വാടകപരസ്യം മുതൽ മരണംവരെ; തട്ടിപ്പുകാർക്ക് വഴികൾ അനവധി
സുനി അൽഹാദി
എറണാകുളത്തുകാരി നിർമല, സ്വന്തം വീട് വാടകയ്ക്ക് നൽകുന്നതിന് ഒ.എൽ.എക്സിൽ പരസ്യം നൽകി. 24 മണിക്കൂർ തികയുംമുമ്പ് ഡൽഹി സ്വദേശിയുടെ ഫോൺ വിളിയെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യേഗസ്ഥനാണെന്നും കുടുംബത്തെ കൊണ്ടുവന്ന് താമസിപ്പിക്കാൻ വീട് വേണമെന്നുമായിരുന്നു ആവശ്യം. നെടുമ്പാശ്ശേരിയും എറണാകുളവും തമ്മിലുള്ള ദൂരമൊക്കെ പറഞ്ഞുനോക്കിയെങ്കിലും അതൊന്നും പ്രശ്നമില്ലെന്നായിരുന്നു മറുപടി. വീട് കാണണ്ടേ എന്ന് ചോദിച്ചപ്പോൾ ഒ.എൽ.എക്സിലെ പരസ്യത്തിനൊപ്പം നൽകിയ ഫോട്ടോകൾ കണ്ടെന്നും ഇഷ്ടമായെന്നും മറുപടി. കൂടുതൽ വിശ്വാസ്യത തോന്നിപ്പിക്കുന്നതിന് അദ്ദേഹം ആധാർ കാർഡിൻ്റെയും പാൻ കാർഡിൻ്റെയുമൊക്കെ ഫോട്ടോകളും വാട്സ്ആപ്പ് വഴി അയച്ചു. അഡ്വാൻസ് തുക കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചു. അസ്വാഭാവികത തോന്നിയ നിർമല അത്തരം വിവരങ്ങൾ അയച്ചുകൊടുക്കാൻ മടിച്ചു.
അടുത്തദിവസം മറ്റൊരു നമ്പറിൽനിന്ന് വിളിവന്നത് കൊച്ചി നാവിക ആസ്ഥാനത്ത് ജോലി ചെയ്യുന്നയാൾ എന്ന വ്യാജേനയായിരുന്നു. പാൻകാർഡും ആധാർ കാർഡും അയക്കലെല്ലാം അതേപോലെ ആവർത്തിക്കുകയും ചെയ്തു. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് കുടുംബചിത്രമാണ് വാട്സ്ആപ്പ് ഡി.പി ചിത്രമായി ഉൾപ്പെടുത്തിയിരുന്നത്. വീട് വാടകയ്ക്ക് നൽകുന്നതിന് പരസ്യം നൽകുന്ന സൈറ്റുകളിൽനിന്ന് ഫോൺ നമ്പറുകൾ ശേഖരിച്ച് ഇത്തരത്തിൽ വ്യാപകമായി വലയെറിയുകയാണ് ഓൺലൈൻ തട്ടിപ്പിൻ്റെ ഒരു രീതി. ഇര കുടുങ്ങുമെന്ന് ഉറപ്പായാൽ ബാങ്ക് വിവരങ്ങളും ഒ.ടി.പിയുമൊക്കെ ശേഖരിച്ച് അക്കൗണ്ടിലുള്ള മൊത്തം തുകയും അടിച്ചുമാറ്റിപ്പോകുകയും ചെയ്യും.
