മഹാനഗരത്തിലെ മലയാളി സാന്നിധ്യം
ഏകദേശം 40 വര്‍ഷം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1980ല്‍. അന്ന് ജോസിന്റെ സ്വപ്‌നങ്ങള്‍ നിറമുള്ളതായിരുന്നു. അന്നുമുതൽ തൃശൂര്‍ ചാലക്കുടി മാള സ്വദേശിയായ ജോസും അഹമ്മദാബാദിനൊപ്പം വളര്‍ന്നു. പക്ഷെ ഇപ്പോള്‍ ജോസിന്റെ സ്വപ്‌നങ്ങളെല്ലാം പെടിപിടിച്ചതാണ്.
ആരോഗ്യം ക്ഷയിച്ച് തുടങ്ങി വാര്‍ധക്യം ബാധിച്ച് തുടങ്ങിയിട്ടുണ്ട്. പറഞ്ഞുവരുന്നത് അഹമ്മദാബാദ് ഗാന്ധിനഗര്‍ ഹൈവേക്കരികില്‍ തപോവന്‍ സര്‍ക്കിളിന് അടുത്ത് പഞ്ചര്‍ കട നടത്തുന്ന മലയാളിയെ കുറിച്ചാണ്. 16ാം വയസിലായിരുന്നു ജോസ് ബന്ധുക്കള്‍ക്കൊപ്പം ജോലി തേടി അഹമ്മദാബാദിലെത്തുന്നത്. ജോസ് എത്തുന്നതിനും എത്രയോ മുന്‍പ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പലരും അഹമ്മദാബാദിലെത്തിയിരുന്നു. അവരാണ് പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ജോസിനെ ഇവിടെയെത്തിച്ചത്. ഇവിടെ ഒരുപാട് മലയാളികളുണ്ടെങ്കിലും പച്ചപിടിപ്പിക്കുന്നതിന് വേണ്ടി ജീവിതം മറ്റൊരു നാട്ടിലേക്ക് പറിച്ചുനട്ട മലയാളിയെ കണ്ടപ്പോള്‍ അതിശയം തോന്നി. രാവിലെ ബാര്‍ബര്‍ ഷോപ്പ് തേടി ഇറങ്ങിയതായിരുന്നു. മുടിവെട്ടുന്നതിനിടെ ബാര്‍ബര്‍ കേരളക്കാരനാണെന്ന് മനസിലാക്കി. അദ്ദേഹമാണ് പറഞ്ഞത് അപ്പുറത്തൊരു മലയാളി കടനടത്തുന്നുണ്ടെന്ന്. ശേഷം നേരേ കടലക്ഷ്യമായി പോയി, കട തുറന്നിരുന്നില്ല. അദ്ദേഹം വരുന്നത് വരെ കാത്തിരുന്നു.
10.30 ആയപ്പോഴേക്കും അവരെത്തി. നര ബാധിച്ച ശരീരം. തലയിലെ ഞരമ്പുമായി ബന്ധപ്പെട്ട് ചെറിയ അസുഖമുണ്ട്. എങ്കിലും ഇപ്പോഴും ജോസ് ജോലി ചെയ്യാന്‍ സന്നദ്ധനാണ്. വീട്ടില്‍ നിന്ന് സൈക്കിളിലാണ് കടയിലെത്തുക. രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന ജോസ് കാലങ്ങളായി അഹമ്മദാബാദില്‍ തന്നെയാണ് താമസം. രണ്ട് മക്കളും പഠനം പൂര്‍ത്തിയാക്കി ജോലിക്കായി ശ്രമിക്കുന്നു. ഭാര്യക്ക് ജോലിയൊന്നുമില്ല. എന്നാല്‍ ജീവിക്കാനുള്ള പണം ഇവിടെ നിന്നും കണ്ടെത്താമെന്നാണ് ജോസിന്റെ ഭാഷ്യം.
കട തുടങ്ങിയ സമയത്ത് അടുത്തൊന്നും ഇത്തരത്തിലുള്ള കടയുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരുപാട് കടകളുള്ളതിനാൽ കച്ചവടവും കുറവാണ്. എങ്കിലും ജീവിച്ച് പോകാനുള്ളത് സമ്പാദിക്കാന്‍ കഴിയും. ഇവിടെ ഒരുപാട് മലയാളികളുണ്ടെന്നും പലരും റെയില്‍വേ, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍ അങ്ങനെ വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരാണെന്നും ജോസ് വ്യക്തമാക്കി. ഏതാനും വര്‍ഷത്തിനുള്ളില്‍ ജോലി മതിയാക്കി നാട്ടില്‍ കൂടാനാണ് ഇനി തീരുമാനം. ആരോഗ്യം ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് നാട്ടിലേക്ക് മാറും – ജോസ് പറഞ്ഞു. തലയില്‍ ഞരമ്പിന് എന്തോ സംഭവിച്ചത് കാരണം ഓപറേഷന്‍ കഴിഞ്ഞിട്ടുണ്ട്.
പക്ഷെ ഇപ്പോഴും പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. പലപ്പോഴും സൈക്കിളില്‍ പോവുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ടിട്ടുണ്ട് – സമീപത്തിരിക്കുന്ന പൊടിപിടിച്ച സൈക്കിളിലേക്ക് ചൂണ്ടി ജോസ് പറഞ്ഞു.
ഞങ്ങളെ കണ്ട സന്തോഷത്തില്‍ ചായ കുടിച്ച് പോകാമെന്ന് പറഞ്ഞെങ്കിലും മറ്റു പല സ്ഥലങ്ങളിലേക്കും പോകാനുള്ളതിനാല്‍ ജോസിന്റെ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഞങ്ങള്‍ മറ്റൊരു ലക്ഷ്യത്തിലേക്ക് നീങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."