'രാവിലെ വന്ന ഒരു ഫോണ്‍ കാള്‍…' പ്രാര്‍ഥനാഭരിതമായ നിപ ഭീതി നാളുകള്‍ പങ്കുവെച്ച് മരതോങ്കര വാര്‍ഡ് മെമ്പര്‍
'രാവിലെ വന്ന ഒരു ഫോണ്‍ കാള്‍…' പ്രാര്‍ഥനാഭരിതമായ നിപ ഭീതി നാളുകള്‍ പങ്കുവെച്ച് മരതോങ്കര വാര്‍ഡ് മെമ്പര്‍
കോഴിക്കോട്: ഒരിക്കല്‍ കൂടി ഭീതിയുടെ കൊടുമുടിയേറ്റിയ ശേഷം പതിയെ പതിയെ നിപ പിന്‍വാങ്ങുകയാണ്. എല്ലാവര്‍ക്കും ആശ്വാസം പകര്‍ന്ന് തുടര്‍ച്ചയായി രണ്ട് ദിവസം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ വൈറസ് ബാധിച്ചു ചികിത്സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മരുതോങ്കരയിലാണ് ഇത്തവണ ആദ്യം നിപ റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടും നിനച്ചിരിക്കാതെയായിരുന്നു അത്. രോഗിയുടെ മരണവും ഖബറടക്കവും സാധാരണ പോലെ കഴിഞ്ഞു. നിരവധിയാളുകളുമായി സമ്പര്‍ക്കമുണ്ടായി. നിപ സ്ഥിരീകരിച്ചതിനു ശേഷവും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് മരുതോങ്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ സമീറ ബഷീര്‍ കള്ളാട്. ഇത്രമേല്‍ ഭീതി നിറഞ്ഞ ഒരു കാലം തങ്ങളുടെ പ്രദേശമായ കള്ളാടിന് നേരിടേണ്ടി വന്നിട്ടില്ലെന്ന് സമീറ ഫേസ്ബുക്കില്‍ കുറിക്കുന്നു.
സമീറയുടെ കുറിപ്പ്
' ഭീതി'
പത്താം തീയതി രാവിലെയുള്ള ഒരു ഫോണ്‍കോള്‍ …. അതായിരുന്നു ഇന്നത്തെ ഈ ഭയപ്പാടിന്റെയൊക്കെ തുടക്കം പ്രതീക്ഷിക്കാതെ ആണല്ലോ പലതും നമ്മളിലേക്ക് വിരുന്നു വരിക ,അതില്‍ ചിലത് സങ്കടമായൊ സന്തോഷമായോ പരീക്ഷണമായി നമ്മിലേക്ക് വന്നേക്കാം… എന്തുതന്നെയായാലും അതൊക്കെയും നേരിടണമല്ലോ…
ആഗസ്ത് മാസം ഇരുപത്തിരണ്ടാം തീയതിയാണ് അയല്‍വാസിയും സുഹൃത്തുമായ മുഹമ്മദിന് പനിപിടിച്ചത് എന്ന് പറയുന്നത്.എങ്കിലും ഇരുപത്തിയഞ്ചാം തീയതി വൈകിട്ട് അവനെ കാണുന്നു. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ വാപ്പയെയും കൂട്ടി പള്ളിയിലേക്ക് പോകുന്നതായിട്ട്. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് അറിയുന്നത് മുഹമ്മദ് തൊട്ടില്‍പാലം ഇക്‌റ ഹോസ്പിറ്റല്‍ കാണിക്കാന്‍ വേണ്ടി പോയെന്നും ജീവന്‍ നിലനിര്‍ത്തുന്ന ശ്വാസവായുവിന്റെ അളവ് കുറയുന്നുവെന്നും മറ്റ് ചില അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തതിനാല്‍ കാലിക്കറ്റ് ഇക്‌റ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയും അതിന്റെ ഭാഗമായി അവിടെ നിന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ആണ് ഉണ്ടായത്. വീണ്ടും ആരോഗ്യനില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമവും അവിടുത്തെ ബന്ധുക്കളും തളര്‍ന്നുപോയ ബാപ്പയെ പരിചരിച്ച് പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിച്ച നാടിന്റെയും കുടുംബത്തിലെയും സ്‌നേഹാദരനായ മുഹമ്മദിനെ തിരിച്ചുകിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു… എന്നാല്‍ മരണമെന്ന യാഥാര്‍ത്ഥ്യം അവനെയും തേടി വന്നു താമസിയാതെ..അതായത് മുപ്പതാം തിയ്യതി പുലര്‍ച്ചെ അതും സംഭവിച്ചു.
