സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി പെരുന്നാൾ ടൂർ സംഘടിപ്പിച്ചു
ജിദ്ദ: ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി മദ് യൻ ശുഐബിലേക്ക് സംഘടിപ്പിച്ച വിനോദ – പഠന യാത്ര പ്രവാസികൾക്ക് അറിവും ആനന്ദവും ഒരുപോലെ ലഭിച്ച അവിസ്മരണീയ യാത്രയായി.
കൊവിഡ് മഹാമാരിയെത്തുടർന്ന് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോവാൻ കഴിയാത്തവർക്കും മറ്റു പല പ്രതിസന്ധികൾ നേരിടുന്നവർക്കും മാനസിക സംഘർഷം ലഘുകരിക്കാനും പ്രസിദ്ധമായ നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു ഒട്ടനവധി അറിവുകൾ നേടാനും പ്രസ്തുത യാത്ര ഏറെ സഹായകരമായി. കലാ പരിപാടികളും ക്വിസ് മത്സരങ്ങളും ഉൾപ്പെടുത്തി നടത്തിയ ഇത്തരമൊരു പെരുന്നാൾ ടൂർ പലർക്കും പ്രവാസ ജീവിതത്തിലെ നവ്യാനുഭവം ആയിരുന്നു.
ബലി പെരുന്നാൾ ദിനമായ ചൊവ്വാഴ്ച വൈകുന്നേരം ഷറഫിയയിൽ നിന്നും പുറപ്പെട്ട സംഘം ജൂഹ്ഫ മീഖാത്ത്, ദുബാ പോർട്ട്, ഉയൂൻ മൂസ, അഖബ ഉൽക്കടൽ, ബിഅർ മൂസ, സിനായ് മരുഭൂമി, തൂരി സീന പർവ്വത നിര, മദിയൻ ഷുഹൈബ്, അൽ ഹഖ്ൽ തുടങ്ങിയ സ്ഥലങ്ങളും ജോർദാൻ, ഫലസ്തീൻ, ഇസ്രായേൽ, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങളും സന്ദർശിച്ചു വ്യാഴാഴ്ച വൈകുന്നേരം ജിദ്ദയിൽ തിരിച്ചെത്തി. മനോഹരമായ യാമ്പു കടൽത്തീരം സന്ദർശിച്ച ടൂർ അംഗങ്ങൾ കടലിൽ നീന്തിക്കുളിച്ചത് കൊടും ചൂടിൽ മറക്കാനാവാത്ത ഒരനുഭവം ആയിരുന്നു.
ജിദ്ദയിലെ നാൽപതിലധികം വരുന്ന ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ എഴു ബസുകളിലായിട്ടാണ് യാത്ര ചെയ്തത്. മദ് യൻ ഷുഹൈബ് യാത്രക്ക് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ, സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, സയ്യിദ് ശക്കീർ തങ്ങൾ, നൗഷാദ് അൻവരി മോളൂർ, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, അൻവർ സ്വാദിഖ് ഫൈസി, അബ്ദുറഹ്മാൻ ഫൈസി, സൽമാൻ ദാരിമി, അഷ്‌റഫ് ദാരിമി, സലീം നിസാമി ഗൂഡല്ലൂർ, റഫീഖ് കൂളത്ത്, മജീദ് പുകയൂർ, മുസ്തഫ പട്ടാമ്പി, കുഞ്ഞാലി കുറ്റിപ്പുറം, മുഹമ്മദ് മങ്ങാട്, അബ്ദുല്ലത്തീഫ്, സുനീർ എക്കപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇതിന് പുറമെ, ബലി പെരുന്നാളിനോടാനുബന്ധിച്ചു പ്രവാചക നാഗരിയിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തി മദീന സിയാറയും എസ് ഐ സി സംഘടിപ്പിച്ചിരുന്നു. മൂന്ന് ബസുകളിലായി പോയ മദീന സിയാറക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ഫൈസി ചേറൂർ, ഷമീം ദാരിമി, അക്ബറലി മോങ്ങം, അബ്ദുൽ അസീസ്, ഷൌക്കത്ത്, ഈസ കാളികാവ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇനി മുതൽ എസ് ഐ സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചകളിലും ഷറഫിയയിൽ നിന്നും മദീന സിയാറ ഉണ്ടായിരിക്കുമെന്ന് ടൂർ വിംഗ് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."