നാലുവട്ടം മുഖ്യമന്ത്രിയായിട്ടും അഞ്ചുവര്‍ഷം തികയ്ക്കാനാവാതെ യെദ്യൂരപ്പ
ബംഗളൂരു: നാലുതവണ മുഖ്യമന്ത്രിയായിട്ടും ഒരുതവണ പോലും അഞ്ചുവര്‍ഷം തികച്ച് ഭരിക്കാനാവാത്ത ചരിത്രമാണ് ബി.എസ് യെദ്യൂരപ്പയുടേത്. ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തില്‍ 2007ലാണ് യെദ്യൂരപ്പ ആദ്യമായി കര്‍ണാടക മുഖ്യമന്ത്രിയാവുന്നത്.
നവംബര്‍ 12ന് അധികാരമേറ്റ യെദ്യൂരപ്പക്ക് ഏഴുദിവസത്തിന് ശേഷം 19ന് തന്നെ രാജിവയ്‌ക്കേണ്ടി വന്നു. മന്ത്രിസ്ഥാനം വിഭജിക്കുന്നത് സംബന്ധിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുമായി ധാരണയിലാകാന്‍ കഴിയാതിരുന്നതോടെ ജെ.ഡി.എസ് പിന്തുണ പിന്‍വലിക്കുകയായിരുന്നു. 2008മെയില്‍ ബി.ജെ.പി സംസ്ഥാനത്ത് ഒറ്റക്ക് ഭൂരിപക്ഷം നേടുകയും യെദ്യൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്‌തെങ്കിലും മൂന്നു വര്‍ഷത്തിന് ശേഷം 2011 ജൂലൈ 31ന് രാജിവയ്‌ക്കേണ്ടി വന്നു.
ബെല്ലാരിയിലെ അനധികൃത ഖനനത്തില്‍ യെദ്യൂരപ്പക്ക് പങ്കുണ്ടെന്ന് ലോകായുക്ത കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു രാജി. പിന്നാലെ ഇതേ കേസില്‍ 23 ദിവസം ജയിലില്‍ക്കഴിയേണ്ടി വന്ന യെദ്യൂരപ്പയെ ബി.ജെ.പി നേതൃത്വവും കൈവിട്ടു. ഇതോടെ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടക ജനതാപക്ഷ പാര്‍ട്ടി രൂപീകരിച്ച് യെദ്യൂരപ്പ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെ യെദ്യൂരപ്പയെ വീണ്ടും ബി.ജെ.പിയിലേക്ക് തിരികെക്കൊണ്ടുവന്നു. പിന്നാലെ 2018ലെ തെരഞ്ഞെടുപ്പിലാണ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. അത് നീണ്ടത് മൂന്ന് ദിവസം മാത്രവും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യം രൂപീകരിച്ചതോടെ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദ്യൂരപ്പക്ക് രാജിവയ്‌ക്കേണ്ടി വരികയായിരുന്നു.
പിന്നാലെ 2019 ജൂലൈയിലാണ് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ കൂറുമാറ്റി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. രണ്ടുവര്‍ഷം പിന്നിട്ടത്തോടെ വീണ്ടും രാജിവയ്‌ക്കേണ്ടി വരികയായിരുന്നു. യെദ്യൂരപ്പയുടെ മക്കളായ രാഗവേന്ദ്ര, വിജയേന്ദ്ര എന്നിവരും മറ്റു ബന്ധുക്കളും ഭരണത്തില്‍ ഇടപെടുന്നുവെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരാതിയുന്നയിച്ചതോടെയാണ് പാര്‍ട്ടി യെദ്യൂരപ്പക്കെതിരായത്.
കൊവിഡ് നേരിടുന്നതില്‍ യെദ്യൂരപ്പ പരാജയമായിരുന്നുവെന്നാണ് മറ്റൊരാരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."