അമേരിക്കയിൽ മരിച്ച മലയാളി യുവാവിന്റെ നഷ്ടപരിഹാരത്തുക നൽകുന്നതിന് എന്ന പേരിൽ ബന്ധുവിൽനിന്ന് തട്ടിയത് 75 ലക്ഷം രൂപയാണ്. മാവേലിക്കര സ്വദേശിയായ യുവാവാണ് അമേരിക്കയിൽ മരണമടഞ്ഞത്. ആഴ്ചകൾക്കുശേഷം ഇയാളുടെ ബന്ധുവിനെ തേടി അജ്ഞാത നമ്പറിൽനിന്ന് ഫോൺ കോൾ എത്തി. മരണമടഞ്ഞ യുവാവിന് അമേരിക്കയിൽ വൻതുക നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്നും ഇത് കൈമാറുന്നതിന് ബാങ്ക് വിവരങ്ങൾ കൈമാറണമെന്നുമായിരുന്നു ആവശ്യം. തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞില്ല. അക്കൗണ്ടിൽനിന്ന് തുക നഷ്ടമായതിനുശേഷമാണ് കെണിയിൽ പെട്ടതാണെന്ന് ഇവർക്ക് ബോധ്യമായത്. പൊലിസിൽ പരാതിയുമായി എത്തിയെങ്കിലും ഏത് അക്കൗണ്ടിലേക്കാണ് തുക പോയത് എന്നതുപോലും കണ്ടെത്താനാകാതെ അന്വേഷണം പാതിവഴിയിൽ നിലയ്ക്കുകയും ചെയ്തു.
സ്നേഹം വിൽപനയ്ക്ക്
ഭാര്യയുടെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിയെ തേടി വിദേശത്തുനിന്ന് എത്തിയത് 'സ്നേഹത്തിനായി ദാഹിക്കുന്ന' യുവതിയുടെ ഇ-മെയിലായിരുന്നു. പിന്നീട് മെയിലിലും വാട്സ്ആപ്പിലുമായി സന്ദേശങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി, ഒപ്പം ചിത്രങ്ങളും. പിന്നീട് നേരിൽ കാണണമെന്നായി യുവതി. യാത്രയ്ക്കുള്ള ടിക്കറ്റിനും മറ്റുമായി യുവതി നൽകിയ അക്കൗണ്ടിലേക്ക് തൃശൂർ സ്വദേശി നല്ലൊരു തുക അയച്ചുകൊടുക്കുകയും ചെയ്തു. അതോടെ ഇ-മെയിൽ വരവും നിന്നു, വാട്സ്ആപ്പ് നമ്പറും അപ്രത്യക്ഷമായി.
ഡേറ്റിങ് ആപ്പുകളിൽ പരതിനടക്കുന്ന വിവിധ പ്രായക്കാരെത്തേടി പ്രണയാഭ്യർഥനകൾ അയക്കുകയാണ് ഒാൺലൈൻ തട്ടിപ്പുകാരുടെ മറ്റൊരു രീതി. സുന്ദരിയായ യുവതിയുടെ ചിത്രവും ഫോൺ നമ്പറുമൊക്കെ കിട്ടുന്നതോടെ 'സ്നേഹത്തിനായി ഉഴലുന്നവർ' അതിൽ കൊത്തുമെന്ന് ഉറപ്പ്. ആദ്യത്തെ കുറച്ചുദിവസങ്ങൾ ചാറ്റിങ്ങിൽ മാത്രം ഒതുങ്ങുമെങ്കിൽ പിന്നീട് വിഡിയോ കോളിലേക്ക് ബന്ധം വളരും. ഈ കോളുകൾ റെക്കോർഡ് ചെയ്താണ് തട്ടിപ്പിന് വലയൊരുക്കുന്നത്.
വിവാഹിതരാണെങ്കിൽ വിഡിയോകോളും വാട്സ്ആപ്പ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുമൊക്കെ ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളാണ് തട്ടുക. മാനക്കേട് ഭയന്ന് കുടുംബജീവിതം തകരുമെന്നോർത്ത് ഇരകൾ പരാതിയുമായി മുന്നോട്ട് പോകില്ല എന്ന ഉറപ്പാണ് ഇത്തരക്കാർക്ക് കരുത്തായി മാറുന്നത്.
