ വരിഞ്ഞു മുറുക്കുകയാണ്.
കൊവിഡിന് മുമ്പ് ഇത്തരത്തിൽ പിടിമുറുക്കിയിരുന്നത് വട്ടിപ്പലിശക്കാരായിരുന്നു. കുടുംബ ആത്മഹത്യകളിലേക്കും പലരെയും തള്ളി വിട്ടിരുന്നു. അത്തരം സംഭവങ്ങൾ വ്യാപകമായതോടെ 'ഓപറേഷൻ കുബേര' പോലുള്ള നടപടികളുമായി സംസ്ഥാന പൊലിസും രംഗത്തിറങ്ങിയിരുന്നു. എന്നാൽ, കൊവിഡ് കാലം കൊയ്ത്തായി മാറിയത് 'ഇൻസ്റ്റൻ്റ് ലോൺ ആപ്പു'കൾക്കാണ്. കൊവിഡ് അടച്ചുപൂട്ടലിനെ തുടർന്ന് വരുമാനം നിലച്ച നിത്യത്തൊഴിലുകാരെയും മറ്റും ലക്ഷ്യമിട്ട് ആയിരക്കണക്കിന് ഇൻസ്റ്റൻ്റ് ലോൺ ആപ്പുകളാണ് പൊട്ടിമുളച്ചത്.
വലവിരിക്കുന്നത്
സാമൂഹ്യമാധ്യമങ്ങൾ വഴി
വരുമാനം നിലയ്ക്കുകയും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതാവുകയും ചെയ്യുന്ന സാധാരണക്കാരുടെ മുമ്പിലേക്ക് രക്ഷകനെ പോലെയാണ് ഇൻസ്റ്റൻ്റ് ലോൺ ആപ്പുകൾ പ്രത്യക്ഷപ്പെടുന്നത്. കൊവിഡ് ലോക്ഡൗൺ കാലത്ത് ആളുകൾ കൂടുതലായി സാമൂഹ്യമാധ്യമങ്ങളിൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ ഇത്തരം ആപ്പുകൾ ഇരകൾക്കായി വലയൊരുക്കിയതും ഇതേ മാധ്യമങ്ങളിലൂടെ തന്നെ. ഫേസ്ബുക്കിലും യുട്യൂബിലുമെല്ലാം പ്രത്യേക ലിങ്കുകൾ നൽകിയാണ് അവർ വലവിരിച്ചത്.
'രേഖകളൊന്നും ആവശ്യമില്ല, ഉടൻ വായ്പ' എന്നതായിരുന്നു വാഗ്ദാനം. ഇത്തരം വാഗ്ദാനങ്ങൾക്കൊപ്പം നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ വായ്പാ സൈറ്റുകളിലേക്ക് പ്രവേശിക്കാം. സ്മാർട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ആപ് വഴി ആധാർ, പാൻ എന്നിവയടക്കമുള്ള തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എല്ലാം നൽകിയാൽ സെൽഫി വിഡിയോയും മറ്റും അയക്കുന്നതിനുള്ള നിർദേശം ഉടൻ വരും. ഒപ്പം, ചില അനുമതികൾ നൽകുന്നതിനുള്ള നിർദേശവും.
പെട്ടെന്ന് പണം കിട്ടുന്നതിനുള്ള ആവേശത്താൽ എന്തൊക്കെ അനുമതികളാണ് താൻ നൽകുന്നതെന്ന് എന്നൊന്നും മിക്കവരും ചിന്തിക്കാറുമില്ല. അവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, വായ്പ ആവശ്യപ്പെടുന്നയാളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, ലൊക്കേഷൻ, കാമറ, ഇമേജ് ഗ്യാലറി, വിവിധ ഫയലുകൾ, ടെക്സ്റ്റ് മെസേജ് എന്നിവയിൽ പ്രവേശിക്കുന്നതിനുള്ള അനുമതിയാണ് നൽകുന്നത്. നിമിഷങ്ങൾക്കകം ഇവ അജ്ഞാത കേന്ദ്രത്തിലെ സെർവറുകളിൽ സേവ് ചെയ്യപ്പെടും.
