HOME
DETAILS

പ്രവാചക സ്നേഹം പരിധിയില്ലാതെ

  
backup
October 09 2022 | 03:10 AM

prophet-2

സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങൾ

വിശ്വജനതയ്ക്ക് ശാന്തിദൂതുമായ് കടന്നുവന്ന തിരുദൂതരുടെ ജന്മദിനം ഒരിക്കൽകൂടി നമ്മിലേക്ക് ആഗതമായിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മനിർവൃതിയുടെ തിരുവസന്തമാണ്. സ്‌നേഹമാണ് ഈ ലോകത്തിന്റെ നിലനിൽപ്പിനാധാരമെങ്കിൽ തിരുറസൂലിനെ നൽകി സ്രഷ്ടാവ് സ്നേഹത്തിന്റെ അനിർവചനീയമായ തലത്തിലേക്ക് നമ്മെ അനുഭവിപ്പിക്കുകയാണ്. പ്രവാചക സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഓരോ നബിദിനവും നമുക്ക് പ്രചോദനമാകണം. അതിനർഥം നബിദിനത്തോടനുബന്ധിച്ച് മാത്രമാണ് ഈ ചിന്ത വരേണ്ടത് എന്നല്ല. സദാ വിശ്വാസിക്കുണ്ടാകേണ്ട പ്രവാചക സ്‌നേഹത്തിനെ ഒന്നുകൂടി മൂർച്ച കൂട്ടാനാണ് ഓരോ നബിദിനവും നമ്മോട് ആവശ്യപ്പെടുന്നത്.


  സ്‌നേഹം നാം ഒരാൾക്ക് നൽകുമ്പോൾ, നാം ഒരാളെ സ്‌നേഹിക്കുമ്പോൾ ആദ്യമേ ചിന്തിക്കേണ്ടത് അതിനവർ അർഹരാണോ എന്നതാണ്. തിരുനബി(സ്വ) എല്ലാ അർഥത്തിലും സ്നേഹിക്കാൻ അർഹനാണ്. സ്‌നേഹം പല രൂപത്തിലും ആകാം. സ്‌നേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളും അങ്ങനെത്തന്നെ. തിരുദൂതരെ നാം സ്‌നേഹിക്കുന്നത് ഈ മാനദണ്ഡങ്ങളുടെ ഒന്നും അടിസ്ഥാനത്തിലല്ല. അത് നമ്മുടെ പ്രേമഭാജനം തന്നെയാണ്. റസൂലിനോടുള്ള സ്നേഹം അതിൻ്റെ അങ്ങേത്തലയിലെത്തണം. ചിലപ്പോൾ പ്രേമം, പ്രണയം എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ ചിലർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. റസൂലിനെ സ്‌നേഹിക്കുകയെന്ന് പറയുമ്പോൾ അവരതിന് പല വ്യാഖ്യാനങ്ങളും നൽകുന്നു. സൃഷ്ടികളിൽ നാം ഏറ്റവും സ്‌നേഹിക്കേണ്ടത് നമ്മുടെ റസൂലിനെ തന്നെയാണ് എന്നതിലൊരു ആശങ്കയും ഇല്ല. അത് വിശുദ്ധ ഖുർആൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'നബി വിശ്വാസികളോട് അവരവരുടെ ജീവനേക്കാൾ അടുത്താണ്'(അൽഅഹ്‌സാബ്- 6). നബി(സ്വ) ഒരിക്കൽ സ്വഹാബത്തിനോടുണർത്തി: 'നിങ്ങളിലൊരാൾക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എന്നല്ല, മുഴുവൻ മനുഷ്യരാശിയോടുമുള്ളതിനെക്കാൾ സ്‌നേഹം എന്നോടായിരിക്കുന്നതുവരെ അയാൾ യഥാർഥ വിശ്വാസിയാകുകയില്ല'(ഹദീസ്).


