വള്ളുവനാട്ടിലെ ഇരുമ്പയിര് ഖനനവുംകോടതിയിലെ മുന്‍ഷി നിയമനവും
പുസ്തകപ്പാത
വി. മുസഫര്‍ അഹമ്മദ്
വള്ളുവനാട്ടില്‍ ഇരുമ്പയിര്‍ ഖനനം നടന്നിരുന്നു, അല്ലെങ്കില്‍ ഖനനത്തിനായുള്ള നിയമ നിര്‍മാണം നടന്നിരുന്നു. ഒരു പക്ഷെ ഇന്ന് വള്ളുവനാട്ടില്‍ ജീവിക്കുന്നവരില്‍ പലരും ഇതൊരു കെട്ടുകഥയായി മാത്രമേ ഇന്ന് കാണുകയുള്ളൂ. ഇരുമ്പുഴി, കരുവാരക്കുണ്ട് തുടങ്ങിയ സ്ഥല നാമങ്ങളും പല മലകളിലുമുള്ള അയിര്‍ മടകളും ഇരുമ്പയിരിന്റെ സാന്നിധ്യത്തിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. 'ചരിത്രരശ്മികള്‍ കൊല്ലവര്‍ഷം 676-കൊല്ല വര്‍ഷം1114' എന്ന പുസ്തകം (പ്രസാധനം: കേരള സംസ്ഥാന ആര്‍ക്കൈവ്‌സ്) ഇത്തരത്തിലുള്ള നിരവധിയായ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ആര്‍ക്കൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള അപൂര്‍വ്വങ്ങളായ രേഖാശേഖരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ചരിത്ര രേഖകളുടെ കലവറയാണ് ഈ പുസ്തകമെന്നാണ് പ്രസാധകരുടെ അവകാശവാദം. അതിനാല്‍ തന്നെ ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതു വായനക്കാര്‍ക്കും ഒരേ പോലെ ഉപകാര പ്രദവുമാണ് ഈ കൃതി. 16-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടു വരെയുള്ള 89 ചരിത്ര രേഖകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.
ഇനി വള്ളുവനാട്ടിലെ ഇരുമ്പയിര് ഖനനത്തിലേക്ക് വരാം. വള്ളുവക്കോനാതിരിക്ക് കൊല്ലവര്‍ഷം 967 കര്‍ക്കിട മാസത്തില്‍ (ജൂലൈ 30-1792) രാജ്യാധികാരം നഷ്ടപ്പെടുന്നു. അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതാകുന്നു. അതു വരേക്കും വള്ളുവക്കോനാതിരി തന്റെ കൈവശമുള്ള ഭൂമിയില്‍, പ്രത്യേകിച്ചും മലകളില്‍ നിന്നും ഇരുമ്പയിര് ഖനനത്തിന് ചുങ്കം വാങ്ങി തദ്ദേശീയര്‍ക്ക് അനുമതി നല്‍കിയിരുന്നു. മേല്‍പറഞ്ഞ ഉടമ്പടിയോടെ അതില്ലാതാവുകയും ഖനനത്തിനുള്ള അവകാശം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതവുകയുമാണ്. ഉടമ്പടിയില്‍ പറയുന്നത് ഇങ്ങിനെയാണ്: കാര്യവട്ടം അംശത്തില്‍ ചെമ്മാണിയോട് ദേശത്തെ അഴിക്കരെ കുന്നിലും വേങ്ങൂര് ദേശത്തെ നെല്ലിക്കുന്നുമ്മലും നെന്‍മിനി അംശത്തില്‍ പുനംകാനം ദേശത്തെ-ചെറിയ പറമ്പ കുന്നുമ്മലും പഴങ്ങാട് ദേശത്തെ പഴങ്ങോട് കുന്നുംമലും വലമ്പൂര് അംശം ദേശത്ത് പടുവ കുന്നുമ്മലും അരക്കുറിശ്ശിയില്‍ കൊളപ്പാത്തെ കുന്നുമ്മലും തച്ചംപാറ അംശം ദേശത്ത് പൊടിണ്ണി കുന്നുമ്മലും പാണ്ടിക്കാട് അംശത്തില്‍ തെയ്യംപാടി കുന്നുമ്മലും ഉള്ള അയിര് കൊല്ലം ഒരു ഉറുപ്പിക ജന്‍മ അവകാശം വാങ്ങി നിങ്ങള്‍ക്ക് തരുന്നു: ഈസ്റ്റ് ഇന്ത്യ കമ്പനി വള്ളുവനാട്ടിലെ ഇരുമ്പയിര് ഖനനം സ്വന്തമാക്കിയ സന്ദര്‍ഭം ഈ ഉടമ്പടിയില്‍ സുതാര്യമായി തെളിഞ്ഞു കിടക്കുന്നു.
മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും മുന്‍കാലങ്ങളില്‍ ഇരുമ്പയിര് ഖനനം നടന്നതിനെക്കുറിച്ച് വി.എച്ച്.ദിരാര്‍ ഗവേഷണം നടത്തുകയും ' ഊത്താല' എന്ന പുസ്തകത്തില്‍ വിശദമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആ പഠനത്തിലും കോളനി ശക്തികള്‍ എങ്ങിനെയാണ് പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കിയതെന്ന് ഇത്തരത്തിലുള്ള രേഖകളെ ഉദ്ധരിച്ചു പറയുന്നില്ല. അതു കൊണ്ടാണ് ഇന്ന് മലബാര്‍/കേരള ചരിത്രം പഠിക്കുന്നവര്‍ക്ക് 'ചരിത്രരശ്മികള്‍' ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നു പറയുന്നത്. ഒരു നാട്ടുരാജ്യത്തിന്റെ പതനം, ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശം എന്നീ കാര്യങ്ങളിലേക്ക് ഈ ഉടമ്പടി രേഖ കൃത്യമായ വെളിച്ചം വീശുന്നു. ഇത്തരം രേഖകളില്‍ നിന്നും കേരള ചരിത്രത്തെ തന്നെ മറ്റൊരു കാഴ്ച്ചപ്പാടില്‍ നിന്ന് വായിക്കാനും പഠിക്കാനും മനസ്സിലാക്കാനും കഴിയുമെന്നതാണ് വസ്തുത.
1881ല്‍ (കൊല്ലവര്‍ഷം 1057) കൊച്ചി മഹാരാജാവ് ലോഹങ്ങള്‍ കുഴിച്ചെടുക്കുന്നത് സംബന്ധിച്ചിറക്കിയ ഉത്തരവും പുസ്തകത്തിലുണ്ട്. അതിങ്ങിനെ: നമ്മുടെ രാജ്യത്തെ ഭൂമികളില്‍ നിന്നും ലോഹങ്ങള്‍ കുഴിച്ചെടുപ്പാനുള്ള അവകാശങ്ങളെ സംബന്ധിച്ച സംശയം ജനിച്ചിരിക്ക കൊണ്ട ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍.
1. നമ്മുടെ ഗവണ്‍മെന്റില്‍ നിന്നും നേരിട്ട പാട്ടമായിട്ടോ മറ്റോ അനുഭവിച്ചു വരുന്നവരുടേയോ ഭൂമികളില്‍ മണ്ണിന്ന് കീഴിലുള്ള ലോഹങ്ങളോ അയിരുകളോ മറ്റു വിലപിടിച്ച സാധനങ്ങളോ എല്ലാം നമുക്കുള്ള രാജാവകാശങ്ങളാണെന്നും നമ്മുടെ രാജ്യത്തെ വസ്തുതകളെപ്പറ്റി ഇതുവരേക്കും ഉണ്ടായിട്ടുള്ളതോ ഇനി മേലാല്‍ ഉണ്ടാവാന്‍ പോകുന്നതോ ആയ സകല അന്യാധീനപ്പെടുത്തലും കൈവശ മാറ്റങ്ങളും നമ്മുടെ ഗവണ്‍മെന്റിന്റെ മേല്‍പ്പറഞ്ഞ അവകാശങ്ങള്‍ക്കു അനുസരിച്ചാണെന്നും വിചാരിച്ച വന്നിട്ടുള്ളതും വിചാരിക്കപ്പെടുന്നതും ആകുന്നു.
2. ഉപയോഗമുള്ള ഏതെങ്കിലും ലോഹങ്ങളോ അയിരുകളോ കണ്ടു പിടിക്കുന്നതായാല്‍ ആ വിവരം നമ്മുടെ ഗവണ്‍മെന്റിന്റെ അറിവിക്കേണ്ടതും കണ്ടുപിടിക്കുന്നവനോ ഭൂമിയുടെ ഉടമസ്ഥനോ നമ്മുടെ ഗവണ്‍മെന്റിനുണ്ടാകുന്ന കല്‍പ്പനയെ അനുസരിക്കേണ്ടതും ആകുന്നു.