രേഖകൾ അപ്ലോഡ് ചെയ്ത്, ഫോട്ടോയും സെൽഫി വിഡിയോയും അയച്ചുകൊടുത്താൽ നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ടിലേക്ക് പണം വരും. പക്ഷേ, അനുവദിച്ച വായ്പയുടെ 30 ശതമാനം തുക വെരിഫിക്കേഷൻ ഫീസ്, പ്രോസസിങ് ചാർജ് തുടങ്ങിയ പേരുകളിൽ പിടിച്ചുവച്ച ശേഷം ബാക്കി തുകയാണ് അക്കൗണ്ടിലെത്തുക എന്നുമാത്രം. ഓൺലൈൻ ആപ് വഴി 10,000 രൂപ വായ്പയെടുത്താൽ 7,000 രൂപയാണ് അക്കൗണ്ടിലെത്തുക. മാത്രമല്ല 10,000 രൂപക്കും കൊള്ളപ്പലിശ നൽകേണ്ടിവരും.
തിരിച്ചടവ് കാലാവധി ഒരുമാസമെന്നൊക്കെ പറയുമെങ്കിലും തൊട്ടടുത്ത ആഴ്ച മുതൽതന്നെ പലിശയടച്ച് തുടങ്ങണമെന്ന് ഭീഷണിപ്പെടുത്തുന്ന കോളുകൾ വന്ന് തുടങ്ങുമെന്ന് ഓൺലൈൻ വായ്പാ കെണിയിൽ പെട്ട എ റണാകുളം സ്വദേശി വിശദീകരിക്കുന്നു. 40,000 രൂപ വായ്പയെടുത്ത ഇയാൾക്ക് കിട്ടിയത് 28,000 രൂപ. ഒരു വർഷത്തിനിടെ ഒരുലക്ഷത്തിലധികം രൂപ പലിശയായി അടച്ചിട്ടും വായ്പ ഇപ്പോഴും അതേപടി ബാക്കി.
ഇനി, തിരിച്ചടവ് തീയതിയുടെ തലേദിവസം തന്നെ സ്വന്തം ഫോണിലെ കോൺടാക്ട് ലിസ്റ്റ് വാട്‌സാപ്പ് ചെയ്ത് നൽകിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ ഇവർക്കൊക്കെ സന്ദേശങ്ങൾ പോകുമെന്ന ഭീഷണിയുമുണ്ട്. തിരിച്ചടവ് മുടങ്ങി ദിവസങ്ങൾക്കകം വായ്പയെടുത്തയാളുടെ മുഖം അശ്ലീല ഫോട്ടോകളിൽ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും. എറണാകുളത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ മരണശേഷവും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ലഭിച്ചിരുന്നു.
ചതിക്കുഴിയല്ല, ചതിവല!
ഓൺലൈൻ വായ്പാ ആപ്പുകളിൽ കുടുങ്ങുന്നവർ ചതിക്കുഴിയിൽ വീണു എന്നല്ല വിശദീകരിക്കേണ്ടത്. അവർ തട്ടിപ്പിൻ്റെ തീർത്തും വലയിൽ കുരുങ്ങി എന്നാണ് മനസിലാക്കേണ്ടത്. കോട്ടയത്തെ ഗൃഹനാഥനുണ്ടായ അനുഭവം വ്യക്തമാക്കുന്നത് ഇതാണ്; ഓൺലൈൻ വായ്പാ ആപ്പിൽനിന്ന് ഇദ്ദേഹം 9,000 രൂപ വായ്പയെടുത്തു. കിട്ടിയത് 6,000 രൂപ. ഒരുമാസത്തിനുശേഷം തിരിച്ചടവ് മുടങ്ങിയപ്പോൾ ഭീഷണിയായി.
