ലോണ്‍ ആപ്പ് തട്ടിപ്പിന്റെ ഭീഷണിയുണ്ടോ? ഭയപ്പെടേണ്ട, കേരള പൊലിസ് കൂടെയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ലോണ്‍ ആപ്പ് തട്ടിപ്പിന്റെ ഭീഷണിയുണ്ടോ? ഭയപ്പെടേണ്ട, കേരള പൊലിസ് കൂടെയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍പ്പെട്ട് ജീവന്‍ വെടിയേണ്ടി വന്ന കുടുംബത്തിന്റെ വാര്‍ത്ത വലിയ സങ്കടത്തോടെയാണ് നാം കേട്ടത്. അതിന് തൊട്ട് പിന്നാലെ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് വയനാട്ടില്‍ നിന്ന് മറ്റൊരു യുവാവിന്റെ ആത്മഹത്യ വാര്‍ത്തയും നമ്മെ തേടിയെത്തി. നിലവില്‍ സംസ്ഥാനത്തുടനീളം ഇത്തരം സൈബര്‍ സംഘങ്ങളുടെ ക്രൂരതക്ക് നിരവധിയാളുകള്‍ ബലിയാടായിട്ടുണ്ടെന്നാണ് കരുതുന്നത്.
പണം ആവശ്യമുള്ളവരെ ഓണ്‍ലൈന്‍ പേയ്‌മെന്റിലൂടെ സഹായിച്ച് പിന്നീട് വലിയ പലിശ സഹിതം തുക ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. പണം തിരികെ നല്‍കാന്‍ കഴിയാത്തവരെ ബന്ധുക്കളുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചും വ്യാജ സന്ദേശങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ മാനസികമായി തകരുന്ന വ്യക്തികള്‍ ആത്മഹത്യ ചെയ്യലല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് തീരുമാനിക്കുന്നു. ഇതിനോടകം നിരവധിയാളുകള്‍ ഇത്തരക്കാരുടെ കെണിയില്‍പ്പെട്ട് ഭീഷണിക്ക് പാത്രമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പരാതികള്‍ വ്യാപകമായതോടെ പൊലിസിന്റെ നേതൃത്വത്തില്‍ വ്യാപകമായ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യക്ക് പുറത്ത് നിന്നുള്ള സൈബര്‍ കുറ്റവാളി സംഘങ്ങളിലേക്കും അന്വേഷണം നീളുന്നതിനാല്‍ ഇവരെ എന്ന് വലയിലാക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് കേരള പൊലിസിന്റെ നിര്‍ദേശം.
ഏതെങ്കിലും തരത്തില്‍ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ അകപ്പെട്ടാല്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പുമായാണ് കേരള പൊലിസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തളരാതെ എല്ലാ തെളിവുകളും ശേഖരിച്ച് സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലായ http://cybercrime.goc.in പരാതി നല്‍കണമെന്ന് കേരള പൊലിസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കൂടാതെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴിയും പരാതികള്‍ അറിയാക്കുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ ഉടനടി പരാതി നല്‍കുകയോ ചെയ്യണമെന്നും പൊലിസ് അറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഓണ്‍ലൈന്‍ ആപ്പ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വന്‍തുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്‌നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കുക. അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.
നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന, നിങ്ങള്‍ക്ക് അറിയാത്ത എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്യുക. നിങ്ങള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റുകളേയും അറിയിക്കുക.
നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓര്‍ക്കുക. മന:സാന്നിധ്യം വീണ്ടെടുക്കുക. ഓര്‍ക്കുക, ഇത്തരം സംഭവമുണ്ടായാല്‍ എത്രയും പെട്ടെന്ന് പോലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."