തുനീഷ്യയില്‍ അട്ടിമറി? പ്രധാനമന്ത്രിയെ പ്രസിഡന്റ് പുറത്താക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു
തൂനിസ്: പ്രസിഡന്റ് ഖൈസ് സഈദ് പ്രധാനമന്ത്രി ഹിഷാം മഷീഷിയെ പുറത്താക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തതോടെ അറബ് വസന്തത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച തുനീഷ്യ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലായി. രാജ്യത്ത് അട്ടിമറി നടന്നതായി സ്ഥിരീകരണമില്ലെങ്കിലും അതേ അവസ്ഥയാണുള്ളതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് താന്‍ അധികാരം കൈയാളുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. ആരെങ്കിലും ആയുധമെടുക്കുകയാണെങ്കില്‍ സൈന്യം വെടിയുണ്ട കൊണ്ടു മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തി. രാജ്യത്ത് ഭരണഘടനാവിരുദ്ധമായ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്ന് പാര്‍ലമെന്റ് സ്പീക്കറും പ്രധാന പാര്‍ട്ടിയായ അന്നഹ്ദ നേതാവുമായ റാഷിദ് ഗനൂഷി പറഞ്ഞു. പ്രസിഡന്റിന്റെ നടപടിക്ക് നിയമസാധുതയില്ലെന്നും പാര്‍ലമെന്റ് വീണ്ടും ചേരുമെന്നും വ്യക്തമാക്കിയ അദ്ദേഹത്തെ സുരക്ഷാ സൈനികര്‍ പാര്‍ലമെന്റിനു പുറത്ത് തടഞ്ഞു. കൊട്ടാരത്തിനു പുറത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരെ അകത്തേക്കു കടത്തിവിടുന്നില്ല. തൂനിസിലെ അല്‍ജസീറ ബ്യൂറോയില്‍ ഇരച്ചെത്തിയ പൊലിസ് ജീവനക്കാരെ പുറത്താക്കി. തുനീഷ്യയില്‍ കൊവിഡ് വ്യാപനം മൂലം സാമ്പത്തികരംഗം തകരുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതോടെ സര്‍ക്കാരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയിരുന്നു.
അന്നഹ്ദ പാര്‍ട്ടി ഓഫിസ് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. 1.2 കോടി ജനസംഖ്യയുള്ള രാജ്യത്ത് 17,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.തുനീഷ്യയിലെ സംഭവവികാസങ്ങളില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയം പ്രസിഡന്റിനു കീഴിലാക്കി
സര്‍ക്കാരിനെ പിരിച്ചുവിട്ട പ്രസിഡന്റ് ഖൈസ് സഈദ് പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗം ഡയരക്ടര്‍ ജനറലായ ഖാലിദ് യഹ്‌യയെ ആഭ്യന്തരമന്ത്രാലയത്തിനു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.
പാര്‍ലമെന്റ് പിരിച്ചുവിട്ടത് 30 ദിവസത്തേക്ക്
പാര്‍ലമെന്റ് 30 ദിവസത്തേക്കാണ് പിരിച്ചുവിട്ടതെന്നും സ്ഥിതിഗതികള്‍ സാധാരണനിലയിലാകാന്‍ ആവശ്യമെങ്കില്‍ അത് വീണ്ടും നീട്ടുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."