ഉന്നം തെറ്റി ഇന്ത്യ
ടോക്കിയോ: രാജ്യം ഏറെ മെഡല്‍ പ്രതീക്ഷിച്ച ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക് ഉന്നം തെറ്റുന്നു. രണ്ടാം ദിനത്തിലെ സമാന പ്രകടനം ഇന്നലെയും തുടര്‍ന്നതോടെ ഷൂട്ടിങ് റേഞ്ചില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ കാത്തിരിപ്പ് നീളുന്നു. ഇന്നലെ ഇന്ത്യ മത്സരിച്ച വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങളിലൊരാള്‍ക്ക് പോലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷകളായ മനു ഭാക്കറും യശസ്വിനി സിങ് ദേസ്വാളും യോഗ്യതയില്ലാതെ പുറത്തായി. മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായതാണ് ഭാക്കറിന് തിരിച്ചടിയായത്. യോഗ്യതാ റൗണ്ടില്‍ മനു ഭാക്കര്‍ 12ാം സ്ഥാനത്തും (575 പോയിന്റ്)യശസ്വിനി 13ാം സ്ഥാനത്തുമെത്തി (574). ഈ ഇനത്തില്‍ ഒളിംപിക് പതാകക്കു കീഴില്‍ മത്സരിച്ച വിറ്റാലിന ബറ്റ്സറാഷ്കിന സ്വര്‍ണം നേടി. ബള്‍ഗേറിയയുടെ അന്റോനെറ്റ കൊസ്റ്റഡിനോവ വെള്ളിയും ചൈനയുടെ ജിയാങ് റാങ്സിന് വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 587 പോയിന്റുമായി ഒളിംപിക് റെക്കോര്‍ഡിട്ട റാങ്സിന് ആ പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാനായില്ല.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും നിരാശയായിരുന്നു ഫലം. യോഗ്യതാ റൗണ്ടില്‍ മത്സരിച്ച ദിവ്യാന്‍ഷ് സിങ് പന്‍വാറിനും ദീപക് കുമാറിന് ഫൈനലിലേക്ക് മുന്നേറാനായില്ല. 624.7 പോയിന്റുമായി ദീപക് കുമാര്‍ 26ാം സ്ഥാനത്തും 622.8 പോയിന്റുമായി ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ 32ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."