കരുതിയിരിക്കുക
ജോലി വാഗ്ദാനങ്ങളും
കണ്ണൂർ സ്വദേശി യുവതി ആത്മഹത്യ ചെയ്തത് ജോലി വാഗ്ദാനത്തിൻ്റെ കുരുക്കിൽപെട്ടാണ്. സ്വർണക്കടയിലെ ജീവനക്കാരിയായ ഇവർക്ക് ലഭിച്ച സന്ദേശങ്ങളിൽ ഒന്ന് യുട്യൂബ് ചാനൽ ലൈക്ക് ചെയ്യുക എന്ന പാർട് ടൈം ജോലിക്കുള്ള വാഗ്ദാനമായിരുന്നു. ഒരു ചാനൽ ലൈക്ക് ചെയ്താൽ അമ്പത് രൂപ ലഭിക്കുമെന്നയിരുന്നു വാഗ്ദാനം. മാസം നല്ലൊരു തുക സമ്പാദിക്കാമെന്നും ഉറപ്പുനൽകി. ചെറിയ തുകകൾ അക്കൗണ്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രീമിയം കാറ്റഗറിയിലേക്ക് കടന്നാൽ വൻതുക ലഭിക്കുമെന്നും ഇതിന് സർവിസ് ചാർജ് നൽകണമെന്നുമായിരുന്നു ആവശ്യം. അത് നൽകിയപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട തുക ലഭിക്കുകയും ചെയ്തു. പിന്നീട് ഈ നെറ്റ്‌വർക്കിൻ്റെ ഭാഗമാക്കി കൂടുതൽ ലാഭം നേടുന്നതിന് വൻതുകകളാണ് ആവശ്യപ്പെട്ടത്. സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതിൽ മനംനൊന്ത് യുവതി ഒടുവിൽ മരണത്തിൽ അഭയംതേടുകയും ചെയ്തു.
290 രൂപയ്ക്ക് ഒരു കിലോ
കശുവണ്ടിയും ബദാമും
ഫേസ്ബുക്കിൽ അടുത്തിടെ പ്രത്യക്ഷ്യപ്പെട്ട പരസ്യങ്ങളിൽ ഒന്നായിരുന്നു കശുവണ്ടിയുടെയും ബദാമിൻ്റെയും. വൻകിട എക്സ്പോർട്ട് ഗ്രൂപ്പിന്റെ ആഭ്യന്തര വിപണിയിലെ സെയിൽസ് പ്രെമോഷൻ്റെ ഭാഗമായി 290 രൂപയ്ക്ക് ഒരു കിലോ പ്രീമിയം ക്വാളിറ്റി കശുവണ്ടിയും ബദാമും നൽകുന്നു എന്നായിരുന്നു പരസ്യം. ആദ്യം പണം അയക്കുന്ന ചുരുക്കം പേർക്കുമാത്രം എന്നുകൂടിയുണ്ടായിരുന്നു. ഇതിന് ഒട്ടനവധി മലയാളികളാണ് പണം അയച്ചത്. അതോടെ പരസ്യം അപ്രത്യക്ഷമാവുകയും ചെയ്തു. 290 രൂപമാത്രം നഷ്ടപ്പെട്ടതിനാൽ ആരും പരാതിയുമായി പോയില്ല. തട്ടിപ്പ് സംഘത്തിന് ഒറ്റദിവസംകൊണ്ട് കിട്ടിയതാകട്ടെ കോടികളും. ഇപ്പോഴും പല ഉൽപന്നങ്ങളുടെയും പേരിൽ ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നുമുണ്ട്. പണം അയയ്ക്കാൻ റെഡിയായി ബുദ്ധിമാനായ മലയാളി കാത്തുനിൽക്കുന്നുമുണ്ട്.
(അവസാന ഭാഗം നാളെ)
Content Highlights:From rent ad to death; Scammers have many avenues
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."