അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലി: തെക്കൻ ജില്ലകളിൽ നവംബറിൽ
കോഴിക്കോട് • വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ള അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിയിൽ 705 പേർ മെഡിക്കൽ ഫിറ്റ്നസ് നേടി. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നായി 20,000 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിനകം 13,116 പേർ റാലിയിൽ പങ്കെടുത്തു. 624 പേരെ മെഡിക്കൽ റിവ്യൂ ചെയ്യുന്നതിനായി അയക്കുകയും ചെയ്തതായി മേജർ ജനറൽ പി.രമേശ് പറഞ്ഞു. കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിലാണ് അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്.
സുതാര്യവും വസ്തുനിഷ്ഠവുമായ രീതിയിലാണ് അഗ്നിവീർ റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് മേജർ ജനറൽ പി.രമേശ് പറഞ്ഞു. കഴിവുള്ള ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട് ഏജന്റുമാരൊന്നും നിലവിലില്ല.
ഏജന്റുമാരുടെ ചതിക്കുഴികളിൽ ഉദ്യോഗാർഥികൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ് റാലിയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് എഴുത്തു പരീക്ഷ നടത്തും. പൊലിസ് വെരിഫിക്കേഷനു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2023 മാർച്ചോടെ പരിശീലനം ആരംഭിക്കും. രാജ്യത്താകെ നാൽപ്പതിനായിരത്തോളം ഉദ്യോഗാർഥികളെയാണ് അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിലൂടെ തിരഞ്ഞെടുക്കുക.
സംസ്ഥാനത്തെ തെക്കൻ ജില്ലകളിലേക്കുള്ള റിക്രൂട്ട്മെന്റ് നവംബർ രണ്ടാംവാരം കൊല്ലത്ത് നടക്കും. നഴ്സിങ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്സിങ് അസിസ്റ്റന്റ്, മത പഠന അധ്യാപകർ എന്നിവർക്കുള്ള റിക്രൂട്ട്മെന്റും ഇവിടെ നടക്കും. കേരളം, കർണ്ണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് നവംബർ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്മെന്റ് റാലി. പതിനൊന്നായിരത്തോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷം റിക്രൂട്ട്മെന്റ് റാലികൾ നടക്കാതിരുന്ന സാഹചര്യത്തിൽ പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."