അന്‍സാര്‍ ഷെയ്ക്കിന്റെ കഥ
മഹാരാഷ്ട്രയില്‍ മറാത്‌വാഡ പ്രദേശത്തെ ഗ്രാമത്തില്‍ പാവപ്പെട്ട ഒരു കുടുംബം. വാടകവീട്ടിലാണ് താമസം. ഗൃഹനാഥന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അതില്‍നിന്ന് കിട്ടുന്ന വരുമാനം എല്ലാറ്റിനും തികയാത്തതുകൊണ്ട് ഭാര്യ കൂടി കൃഷിയിടങ്ങളില്‍ ജോലി ചെയ്താണ് ജീവിതം കഷ്ടിച്ചു മുന്നേറുന്നത്.
ആ വീട്ടിലാണ് അന്‍സാര്‍ ഷെയ്ക്ക് എന്ന കുട്ടി പിറന്നത്. കുടുംബത്തില്‍ ആരും വിദ്യാഭ്യാസത്തിന് അത്ര പ്രാധാന്യം നല്‍കുന്നവരൊന്നും ആയിരുന്നില്ല. നാട്ടിലും ഏതാണ്ടങ്ങിനെയൊക്കെത്തന്നെ.
സ്ഥലത്തെ സ്‌കൂളില്‍ അവനെ ചേര്‍ത്തു.
മീഡിയം ഏതെന്നൊന്നും ചോദിക്കേണ്ടതില്ല. മാതൃഭാഷയായ മറാത്തി തന്നെ!
ആ വീട്ടിലെ ദാരിദ്ര്യത്തിലിരുന്ന്, മാതൃഭാഷയില്‍ നാടന്‍ സ്‌കൂളില്‍ പഠിച്ചു വളര്‍ന്ന ആ പയ്യന് 21 വയസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസുകാരന്‍ എന്ന അതുല്യ ബഹുമതി ഒരു നാള്‍ ആ ചെറിയ വാടകവീട്ടിലേക്ക് കടന്നുചെന്നു!!
മാധ്യമപ്രവര്‍ത്തകര്‍ വീടു തേടിച്ചെന്നു. മകന്റെ അത്യുജ്ജ്വല വിജയത്തിന്റെ തിളക്കമുണ്ടായിരുന്നു അവന്റെ മാതാപിതാക്കളുടെ മുഖങ്ങളില്‍. പക്ഷെ അവ ശരിക്കു കാണാന്‍ പോലുമുള്ള വെളിച്ചം ആ ഇടുങ്ങിയ വീട്ടിനകത്തുണ്ടായിരുന്നില്ല. അന്‍സാറിന്റെ അനിയന്‍ അടുത്തെങ്ങോ ചെന്ന് ഒരു സി.എഫ്.എല്‍ വിളക്ക് സംഘടിപ്പിച്ചുകൊണ്ടുവന്നു. കുടിലില്‍ പ്രകാശമെത്തി. ഓട്ടോഡ്രൈവറായ പിതാവിന്റെയും വയലില്‍ തൊഴിലെടുത്ത് മകനെ പോറ്റിയ മാതാവിന്റെയും മുഖത്തെ പ്രകാശം കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.
അന്‍സാര്‍ പ്ലസ് ടുവിന് തെരഞ്ഞെടുത്ത വിഷയം ഹ്യൂമാനിറ്റീസ്!!
(ഓ, ഈ ഹ്യൂമാനിറ്റീസൊക്കെ പഠിച്ചിട്ട് എന്തുകാര്യം? എന്ന് ചിലര്‍ ഇവിടെ ഇപ്പോഴും പിറുപിറുക്കുന്നത് നാം കാണുന്നുണ്ടല്ലോ). സംസ്‌കൃതത്തിന് നൂറില്‍ നൂറ് മാര്‍ക്കുണ്ടായിരുന്നു എന്നതും മറ്റൊരു കൗതുകം.
പൂനയിലെ ഫര്‍ഗൂസന്‍ കോളജില്‍ നിന്നായിരുന്നു ബിരുദം. വിഷയം പൊളിറ്റിക്കല്‍ സയന്‍സ്.
തുടര്‍ച്ചയായി ഒന്നിലേറെ ദിവസങ്ങളില്‍ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട് ആ കുട്ടിക്ക്. ഉപവസിച്ചതൊന്നുമല്ല, പണമില്ലാഞ്ഞിട്ടുതന്നെ!!
ഇതിനെല്ലാമിടയില്‍ ഐ.എ.എസ് എന്ന വലിയ മോഹം മനസില്‍ മുളപൊട്ടിയതെങ്ങനെ?
പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഒരു അധ്യാപകനാണ് കുട്ടിയിലെ പ്രതിഭ തിരിച്ചറിഞ്ഞ് പ്രേരണ നല്‍കിയതും പ്രോല്‍സാഹിപ്പിച്ചതും. ക്ലാസിലെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിലപ്പുറം കുട്ടികളെ നിരീക്ഷിക്കാനും കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനും അധ്യാപകര്‍ മനസുവച്ചാല്‍ എത്ര അത്ഭുതങ്ങളാണ് സൃഷ്ടിക്കാന്‍ കഴിയുക എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം!