അദ്ദേഹത്തിന്റെ മരണം ഞങ്ങളുടെയും കുടുംബത്തിന്റെയും ഒക്കെ തീരാ വേദനയായി അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒമ്പതാം തീയതി ശനിയാഴ്ച ഒരുപാട് വര്‍ഷം കാത്തിരുന്നു കിട്ടിയ മകന്‍ അന്നുവിനും പനി വന്നു ഹോസ്പിറ്റലിലെത്തുന്നത്. വാപ്പയുടെ അതേ അവസ്ഥയിലാണ് മോന്റെയും ആരോഗ്യസ്ഥിതി പോകുന്നത് എന്ന് മനസ്സിലാക്കിയതോടെ മിംസ് ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയും അവിടെനിന്ന് ഐസിയുവിലേക്ക് മാറ്റുകയും വീണ്ടും ആരോഗ്യസ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചതിനാല്‍ മുഹമ്മദിന്റെ വീട് ഒന്ന് അണുനശീകരണം നടത്തണമെന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയും എച്ച്‌ഐ വിനോദിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരായ ആശമാരുടെ സംഘം ടീമായി വരുന്നു.. വീടുകളൊക്കെ പരിശോധിക്കുന്നു.. കോണ്‍ടാക്ട് ലിസ്റ്റ്, റൂട്ട് മാപ്പ് ,എന്നിങ്ങനെ പല പേരുകളില്‍ ലിസ്റ്റുകളും, തയ്യാറാക്കുന്നു…. കണ്ടൈന്‍മെന്റ് അതുപോലെ ക്വാറന്റൈനില്‍ പോവാന്‍ പറയുന്നു.. നിപ സ്ഥിരീകരണവും നടക്കുന്നു …എല്ലാം ഒരു സ്വപ്നം പോലെ കടന്നുപോകുന്നു . ജില്ലാ മെഡിക്കല്‍ ടീം കേന്ദ്ര ആരോഗ്യസംഘം അങ്ങനെ പലരും വരുന്നു. ചുറ്റുമുള്ള മൃഗങ്ങളെപ്പറ്റി ,പക്ഷികളെ പറ്റി എന്ന് വേണ്ട ഈ പരിസരത്തുള്ള എല്ലാ ജീവികളെ പറ്റിയും അന്വേഷണങ്ങള്‍ നടന്നു… അവസാനം വവ്വാലിലും ടെസ്റ്റ് നടത്തുന്നു.സ്‌ക്രീനിലൂടെ മാത്രം നമ്മള്‍ കാണാറുള്ള പക്ഷി മൃഗ നിരീക്ഷകരെയും നേരിട്ട് കാണേണ്ടിവന്നു കേന്ദ്ര സംഘമായ പൂനൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗവും എത്തി വവ്വാലിന്റെ സ്രവവും ടെസ്റ്റ് ചെയ്യാന്‍ വേണ്ടി ശേഖരിച്ചു.
ഇതൊക്കെയാണെങ്കിലും മോന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല മാറ്റം വന്നതും പ്രൈമറി കോണ്‍ടാക്ടില്‍ പോസിറ്റീവ് റിസല്‍ട്ട് ഉണ്ടാവാതിരുന്നതും നാടിന്റെ സമാധാനത്തിന് വഴിയൊരുക്കി ദൈവത്തിന് എത്ര സ്തുതി പറഞ്ഞാലും മതിയാവില്ല പൂര്‍ണ ആരോഗ്യത്തോടെയുള്ള ആ മകനെ കുടുംബത്തിന് തിരിച്ചു കിട്ടണേ… എന്നാണ് പ്രാര്‍ത്ഥന. ഇതിനിടയില്‍ മൊത്തം കണ്‍ഫ്യൂഷന്‍ ആക്കുന്ന മീഡിയക്കാരും തിരുവായില്‍ നിന്ന് എന്തെങ്കിലും വന്നാല്‍ അതൊരു വാര്‍ത്തയാക്കി മത്സരമാക്കാന്‍ തത്രപ്പെടുന്ന ചാനലുകാരും ഒരുപാട് കാണാമായിരുന്നു.. ഒട്ടേറെ പ്രശ്‌നത്തിന് ഇടയിലും വ്യാജമായ ഒരു പാട് വാര്‍ത്തകള്‍ക്കും ഒരു കുറവും ഉണ്ടായിരുന്നില്ല. 'സങ്കടങ്ങളാണ് മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ' നല്‍കുക എന്നാണല്ലൊ…. കുറച്ചേറെ അനുഭവങ്ങള്‍ പങ്കിട്ടത് കൊണ്ടാവാീ ഇതിനെയൊക്കെ മറികടക്കാന്‍ കഴിയുന്നതും.
ഇത്രമേല്‍ ഭീതി നിറഞ്ഞ ഒരു കാലം ഞങ്ങളുടെ പ്രദേശമായ കള്ളാടിന് നേരിടേണ്ടി വന്നിട്ടില്ല. ഇനിയൊരിക്കലും അത് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഈ ഒരവസ്ഥയില്‍ ഞങ്ങളുടെ കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ഒരായിരം നന്ദി…. ഹെല്‍ത്ത് ടീമിന് പ്രത്യേകിച്ച് നന്ദി അറിയിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."