ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല, രോഗികള്‍ക്കും വേണം അവകാശം
യു.എം മുഖ്താര്‍
ജീവിതത്തില്‍ ഒരുപാട് മൃതദേഹങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഞെട്ടുകയും കാണേണ്ടതില്ലായിരുന്നുവെന്ന് തോന്നുകയും ചെയ്തതിലൊന്ന് മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റേതായിരുന്നു. 2017ലെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം രാഷ്ട്രപതി സംയുക്തസഭയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെയാണ് അഹമ്മദ് സാഹിബ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ പാര്‍ലമെന്റിന് അഞ്ചാറുമിനുട്ട് മാത്രം അകലെയുള്ള രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. ഇതറിഞ്ഞ് അവിടെയെത്തിയ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള എം.പിമാരെയും അഹമ്മദിന്റെ മക്കളെപ്പോലും സന്ദര്‍ശിക്കാന്‍ സമ്മതിക്കാതെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ കൂടിയായ മകളടക്കമുള്ള ബന്ധുക്കളെ അറിയിക്കാതെയാണ് അദ്ദേഹത്തെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയത്.
ഇ. അഹമ്മദിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന കേരളത്തിലെ എം.പിമാര്‍ മാധ്യമപ്രവര്‍ത്തകരോട് അനൗദ്യോഗികമായി പറഞ്ഞിരുന്നു, അഹമ്മദ് സാഹിബ് മരിച്ചെന്ന്. എന്നാല്‍ അടുത്ത ദിവസത്തെ ബജറ്റ് സമ്മേളനം നിശ്ചയിച്ചതുപോലെ നടക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആര്‍.എം.എല്‍ ആശുപത്രി മാനേജ്‌മെന്റ് മരണവിവരം പുറത്തുവിട്ടില്ല. അഹമ്മദിന്റെ ജീവനറ്റ ശരീരം 14 മണിക്കൂറോളം നേരമാണ് ട്രോമാ കെയര്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ സമയമത്രയും ലുകാസ് യന്ത്രം അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇടിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ ഡല്‍ഹി തീന്‍മൂര്‍ത്തി മാര്‍ഗിലെ ഒന്‍പതാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച അഹമ്മദ് സാഹിബിന്റെ മയ്യിത്ത് കാണുമ്പോള്‍ മുഖവും കണ്ണുമെല്ലാം വീര്‍ത്തുവന്ന് അതൊരു ഭീകരമായ അനുഭവമായി മാറിയിരുന്നു. കാല്‍നൂറ്റാണ്ട് കാലം പാര്‍ലമെന്റേറിയനും ഒരു പതിറ്റാണ്ടുകാലം കേന്ദ്രമന്ത്രിയുമായ ഒരു വ്യക്തിക്കാണ് ഇവ്വിധം ആശുപത്രിയില്‍ എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ടത്. കുറ്റക്കാര്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല.
അസംഘടിതരായ രോഗികള്‍
ഡോക്ടര്‍മാര്‍ സംഘടിതരായതു കൊണ്ടാണ് കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചതിന്റെ പേരില്‍ കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പോലും പണിമുടക്കുന്നത്. തങ്ങളുടെ സംഘടിതശക്തിയും സ്വാധീനവും ഉപയോഗിച്ച് ഡോക്ടര്‍മാരെയും ആശുപത്രികളെയും സംരക്ഷിക്കാനുള്ള ഒന്നിലധികം നിയമങ്ങള്‍ നടപ്പാക്കിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം പാര്‍ലമെന്റ് പാ
സാക്കിയ നിയമപ്രകാരം ഡോക്ടര്‍മാര്‍ക്കോ ആശുപത്രികള്‍ക്കോ നേരെ ആക്രമണം അഴിച്ചുവിടുന്നത് ഏഴുവര്‍ഷം വരെ തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, രോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന-രോഗികള്‍ക്ക് തെറ്റായ ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ വിധത്തിലുള്ള-വ്യക്തമായ നിയമങ്ങള്‍ ഇന്ത്യയിലില്ല.