ആ മോഹം അവന്റെ സ്വപ്നമായി. ദൃഢനിശ്ചയമായി. ഉറച്ച ലക്ഷ്യമായി.
പഠനച്ചെലവോ? അത് വലിയ പ്രശ്‌നം തന്നെയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് യു.പി.എസ്.സിയുടെ സിവില്‍ സര്‍വിസ് പരീക്ഷ. അനേകം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിലെ വിജയം ലക്ഷ്യമാക്കി പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നു. മല്‍സരം അതികഠിനമാണ്.
അപ്പോള്‍ കേവലം സ്വപ്നം കാണുന്നതുകൊണ്ടുമാത്രം കാര്യമില്ല, യാഥാര്‍ഥ്യം ശരിക്കും കാണേണ്ടതുണ്ട് എന്നര്‍ഥം. ഐ.എ.എസ് ലക്ഷ്യമാക്കിയുള്ള ആ ചെറുപ്പക്കാരന്റെ പഠനത്തിന് ദിവസവും പന്ത്രണ്ടു മണിക്കൂര്‍വരെ ദൈര്‍ഘ്യമുണ്ടായിരുന്നു!!
കുടുംബവും ഗ്രാമവുമൊന്നും പൊതുവെ പഠനത്തിന് അധികം പ്രാധാന്യം നല്‍കാത്തവരായിരുന്നുവെങ്കിലും അന്‍സാറിന് എല്ലാം പഠനം മാത്രമായിരുന്നു. കടുത്ത ജീവിതസാഹചര്യങ്ങള്‍ക്കിടയിലും പത്താം ക്ലാസില്‍ 91 ശതമാനം മാര്‍ക്ക് അന്‍സാര്‍ ഷെയ്ക്ക് നേടിയിരുന്നു.
പൗലോ കൊയ്‌ലോ എന്ന മഹാസാഹിത്യകാരന്‍ ആല്‍ക്കമിസ്റ്റ് എന്ന ലോകപ്രശസ്ത നോവലില്‍ പറയുന്നുണ്ട്;
'നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് സാക്ഷാത്കരിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചനയിലേര്‍പ്പെടും!!
അതെ, തീവ്രമായി അഭിലഷിക്കുകയും അതിനായി അതിതീവ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അന്‍സാറിനെ സഹായിക്കാന്‍ വളരെ പേരുണ്ടായി. സൂഹൃത്തുക്കള്‍ ഒരുപാട് പിന്തുണ നല്‍കി; മാനസികമായും സാമ്പത്തികമായും.
അവസ്ഥ മനസിലാക്കിയ കോച്ചിങ് സെന്ററുകാര്‍ കഴിയാവുന്ന ഇളവുകള്‍ നല്‍കി. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയിരുന്ന സ്വന്തം അനിയന്‍ പലചരക്കുകടയില്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനവും തുണയായി!!
അന്‍സാറിനെ കോച്ചിങ് സെന്ററില്‍ പഠിപ്പിച്ച ഒരു അധ്യാപകനും ആ വര്‍ഷം ഐ.എ.എസ് കരസ്ഥമാക്കിയെന്നതും കൗതുകം!! മുപ്പത് വയസുണ്ടായിരുന്നു ആ അധ്യാപകന്.കഠിനാധ്വാനികളായ സമാന തല്‍പ്പരരുടെ സഹവാസം ഏറെ പ്രയോജനം ചെയ്യുമെന്ന പാഠവും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക.
അന്‍സാര്‍ ഷെയ്ക്ക് പറയുന്നു.
മൂന്ന് വിധത്തിലും ഞാന്‍ പാര്‍ശ്വവര്‍ക്കരിക്കപ്പെട്ടവനായിരുന്നു;
ഒന്ന് - പിന്നോക്കപ്രദേശത്തുകാരന്‍.
രണ്ട് - വീട്ടിലെ ദയനീയമായ സാമ്പത്തികസ്ഥിതി.
മൂന്ന് - ന്യൂനപക്ഷ സമുദായക്കാരന്‍.
പക്ഷെ, പരാധീനതകള്‍ ഒഴിവുകഴിവായി പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം കഠിനാധ്വാനം ചെയ്യുകയായിരുന്നു അന്‍സാര്‍ ഷെയ്ക്ക്.പിന്നോക്കാവസ്ഥ മാച്ചുകളയാനുള്ള ഏറ്റവും സുന്ദരമായ വഴി അതുതന്നെ.
ഞാന്‍ ഭാഗ്യത്തില്‍ വിശ്വസിക്കുന്നു. എത്ര കഠിനമായി അധ്വാനിക്കുന്നുവോ, അത്രയും ഭാഗ്യം എന്നെ തേടിയെത്താറുണ്ട് എന്നുകൃത്യമായി പറഞ്ഞുവെയ്ക്കുന്നു അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് തോമസ് ജെഫേഴ്‌സന്‍.
'I'm a great believer in luck, and I find the harder I work, the more I have of it'.
Thomas Jefferson.
അതെ, ഭാഗ്യം നമുക്കും തേടാം!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."