മതംമാറിയ ദലിതർക്ക് എസ്.സി പദവി; കേന്ദ്രം കമ്മിഷനെ നിയോഗിച്ചു
ന്യൂഡൽഹി • മതംമാറിയ ദലിതർക്ക് പട്ടികജാതി (എസ്.സി) പദവി നൽകുന്നതു പഠിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു.
സിഖ്, ബുദ്ധ മതങ്ങൾ ഒഴികെ ഏതെങ്കിലും മതങ്ങളിലേക്ക് മാറിയ ദലിതർക്ക് പട്ടികജാതിക്കാർക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ നൽകാമോയെന്ന് കമ്മിഷൻ പരിശോധിക്കും.
മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് തലവൻ. യു.ജി.സി അംഗം പ്രൊഫ. സുഷ്മ യാദവ്, റിട്ടയേർഡ് ഐ.എ.എസ് ഓഫിസർ രവീന്ദർകുമാർ ജെയിൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. രണ്ടു വർഷത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്കു മാത്രമാണ് പട്ടികജാതി പദവി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ നിയമം ചോദ്യംചെയ്ത നിരവധി ഹരജികളിൽ സുപ്രിംകോടതി കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.
മറ്റു മതങ്ങളിലേക്കു മാറിയാലും സാമൂഹികമായ പിന്നോക്കാവസ്ഥ തുടരുന്നതിനാൽ പരിവർത്തിത ദലിതുകളെ ജനിച്ച മതത്തിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."