ഏതുസമയത്തും ഒരു നഴ്‌സ് വന്ന് പേര് ഉറക്കെ വിളിക്കുമെന്നു കരുതി മരണത്തെ മുഖാമുഖം കാണുന്ന രോഗികളുടെ ബന്ധുക്കള്‍ ഐ.സി.യുവിനു
മുന്നില്‍ കാത്തുകെട്ടിക്കിടക്കുന്ന കാഴ്ച ആശുപത്രികളില്‍ സാധാരണയാണ്. അകത്ത് എന്താണ് സംഭവിക്കുന്നതെന്നോ, രോഗിക്ക് ഏതെല്ലാം മരുന്നുകളാണ് കൊടുക്കുന്നതെന്നോ ഒന്നും അറിയാതെയാവും ഈ കാത്തിരിപ്പ്. വല്ലപ്പോഴും ഐ.സി.യു വാതില്‍ തുറന്ന് നഴ്‌സ് നല്‍കുന്ന ചീട്ടുകള്‍ പ്രകാരം മരുന്നുകള്‍ വാങ്ങുക മാത്രമാണ് ബന്ധുക്കളുടെ ഏക 'ഉത്തരവാദിത്വം'. സാധാരണ രോഗികളുടെ ബന്ധുക്കള്‍ ഇതിനപ്പുറമുള്ള അധികാരം ഉപയോഗിക്കാറുമില്ല. പക്ഷേ, ഇതു മതിയാവില്ലല്ലോ. രോഗി ഇനി ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ല എങ്കില്‍ ആ രോഗിക്കൊപ്പം അന്ത്യനിമിഷം ചെലവഴിക്കാന്‍ ബന്ധുക്കള്‍ക്ക് അവകാശമില്ലേ? നല്ലൊരു യാത്രയയപ്പ് രോഗികള്‍ക്ക് ലഭിക്കേണ്ടേ? മികച്ചതും അംഗീകൃത നിലവാരത്തിലുള്ളതുമായ ചികിത്സ ലഭിക്കാന്‍ അവകാശമുള്ളത് പോലെത്തന്നെ ഏതെങ്കിലും പ്രത്യേക ചികിത്സ നിരസിക്കാനുള്ള അവകാശവും രോഗികള്‍ക്കില്ലേ?
അനന്യയുടെ ആത്മഹത്യ
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചാണ് പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി തൂങ്ങിമരിച്ചത്. കൃത്യം ഒരുവര്‍ഷം മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അവര്‍ തുറന്നുപറഞ്ഞിരുന്നു. തെറ്റായി ചെയ്ത ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷമായി അവര്‍ നേരിട്ടത്. മൂത്രമൊഴിക്കാനും ചിരിക്കാന്‍ പോലും വലിയ പ്രയാസം അനുഭവിക്കുന്നുവെന്നും എപ്പോഴും രക്തം വന്നുകൊണ്ടിരിക്കുന്നുവെന്നുമുള്ള പരാതികളും ഉയര്‍ത്തിയാണ് അനന്യ ജീവനൊടുക്കിയത്. ശസ്ത്രക്രിയയില്‍ പാളിച്ചയുണ്ടായോ എന്ന് പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
ഒരു അസുഖത്തെ തുടര്‍ന്ന് 15 വര്‍ഷം മുന്‍പ് ഗര്‍ഭപാത്രം എടുത്തുകളയുന്നതിനായി നടത്തിയ ശസ്ത്രക്രിയയുടെ പരാജയംമൂലം ഇപ്പോഴും ഉമ്മയെയും കൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് ഈ ലേഖകന്‍. അടിവയറ്റിലെ തുടര്‍ച്ചയായ വേദനയറിയുന്നതിനായി മറ്റൊരു ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ആദ്യ ശസ്ത്രക്രിയ പാളിപ്പോയ കാര്യം മനസിലാകുന്നത്. ഈ ലേഖനം എഴുതുമ്പോള്‍ ഭാര്യ പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പുകള്‍ വ്യത്യസ്തമായതിനാല്‍ ഭാര്യയ്ക്ക് ആന്റി ബി കുത്തിവയ്‌പ്പെടുത്തു. സാധാരണ പ്രസവം നിര്‍ത്തുകയാണെങ്കില്‍ ഈ കുത്തിവയ്പ്പിന്റെ ആവശ്യമില്ല. (പ്രസവം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ശസ്ത്രക്രിയ സമയത്ത് അതു ചെയ്തതുമില്ല) ആരോഗ്യം വീണ്ടെടുക്കുന്നതോടെ പ്രസവം നിര്‍ത്തുകയാണെന്നു പറഞ്ഞെങ്കിലും ബന്ധുക്കളെ അറിയിക്കുക പോലും ചെയ്യാതെത്തന്നെ രണ്ടായിരത്തിനു മുകളില്‍ വിലവരുന്ന കുത്തിവയ്പ്പ് എടുത്തുകഴിഞ്ഞിരുന്നു. സിസേറിയന്‍ ആയതിനാല്‍ തനിക്കേത് കുത്തിവയ്പ്പാണ് എടുക്കുന്നതെന്ന തിരിച്ചറിവിന്റെ ഘട്ടത്തിലായിരുന്നില്ല ഭാര്യ. പ്രസവവേദനയാല്‍ ആശുപത്രിയിലെത്തിയ സുപ്രഭാതം ദിനപത്രത്തിന്റെ മഞ്ചേരി ലേഖകന്‍ എന്‍.