ഗുജറാത്ത് ഉറങ്ങാത്ത രാത്രി
ഏത് നാട്ടില്‍ ചെന്നാലും അവിടുത്തെ സംസ്‌കാരം, ജീവിതരീതി എന്നിവ അടുത്തറിയുക എന്നത് പ്രധാനമാണ്. അതിനാല്‍ ഇവിടെ എത്തിയത് മുതല്‍ ജീവിത രീതി, സംസ്‌കാരം എന്നിവയെ അറിയാന്‍ ശ്രമം നടത്തിയിരുന്നു. അതിനിടെയാണ് ഗുജറാത്ത് ഗര്‍ഭയെ കുറിച്ച് അറിയുന്നത്. നവരാത്രിയോടനുബന്ധിച്ച് അവസാന ദിനം നടക്കുന്ന പരിപാടിയാണ് ഗര്‍ഭ. രാത്രി 10 മുതല്‍ പുലരുവോളമാണ് ഗര്‍ഭയുടെ സമയം. ഗര്‍ഭയെന്നാല്‍ ഒരു തരം ഡാന്‍സാണ്. വൃത്താകൃതിയുള്ള സ്ഥലത്തായിരിക്കും ഗര്‍ഭ ഡാന്‍സ് ഉണ്ടാവുക. എല്ലാവരും വൃത്താകൃതിയില്‍ ഇരുന്ന് കേരളത്തിലെ തിരുവാതിര പോലെ ഒരുമിച്ച് കൈകൊട്ടി പ്രത്യേക താളത്തില്‍ നീങ്ങുന്നതാണ് ഗര്‍ഭ. ഇന്നലെ ഗര്‍ഭ ഉണ്ടാകുമെന്നറിഞ്ഞ് അടുത്തുള്ള ഒരു ഗ്രാമത്തില്‍ പോയി. ഗ്രാമ പരിപാടി കാണാൻ ടിക്കറ്റ് ആവശ്യമില്ല. മിക്കയിടത്തും 500 മുതല്‍ 1000 രൂപ വരെ ടിക്കറ്റ് വെച്ചായിരിക്കും അരങ്ങേറുക. ഗര്‍ഭയില്‍ പ്രഗത്ഭരായ പാട്ടുകാരുടെ സംഗീത വിരുന്നും മറ്റും ഉണ്ടാകും. ടിക്കറ്റ് വെച്ചുള്ള ഗര്‍ഭയില്‍ സമ്പന്നരുടെ സാന്നിധ്യം മാത്രമേ ഉണ്ടാകൂ.
ഗാന്ധിനഗറിനും അഹമ്മദാബാദിനും ഇടയിലുള്ളൊരു സുഗാദ് ഗ്രാമം. സമയം രാത്രി 10 കഴിഞ്ഞിട്ടുണ്ട്. ചെറിയൊരു കവാടം കടന്ന് വേണം ഗ്രാമത്തിലെത്താന്‍. വഴിക്കിരുവശത്തും ചെറിയ ഇരുനില വീടുകള്‍. രണ്ട് വീതം കുടുംബങ്ങളാണ് അതില്‍ താമസിക്കുന്നത്. വഴിയരികില്‍ ചെറിയ പെട്ടിക്കട. അതിനടുത്തായി പാര്‍ക്കിലും മറ്റും കാണുന്ന ചാരു കസേരകള്‍. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ ചെറിയൊരു നടുമുറ്റം. അതിന് ചുറ്റും വീടുകള്‍. ഒരുഭാഗത്ത് ചെറിയൊരു അമ്പലം. അത് അലങ്കരിച്ചിരിക്കുന്നു. മധ്യവർഗ കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. ഗ്രാമത്തില്‍ രാത്രി അപരിചിതരെ കണ്ടതിനാല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ടതോടെ പതിയെ മടങ്ങി. എല്ലാ വീടും അലങ്കാര ലൈറ്റുകള്‍ വെച്ച് അലങ്കരിച്ചിട്ടുണ്ട്. മറ്റൊരു സ്ഥലത്ത് ഗര്‍ഭ നടക്കുന്നത് കേട്ടു അങ്ങോട്ട് പോയി. അവിടെ സമ്പന്നര്‍ മാത്രം. എല്ലാ ആണുങ്ങളുടെയും വേഷം കുര്‍ത്തയും പാന്റ്‌സും. സ്ത്രീകള്‍ മേക്കപ്പെല്ലാം ചെയത് വര്‍ണാഭമായ വസ്ത്രം ധരിച്ചാണ് എത്തിയിരിക്കുന്നത്. പെരുന്നാള്‍ നിസ്‌കാരത്തിനും മറ്റും പോകുന്നത് പോലെ ഏറ്റവും പുതിയ വസ്ത്രം ധരിച്ചാണ് എല്ലാവരും എത്തിയത്. അവിടെ 501 രൂപയാണ് ടിക്കറ്റ്. എല്ലാവരും എത്തിയത് കുടുംബ സമേതം. ആദ്യം വലിയ പാട്ടുകാരുടെ നേതൃത്വത്തിലുള്ള ഗാനമേള. പിന്നീട് എല്ലാവരും ഗര്‍ഭ ഡാന്‍സ് കളിച്ചു. പുലരുവോളം ഗര്‍ഭയും വിവിധ പരിപാടികളുമുണ്ടാകും. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു.
രാവിലെ ഏകദേശം 6.15 ആയിക്കാണും. തൊട്ടടുത്തുള്ള ചായക്കടയില്‍ പോയതാണ്. ഗര്‍ഭ കഴിഞ്ഞ് ചായ കുടിക്കാന്‍ വന്നതാണ്. ചായക്കടയിലെ ചായ നല്‍കുന്നയാള്‍ സര്‍വാഭരണ വിഭൂഷിതനാണ്. കഴുത്തില്‍ ആറിലധികം മാലകള്‍. കയ്യില്‍ കട്ടിയുള്ള വള. സ്വര്‍ണമാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് മറുപടി. മതപരമായ ചടങ്ങുകളുണ്ടാകുന്ന സമയത്ത് റബാരീസ്, താക്കൂര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട ആളുകളാണ് ഇത്തരത്തില്‍ ആഭരണങ്ങള്‍ ധരിക്കുന്നത്. ഗര്‍ഭ ആയത് കൊണ്ടാണ് സ്വര്‍ണം ധരിച്ചതെന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."