ഒടുവിൽ, ഇതേ 'അജ്ഞാതൻ' തന്നെ പോംവഴി നിർദേശിച്ചു; അവർ പറയുന്ന മറ്റൊരു ലോൺ ആപ്പിൽ നിന്ന് വായ്പയെടുക്കുക. 12,000 രൂപയാണ് പ്രസ്തുത ആപ്പിൽ നിന്നെടുത്തത്. ഇതിനും കൊടുത്തു 3,500 രൂപ പ്രോസസിങ് ഫീസ്. ബാക്കി തുക കൊണ്ട് ആദ്യത്തെ ആപ്പിലെ വായ്പ അടച്ചുതീർത്തപ്പോഴാണ് അടുത്ത കുരുക്ക്. തിരിച്ചടവ് മുടങ്ങിയതിന് പലിശ കൂടാതെ, 3,000 രൂപ ലേറ്റ് ഫീ വേണമെന്ന്.
രണ്ടാമത്തെ ആപ്പിലെ തിരിച്ചടവ് മുടങ്ങിയതോടെ ഇതേ ടീം തന്നെ, മറ്റൊരു ആപ് നിർദേശിക്കുകയായിരുന്നു. ഇങ്ങനെ ചങ്ങലക്കണ്ണിപോലെ ആപ്പുകളുടെ ആപ്പിൽ ഞെരുങ്ങിയ ഇദ്ദേഹത്തിൻ്റെ അവസ്ഥ കണ്ട് ചില സുഹൃത്തുക്കളാണ് രക്ഷകരായെത്തിയത്. അതേസയം, ഭർത്താവറിയാതെ വായ്പയെടുക്കുന്ന വീട്ടമ്മമാരും മറ്റും ഇവരുടെ ഭീഷണിക്ക് വഴങ്ങി പത്തും പതിനഞ്ചും വായ്പാ ആപ്പുകളുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
മുളച്ചുപൊന്തുന്നു; അപ്രത്യക്ഷമാവുന്നു
കൊവിഡ് കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട വായ്പാ ആപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് റിസർവ് ബാങ്കും മറ്റും മുന്നറിയിപ്പ് നൽകിയിരുന്നു. 2022ൽ ഇത്തരത്തിലുള്ള 3,500 വായ്പാ ആപ്പുകളാണ് ഇന്ത്യയിലെ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തത്. 2022 ജനുവരി മുതൽ ജൂലൈ വരെയുള്ള ഏഴുമാസ കാലയളവിൽ മാത്രം 2,000 വ്യക്തിഗത വായ്പാ ആപ്പുകൾ നീക്കം ചെയ്തതായാണ് ഗൂഗിൾ ഏഷ്യാപസഫിക് ട്രസ്റ്റ് സേഫ്റ്റി സീനിയർ ഡയരക്ടർ സൈകത് മിത്ര വിശദീകരിക്കുന്നത്.
വായ്പയുടെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നതായി ശ്രദ്ധയിൽപെട്ട ആപ്പുകൾക്ക് എതിരേയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സംശയാസ്പദമായ 128 ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ ആറുമാസം മുമ്പുതന്നെ ആപ്പിൾ സ്റ്റോർ, പ്ലേ സ്റ്റോർ എന്നീ സോഷ്യൽമീഡിയാ പ്ലാറ്റ് ഫോമുകൾക്ക് നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങളും ഈയിടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഭീഷണിപ്പെടുത്തിയെന്ന പേരിൽ ഇത്തരം ആപ്പുകൾക്കെതിരേ നിയമ നടപടിയുമായി പോകുന്നതിന് തടസങ്ങൾ ഏറെയാണ്. ഓൺലൈൻ സൈറ്റിലെ ലിങ്കിനപ്പുറം ഇവരുടെ മറ്റ് വിവരങ്ങളൊന്നും വായ്പയെടുത്തവർക്കും അറിയില്ല. മാത്രമല്ല, കുറച്ചുകാലം പ്രവർത്തിച്ച ശേഷം ഇത്തരം സൈറ്റുകളും ആപ്പുകളും അപ്രത്യക്ഷമാവുക പതിവാണ്. പിന്നീട് ഇതേ ടീം തന്നെ പുതിയ പേരിൽ പുതിയ ഇരകളെ കണ്ടെത്തുകയും ചെയ്യും.
Content Highlights:Today's Article About Loan App
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."