അസം- മിസോറം അതിര്‍ത്തി സംഘര്‍ഷം കേന്ദ്രസേനയെ വിന്യസിച്ചു
ഗുവാഹത്തി: അഞ്ചു അസം പൊലിസുകാര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചു.
ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ആയുധങ്ങളുമായി ഇന്നലെയും ആള്‍ക്കൂട്ടം തമ്പടിച്ചു. അസമിന്റെ ഒരിഞ്ച് ഭൂമി പോലും കൈയേറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. എന്തു വിലകൊടുത്തും അസമിന്റെ ഭൂമി സംരക്ഷിക്കും. മിസോറം പൊലിസുകാര്‍ അസം പൊലിസുകാര്‍ക്ക് നേരെ യന്ത്രത്തോക്കുപയോഗിച്ച് വെടിവച്ചു. അസമിന്റെ സംരക്ഷിത വനഭൂമി കൈയേറി നിര്‍മാണം നടത്തുന്ന മിസോറമിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും ഹിമന്ദ പറഞ്ഞു. അസമിലെ കച്ചര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവയ്ക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്.
മിസോറമുമായി അതിര്‍ത്തിപങ്കിടുന്ന കച്ചര്‍, കരിംഗഞ്ച്, ഹെയ്ലകണ്ടി ജില്ലകളില്‍ കമാന്‍ഡോകളെ വിന്യസിക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. അസം മൂന്നുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഇരു സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ മാത്രമേ അതിര്‍ത്തിതര്‍ക്കം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ലോക്സഭയില്‍ പറഞ്ഞു. പ്രശ്നം പഠിക്കുന്നതിന് കോണ്‍ഗ്രസ് ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."