സി ഷെരീഫിന്റെ ഭാര്യയെ തിരിച്ചയച്ചതിനാല്‍ ഇരട്ടക്കുട്ടികളെ നഷ്ടമായിട്ട് ഒരുവര്‍ഷം തികഞ്ഞിട്ടില്ല. ആശുപത്രി ജീവനക്കാരുടെ അനാ
സ്ഥ കാരണം ഇരട്ടക്കുട്ടികളെ നഷ്ടമായ ഷെരീഫിന് നഷ്ടപരിഹാരം (ധനസഹായം ലഭിച്ചതുകൊണ്ട് നീതിയാവില്ലെങ്കിലും) ലഭ്യമാക്കാന്‍തക്ക നിയമവും ഇന്ത്യയിലില്ല. ഷെരീഫിനു മാത്രമല്ല, ഇ. അഹമ്മദ് സാഹിബിനും അനന്യകുമാരിക്കും ഒന്നും നീതി ലഭ്യമാവുന്ന വിധത്തിലുള്ള ശക്തമായ രോഗിസൗഹൃദ നിയമം ഇവിടെയില്ല.
രോഗികളുടെ അവകാശ ബില്ല്
ഇ. അഹമ്മദ് സാഹിബിന്റെ നിര്യാണത്തിനു പി
ന്നാലെ അദ്ദേഹത്തിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് രോഗികളുടെ അവകാശം സംബന്ധിച്ച ബില്ല് കൊണ്ടുവരുന്നതിനായി രാഷ്ട്രപതിയടക്കമുള്ളവരെ സമീപിച്ച് അതിന്റെ കരടും തയാറാക്കിയിരുന്നു. മാന്യമായി ജീവിക്കാന്‍ മാത്രമല്ല, മാന്യമായി മരിക്കാനുമുള്ള അവകാശവും ഓരോ മനുഷ്യനുമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫൗസിയയുടെ നീക്കം. മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലും ഡോ. ഫൗസിയ ആവശ്യപ്പെട്ടിരുന്നു. നിരവധി രാജ്യങ്ങളില്‍ ഈ വിഷയത്തില്‍ നിയമം ഉണ്ടെങ്കിലും ഇന്ത്യന്‍ ഭരണഘടനയില്‍ രോഗികളുടെ അവകാശം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളില്ല. മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ടാവും. എന്നാല്‍, ഇന്ത്യയില്‍ ആ സംവിധാനവും ഇല്ല. രാജ്യത്ത് രോഗികളുടെ അവകാശം സംബന്ധിച്ച പരാതി ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് നല്‍കാനാ
വുക. ഇതു മാറ്റി രോഗികള്‍ക്കുള്ള അവകാശങ്ങള്‍ കൃത്യമായി വിശദമാക്കുന്ന ബില്ല് പാര്‍ലമെന്റ് പാസാക്കുകയാണു വേണ്ടത്.
ഈ വിഷയം സമീപകാലത്ത് ഏറ്റവും സജീവമായി ഉയര്‍ത്തിയ ഡോ. ഫൗസിയ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്:
* ചികിത്സിക്കുന്ന ഡോക്ടര്‍ ആരെന്നും യോഗ്യതയും പരിചയവും എന്തെന്നും അറിയാനുള്ള അവകാശം.
* രോഗനിര്‍ണയം, ചികിത്സ, നടപടിക്രമങ്ങള്‍, രോഗപൂര്‍വ നിരൂപണം തുടങ്ങിയവ സംബന്ധിച്ച് രോഗിയെ വിശദമായി ധരിപ്പിക്കണം. അതു രോഗിയോട് നേരിട്ടു പറയുന്നതിന് തടസമുണ്ടെങ്കില്‍ ബന്ധുക്കളെയെങ്കിലും ധരിപ്പിക്കണം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുകയാണെങ്കില്‍ അതിന്റെ വിജയ-പരാജയ സാധ്യതകളും ബന്ധുക്കളെ അറിയിക്കണം.
* രോഗികള്‍ക്ക് പരാതി നല്‍കാന്‍ അവകാശം ഉണ്ടായിരിക്കണം. പരാതി പരിഹരിക്കാനുള്ള സംവിധാനവും പരിഹാര നടപടികള്‍ അറിയാനുള്ള സംവിധാനവും ഉറപ്പാക്കണം.
