നിയമസഭാ കൈയ്യാങ്കളി കേസ്: സുപ്രിം കോടതി നാളെ വിധി പറയും
ന്യൂഡല്‍ഹി: നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ നാളെ വിധി പറയും. വിശദമായ വാദം കേട്ടാണ് കേസില്‍ നാളെ വിധി പറയുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ചായിരിക്കും രാവിലെ പത്തരയ്ക്ക് വിധി പറയുക.
കഴിഞ്ഞ തവണകളില്‍ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു സുപ്രിം കോടതി നടത്തിയത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും ഇടത് എം.എല്‍.എമാരുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതെണെന്നും കോടതി പറഞ്ഞിരുന്നു.
കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞമ്മദ്, സി.കെ സദാശിവന്‍, കെ. അജിത് എന്നിവരാണ് പ്രതികള്‍. ഇവര്‍ വിചാരണ നേരിടണമെന്ന് മാര്‍ച്ച് 12നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."