ബി.ജെ.പിയുമായി സഖ്യമില്ലെന്ന് എ.ഐ.എ.ഡി.എം.കെ; തമിഴ്‌നാട് എന്‍.ഡി.എയില്‍ വിള്ളല്‍
ബി.ജെ.പിയുമായി സഖ്യമില്ലെന്ന് എ.ഐ.എ.ഡി.എം.കെ; തമിഴ്‌നാട് എന്‍.ഡി.എയില്‍ വിള്ളല്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. ബിജെപിയുമായി സഖ്യമില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ പ്രഖ്യാപിച്ചു. ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുള്ള കനത്ത വാക്‌പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി.ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പു വരുമ്പോള്‍ സഖ്യം ആവശ്യമാണോയെന്നു പരിശോധിച്ചു മാത്രം തീരുമാനിക്കും. ദേശീയ തലത്തില്‍ എന്‍ഡിഎയില്‍ തുടരും. സംസ്ഥാനത്ത് ഇനി അണ്ണാഡിഎംകെയും ബിജെപിയും സഖ്യകക്ഷികളെല്ലെന്നും ഡി.ജയകുമാര്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി സി.എന്‍.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് കടുത്ത തീരുമാനം. എന്നാല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ലെന്നും കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഐ.എ.ഡി.എം.കെ. നേതാവ് സി.വി. ഷണ്‍മുഖന്റെ പരാമര്‍ശത്തിന് മറുപടിനല്‍കവേയാണ് അണ്ണാമലൈ സഖ്യകക്ഷിക്കുനേരെ വിമര്‍ശനം അഴിച്ചുവിട്ടത്.
പാര്‍ട്ടിയെ തൊട്ടുകളിക്കരുതെന്നും അണ്ണാമലൈക്കുള്ള അന്ത്യശാസനമാണിതെന്നും സി.വി.ഷണ്‍മുഖം പറഞ്ഞു. അണ്ണാമലൈ നടത്തുന്നത് കാല്‍ നടയാത്രയല്ല, പിരിവ് യാത്രയാണെന്നു ഷണ്‍മുഖം പരിഹസിച്ചു. എന്നാല്‍, മന്ത്രിമാരാകുന്നത് പിരിവിനു വേണ്ടിയാണെന്നു കരുതുന്നവരാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് അണ്ണാമലൈ തുറന്നടിച്ചു.
ബിജെപിയുടെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയയുണ്ട്. താന്‍ ആരുടെയും അടിമയല്ല. തന്റേത് വേറിട്ട പാര്‍ട്ടിയും പ്രത്യയശാസ്ത്രവുമാണെന്നും സഖ്യത്തിലായതിനാല്‍ അടിമയാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."