* ചികിത്സാ ചെലവ് സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കണം. പരിശോധന, ചികിത്സ ആശുപത്രിവാസം, ശസ്ത്രക്രിയ, മറ്റു നടപടികള്‍ എന്നിവയ്‌ക്കെല്ലാം ഇനംതിരിച്ച് ബില്‍ ലഭ്യമാക്കണം.
* പഠനത്തിനും ഗവേഷണത്തിനും വിധേയമാകുന്നത് നിരസിക്കാനുള്ള അവകാശം രോഗികള്‍ക്കുണ്ടാകണം.
* രോഗികള്‍ കുട്ടികളാണെങ്കില്‍ രോഗിക്കുള്ള എല്ലാ അവകാശങ്ങളും മാതാപിതാക്കള്‍ക്ക് (രക്ഷിതാക്കള്‍ക്ക്) ലഭ്യമാക്കണം.
* രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആശുപത്രികളുടെ പ്രധാന ഭാഗത്ത് സന്ദര്‍ശകര്‍ക്ക് കാണുന്ന വിധത്തില്‍ എഴുതിവച്ചിരിക്കണം.
രോഗികളുടെ 'അറിയപ്പെടാത്ത'
അവകാശപത്രിക
ലോകത്ത് ഏറ്റവും സുതാര്യതയില്ലാത്തതും ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതുമായ ആരോഗ്യരംഗങ്ങളിലൊന്ന് ഇന്ത്യയിലേതാണ്. ആശുപത്രികളെയും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയും സംരക്ഷിക്കാന്‍ നിയമങ്ങളുണ്ടെങ്കിലും ആരോഗ്യം മൗലികാവകാശമായ സാധാരണക്കാരായ ജനങ്ങളെന്ന രോഗികളെ സംരക്ഷിക്കാന്‍ പര്യാപ്തമായ നിയമങ്ങളില്ല. രോഗികളുടെ അവകാശം സംരക്ഷിക്കാന്‍ രോഗികളുടെ അവകാശപത്രികയുടെ കരട് 2019ല്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. തീര്‍ത്തും രോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന വിധത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ തയാറാക്കിയ ചട്ടങ്ങള്‍ പക്ഷേ, അത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നാണ് വാസ്തവം.
അപകടത്തില്‍ പരുക്കേറ്റ് എത്തുന്നവര്‍ക്ക് പണം ആവശ്യപ്പെടാതെ തന്നെ ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ ബാധ്യസ്ഥരാണെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്. പണം നല്‍കിയില്ലെന്നു കരുതി രോഗിയുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധത്തില്‍ ചികിത്സയുടെ ഗുണനിലവാരം കുറയ്ക്കാന്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ശേഷിയനുസരിച്ച് പണം നല്‍കിയാല്‍ മതി. മരുന്നും മറ്റ് ഉപകരണങ്ങളും സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ വിലയ്ക്കുതന്നെ ലഭ്യമാക്കണം. ഇക്കാര്യത്തില്‍ ആശുപത്രികളോ ഡോക്ടറോ അനാവശ്യ ഇടപെടല്‍ നടത്താന്‍ പാടില്ല. മരുന്ന് എവിടെനിന്ന് വാങ്ങണമെന്നും പരിശോധന എവിടെ നടത്തണമെന്നും രോഗിക്ക് തീരുമാനിക്കാം. ഇതിനായി പ്രത്യേക സ്ഥാപനങ്ങളെ ആശുപത്രികള്‍ ശുപാര്‍ശ ചെയ്യരുത്. ചികിത്സാചെലവ് സംബന്ധിച്ച് തര്‍ക്കമുണ്ടായാലും രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കണം. യാതൊരു കാരണവശാലും മൃതദേഹം തടഞ്ഞുവയ്ക്കാന്‍ പാടില്ല. പുരുഷഡോക്ടര്‍ സ്ത്രീയെ പരിശോധിക്കേണ്ടത് മറ്റൊരു സ്ത്രീയുടെ സാന്നിധ്യത്തിലായിരിക്കണം. രോഗത്തെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും രോഗികളെയോ ബന്ധുക്കളെയോ അറിയിക്കണം. അവര്‍ക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം ഇതെല്ലാമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു. പക്ഷേ ഈ ചട്ടവും ചട്ടത്തിന്റെ തദ്സ്ഥിതിയും എത്ര പേര്‍ക്കറിയും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."