ഡല്‍ഹി മദ്യനയം: 35 കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ കുറിച്ചും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചും അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 35 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയത്തായിരുന്നു പരിശോധന.
ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. മദ്യ വിതരണക്കാരെയും മദ്യകമ്പനികളുടെ ഓഫിസുകളെയുമാണ് ഇ.ഡി ലക്ഷ്യമിട്ടത്. കേസന്വേഷണം ആരംഭിച്ചതു മുതല്‍ 105 റെയ്ഡുകള്‍ ഇ.ഡി നടത്തി. കേസില്‍ മദ്യ വ്യാപാരിയും ഇന്‍ഡോസ്പിരിറ്റ് കമ്പനി എം.ഡിയുമായ സമീര്‍ മഹേന്ദ്രുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാണ് 2021-22 കാലത്തെ മദ്യ നയത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടത്. സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ലഫ്. ഗവര്‍ണര്‍ 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."