3. സുവര്‍ണ്ണമോ (സ്വര്‍ണ്ണം) മറ്റു വിലപിടിച്ച ലോഹങ്ങളോ അയിരുകളോ കുഴിച്ചെടുക്കേണ്ടതിലേക്കു അനുവാദത്തിനായി നമ്മുടെ ദിവാന്റെ അടുക്കല്‍ ബോധിപ്പിക്കേണ്ടതും ഇതു സംബന്ധമായി മേലാല്‍ പ്രസിദ്ധപ്പെടുത്തുന്ന നിയമങ്ങളെ അനുസരിച്ച ദിവാന്‍ ആ വക അപേക്ഷകളെ തീര്‍ച്ചപ്പെടുത്തുന്നതും ആകുന്നു. വള്ളുവനാട്ടിലേയും കൊച്ചിയിലേയും അധികാര വ്യവസ്ഥയുടെ മാറ്റം തിരിച്ചറിയാന്‍ ഈ രണ്ടു ഉടമ്പടികള്‍/ഉത്തരവുകള്‍ നമ്മെ സഹായിക്കുന്നു.
അക്കാലത്തെ കോടതികളില്‍ 'മുന്‍ഷിമാര്‍' നിയമിക്കപ്പെട്ടത് എങ്ങിനെ? കോടതികളില്‍ മുന്‍ഷിമാരോ എന്നൊരു സംശയം സാമാന്യമായി ഉയരാം. പുസ്തകം അതിനുള്ള മറുപടി കൃത്യമായി നല്‍കുന്നു. മുസ്‌ലിം സമുദായത്തിന് പ്രത്യേക പരിഗണന (കൊല്ലവര്‍ഷം 1014-1839 സെപ്തംബര്‍20ന് എറണാകുളത്ത് നിന്നും പുറപ്പെടുവിപ്പിച്ച തിട്ടൂരം) എന്ന ശീര്‍ഷകത്തിലുള്ള ഉത്തരവിലെ കാര്യം ഇങ്ങിനെ ചുരുക്കിപ്പറയാം: മുസല്‍മാന്‍മാര്‍ നീതിന്യായക്കോടതികളില്‍ ബോധിപ്പിച്ചിരുന്ന അന്യായങ്ങളില്‍ വിധി പ്രസ്താവിക്കുന്നതിന് കൊച്ചി സംസ്ഥാനത്തെ ജഡ്ജിമാര്‍ക്ക് പണ്ടു ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നതായി രേഖകള്‍ തെളിയിക്കുന്നു. മുസ്‌ലിം ജാതി മര്യാദക്രമങ്ങള്‍ അവര്‍ക്ക് വേണ്ടത്ര നിശ്ചയമില്ലാതിരുന്നതാണ് അതിനു കാരണം. ഈ പ്രയാസം ഒഴിവാക്കുന്നതിന് മുസ്‌ലിം ജാതിമര്യാദ ക്രമങ്ങള്‍ വശമുള്ള ഒരു ഉദ്യോഗസ്ഥനെ ' മുന്‍ഷി' എന്ന പേരില്‍ കോടതിയില്‍ നിയമിക്കുകയുണ്ടായി. ഇങ്ങിനെ നിയമിക്കുന്ന മുന്‍ഷിക്ക് 1.70 രൂപയാണ് ശമ്പളം എന്നും ഉത്തരവില്‍ പറയുന്നു.
മറ്റൊരു ഉത്തരവ് അക്കാലത്തെ നീതി സങ്കല്‍പ്പത്തിലെ ഭീകരതയിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്നു. കൊങ്കിണികള്‍ എന്നറിയപ്പെടുന്ന സാരസ്വത ബ്രാഹ്‌മണര്‍ക്ക് കള്ളനെ കൊല്ലാന്‍ അനുവാദം നല്‍കുന്നതാണ് ഈ ഉത്തരവ്. ആള്‍ക്കൂട്ടക്കൊലക്ക് കൊച്ചി രാജാവ് നല്‍കുന്ന അനുമതിയാണ് ഈ ഉത്തരവ്. കൊല്ലവര്‍ഷം 818ല്‍ (1643ല്‍) ആണ് ഈ ഉത്തരവ് ഇറങ്ങുന്നത്. ഇങ്ങിനെ കൊങ്കിണികള്‍ കള്ളന്‍മാരെ കൊന്നാല്‍ ഒരു ചോദ്യവും പറച്ചിലും ഉണ്ടാകില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ആ നിയമം എന്തു മാത്രം ഏകപക്ഷീയവും ഭീതിദവുമാണെന്ന് ഈ ഉത്തരവിന്റെ ഉള്ളടക്കത്തില്‍ നിന്നും മനസ്സിലാക്കാം.
