തമ്മിലടി അധികാര വടംവലി ഒടുവില്‍ രണ്ടാം വാര്‍ഷിക ചടങ്ങുകള്‍ക്കിടെ യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം
ബംഗളൂരു: പാര്‍ട്ടിക്കുള്ളിലുള്ള അധികാരവടംവലികള്‍ക്കും പരസ്യപ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികച്ചടങ്ങുകള്‍ക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. ഉടന്‍ ഗവര്‍ണറെ കാണുമെന്ന് യെദിയൂരപ്പ വ്യക്തമാക്കി.
ഇത് നാലാം തവണയാണ് അധികാരകാലാവധി പൂര്‍ത്തിയാക്കാനാവാതെ, ബി എസ് യെദിയൂരപ്പ വിധാന്‍ സൗധയുടെ പടിയിറങ്ങുന്നത്.
ഇനി ആരാകും കര്‍ണാടക മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും.
സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിച്ച ചടങ്ങിനൊടുവില്‍ യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജി പ്രഖ്യാപനം നേരത്തേ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു.
തൊണ്ടയിടറിയാണ് യെദിയൂരപ്പ സംസാരിച്ചത്.
ബി.ജെ.പിക്ക് വേണ്ടി സമ്മര്‍പ്പിച്ച ജീവിതമാണ് തന്റേത്. സ്ഥാനമാനങ്ങള്‍ അല്ല, പാര്‍ട്ടിയാണ് തനിക്ക് വലുത്. വാജ്‌പേയി മുതല്‍ നരേന്ദ്രമോദി വരെയുള്ളവരുടെ ആശീര്‍വാദം ലഭിച്ച നേതാവാണ് താന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്‌നിപരീക്ഷകളാണ്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല- യെദിയൂരപ്പ പറഞ്ഞു.
ഈ മാസം ആദ്യവാരം ഡല്‍ഹിക്ക് പോയ യെദിയൂരപ്പ, ബി.ജെ.പി പ്രസിഡന്റ് ജെ പി നദ്ദയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും കണ്ടിരുന്നു. പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ യെദിയൂരപ്പക്കെ എതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. യെദിയൂരപ്പയല്ല, പകരം ബി വൈ വിജയേന്ദ്രയാണ് പാര്‍ട്ടിയും സര്‍ക്കാരും ഭരിക്കുന്നതെന്ന ആരോപണങ്ങള്‍ പരസ്യമായിത്തന്നെ പല നേതാക്കളും ഉന്നയിച്ചിരുന്നു. അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മറികടന്നും, ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ, ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."