നിയാദി യുഎഇയില്‍; രാജ്യം ഉജ്വല വരവേല്‍പ്പ് നല്‍കി
നിയാദി യുഎഇയില്‍; രാജ്യം ഉജ്വല വരവേല്‍പ്പ് നല്‍കി
അബുദാബി: 'ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് വ്യോമ ദൗത്യം' പൂര്‍ത്തിയാക്കിയ രാഷ്ട്രമെന്ന ചരിത്ര നേട്ടം യുഎഇക്ക് നേടിക്കൊടുത്ത ഡോ. സുല്‍ത്താന്‍ അല്‍ നിയാദിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കി. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ യുഎഇ ഭരണാധികാരികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഏഴു എമിറേറ്റുകളിലെ ഉന്നത ഭരണാധികാരികളും ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ സലീം അല്‍ മര്‍റിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും നിയാദിയെ സ്വീകരിക്കാനെത്തിയിരുന്നു.
നാസയില്‍ നിന്നും യുഎഇയുടെ ബഹിരാകാശ യാത്രികരായ ഹസ്സ അല്‍ മന്‍സൂരി, നദ അല്‍ മത്‌റൂഷി തുടങ്ങിയ പത്തംഗ സംഘം സുല്‍ത്താന്‍ അല്‍ നിയാദിയെ അനുഗമിച്ചിരുന്നു. തുടര്‍ന്ന്, അദ്ദേഹം പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുമായി തന്റെ ആറു മാസം നീണ്ട ബഹിരാകാശവാസം സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവെച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍നിരയില്‍ നിലകൊള്ളുന്നു. രാഷ്ട്രത്തിന്റെ മഹത്തായ അഭിലാഷങ്ങളിലുള്‍പ്പെട്ട പദ്ധതികള്‍ കൂടിയാണിവ. 2017 ല്‍ ഈ നേതാക്കള്‍ ചേര്‍ന്നാണ് യുഎഇ നാഷനല്‍ സ്‌പേസ് പ്രോഗ്രാം ആരംഭിച്ചത്. സാറ്റലൈറ്റുകള്‍, ചൊവ്വാ ദൗത്യം, ചാന്ദ്ര ദൗത്യം എന്നിവ അന്ന് പരാമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."