ബെഞ്ചമിന്‍ ബെയ്‌ലിക്ക് നിഘണ്ടു നിര്‍മ്മാണത്തിന് അനുവദിച്ച ആനുകൂല്യങ്ങളെക്കുറിച്ചുള്ള നീട്ടിന്റെ പകര്‍പ്പ് പുസ്തകത്തില്‍ ഇങ്ങിനെ വായിക്കാം: വിദ്യാഭ്യാസ പരിപോഷണാര്‍ഥം പ്രസിദ്ധനായ നിഘണ്ടു നിര്‍മ്മാതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ബെഞ്ചമിന്‍ ബെയ്‌ലിക്കു ഒരു ബംഗ്ലാവ് പണിയിച്ചു താമസിക്കുവാനും കുട്ടികളെ സൗജന്യമായി പഠിപ്പിക്കുവാന്‍ ഒരു വിദ്യാലയം സ്ഥാപിക്കാനുമായി കൊല്ലവര്‍ഷം 993-മാണ്ടില്‍ (എ.ഡ് 1818) തിരുവിതാംകൂര്‍ മഹാറാണിയായിരുന്ന ശ്രീ പാര്‍വ്വതീഭായി കോട്ടയം കുന്നില്‍ കരം ഒഴിവാക്കി സ്ഥലം അനുവദിക്കുകയുണ്ടായി: ഇതേ വര്‍ഷം മലയാള പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള ഉത്തരവും മഹാറാണി പുറപ്പെടുവിക്കുന്നുണ്ട്. മലയാം ഭാഷയില്‍ പാഠപുസ്തകം ഉണ്ടാക്കാനാണ് ഉത്തരവ്. എന്നാല്‍ ഈ പാഠപുസ്തകം പഠിക്കുന്നതില്‍ നിന്നും ദളിതരേയും മറ്റും ഒഴിവാക്കുന്നത് പിന്നീട് ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നുമുണ്ട്. ജാതിയുടെ പ്രവര്‍ത്തനം ആ തരത്തില്‍ നടന്നു കൊണ്ടേയിരുന്നു, ഇന്നും പല വിധത്തില്‍ തുടരുകയും ചെയ്യുന്നു. രാജാവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എങ്ങിനെ കൊടുക്കണം, അതിലെ മലയാം ഭാഷ (മലയാളത്തിന്റെ അന്നത്തെ പേര്) എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് കൊല്ലവര്‍ഷം 995ല്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ലക്ഷദ്വീപിന്റെ അധികാരം സംബന്ധിച്ച് കണ്ണൂര്‍ അറക്കല്‍ രാജ കുടുംബത്തിലേക്ക് സര്‍ക്കാരില്‍ നിന്നും വന്ന കത്തുകളും അവക്കുള്ള മറുപടികളും (കൊല്ല വര്‍ഷം 1021-1024) പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അറക്കല്‍/ലക്ഷ ദ്വീപ് ചരിത്രം പഠിക്കുന്നവര്‍ക്ക് ഈ കത്തുകള്‍ തീര്‍ച്ചയായും ഉപകാരപ്പെടും. തടവുകാരായ സ്ത്രീകള്‍ക്ക് പ്രത്യേക ജയില്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് കൊല്ലവര്‍ഷം 1023ല്‍ ഇറങ്ങിയ ഉത്തരവ്, ടിപ്പുവിനെ ഭയന്ന് ഡച്ച് സംരക്ഷണം തേടി കൊച്ചി-തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ നല്‍കിയ നിവേദനം തുടങ്ങിയ രേഖകളും പുസ്തകം സമാഹരിച്ചിട്ടുണ്ട്. ടിപ്പുവില്‍ നിന്ന് സംരക്ഷണം തേടി കൊച്ചി രാജാവ് ബോംബെ ഗവര്‍ണ്ണര്‍ക്ക് കൊല്ലവര്‍ഷം 964ല്‍ അയച്ച നിവേദനക്കത്തും സമാഹാരത്തിലുണ്ട്.
ഈ രേഖകള്‍ ഭൂരിഭാഗവും രാജശാസനങ്ങളും നീട്ടുകളും ഉത്തരവുകളുമാണ്. അഡ്മിനിസ്‌ട്രേറ്റീവ് രേഖകള്‍ എന്നു വിളിക്കാം. പലതും 'വികസന അവകാശ വാദ രേഖകള്‍' എന്ന വഭാഗത്തില്‍ പെടുന്നവയുമാണ്. ഈ രേഖകളെല്ലാം സംഭവങ്ങളുടെ/ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് പൊതുവില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മറ്റുഭാഗങ്ങള്‍, ഉത്തരവുകളും മറ്റും മറച്ചു വെക്കുന്ന ചില യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ഒരു അന്വേഷകന് എത്തിച്ചേരാന്‍ ഇവിടെ സമാഹരിച്ച രേഖകള്‍ തീര്‍ച്ചയായും സഹായിക്കും. അത്തരമൊരു പ്രസക്തി കൂടി ഈ പുസ്തകത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."