 ഉമർ(റ) ഒരിക്കൽ നബി(സ്വ)യോടു പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, എനിക്ക് എന്നെക്കഴിച്ചാൽ ഏറ്റവും സ്‌നേഹം അങ്ങയോടാണ്. 'ഇതു കേട്ടപ്പോൾ നബി(സ്വ) പറഞ്ഞു: 'അതു പോര ഉമറേ, താങ്കൾക്കു താങ്കളോടുള്ളതിനേക്കാളും സ്‌നേഹം എന്നോടായിരിക്കണം'. തൽക്ഷണം ഉമർ(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്കെന്തിലുമേറെ സ്‌നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും'. 'എങ്കിൽ ശരി'- അവിടന്ന് പ്രതിവചിച്ചു. ഇത് കേവലം ആദർശബന്ധമോ പ്രമേയാധിഷ്ഠിത പ്രണയമോ അല്ല. റസൂലിനോടുള്ള ആത്മാർഥമായ പ്രണയം തന്നെയാണ്. അവിടുത്തെ വ്യക്തിത്വത്തോടും ശരീരത്തോടും തന്നെയുള്ള പ്രേമമാണ്.  സ്‌നേഹത്തിന്റെ പ്രഥമഘട്ടം പരിചയപ്പെടലും അറിയലുമാണ്. തിരുനബി(സ്വ)യെ സ്‌നേഹിക്കുന്നത് അധികമാണോയെന്ന ആശങ്കയേറുന്നത് സ്‌നേഹത്തിന്റെ അകക്കാമ്പ് തിരിച്ചറിയാത്തതിനാലാണെന്ന് സൂചിപ്പിച്ചു. സ്‌നേഹത്തിന്റെ ആദ്യഘട്ടമായ പരിചയത്തിലേക്ക് ഇറങ്ങാൻ തയാറായാൽ ആ ആളിനെ മനസിലാകും. തിരുനബി(സ്വ)യെ മനസ്സിലാക്കാൻ ആദ്യം ചെയ്യേണ്ടതും അതുതന്നെ, അവിടുത്തെ ജീവിതം പഠിക്കുക. അവിടുന്ന് കാണിച്ചുതന്ന മാർഗം മനസ്സിലാക്കുക. അതിനപ്പുറം നമ്മോട് കൽപിച്ചിട്ടുള്ളത് അവിടുന്ന് പഠിപ്പിച്ച ആദർശം പ്രണയിക്കാൻ മാത്രമല്ല. ആ തിരുമേനിയെ തന്നെ പ്രണയിക്കാനാണ്. അവിടുത്തെ വ്യക്തിത്വത്തെ തന്നെ സ്‌നേഹിക്കാനാണ്.  അങ്ങനെ സ്നേഹം യഥാർഥമാകുമ്പോൾ ആത്മാർഥമായി അവിടുത്തെ കൽപനകൾ അംഗീകരിക്കാൻ സാധിക്കും.അവിടുത്തെ ചര്യകൾ നിത്യജീവിതത്തിൽ പകർത്തും.


  തിരുനബിയെ പരിചയപ്പെടുന്നതിന്റെ ഒരു ഭാഗമാണ് അവിടുത്തെ ശരീരത്തിന്റെ വർണനകളത്രയും. പ്രവാചക പ്രകീർത്തനങ്ങളിൽ സുപ്രസിദ്ധനായ ഇമാം ബൂസ്വീരി(റ) അൽഖസ്വീദതുൽഹംസിയ്യ പറയുന്നത് നോക്കൂ: 'തീർച്ച, അവരൊക്കെ (പ്രവാചകന്മാർ) അവരുടെ സമുദായങ്ങൾക്കു വിവരിച്ചുകൊടുത്ത അങ്ങയുടെ വിശേഷണങ്ങൾ വെള്ളം ആകാശ താരകങ്ങളെ പ്രതിബിംബിക്കും പ്രകാരം മാത്രമായിരുന്നു...'. ഈ വരി വ്യാഖ്യാനിച്ച് ഇബ്‌നുഹജർ(റ) പറയുന്നു: 'നിശ്ചയം, അവർ ഉന്നതവും സമ്പൂർണവുമായ വാക്ചാതുര്യത്തോടെ തിരുനബി(സ്വ)യെ വർണിച്ചിട്ടുണ്ടെങ്കിലും അതിലെ അൽപം ചില സൂചനകൾ മാത്രമാണവർ പ്രാപിച്ചിട്ടുള്ളത്. അതിന്റെ യഥാർഥ തലങ്ങളെ ഉൾക്കൊള്ളാൻ അവർ അശക്തരായിരുന്നു...'(അൽ മിനഹുൽ മക്കിയ്യ: 1/135).
 നിരവധി പണ്ഡിതർ പ്രവാചകരുടെ ആകാരത്തെ വർണിച്ചുകൊണ്ടുതന്നെ രചനകൾ നിർവഹിച്ചിട്ടുണ്ട്. എന്നാൽ നാം മനസ്സിലാക്കേണ്ടത് നബി(സ്വ)ക്ക് മുമ്പ് വന്ന അമ്പിയാക്കൾക്ക് പോലും അന്ത്യപ്രവാചകരെ വേണ്ടത്ര വർണിക്കാൻ സാധിച്ചിട്ടില്ല. പിന്നെ പ്രവാചകന്മാരല്ലാത്തവർക്ക് എങ്ങനെ വർണിക്കാനാവും.


 തിരുദൂതരെക്കുറിച്ച് വിശുദ്ധ ഖുർആനിൽ  മക്കയിലെ അവിശ്വാസികൾ നടത്തിയ ചില ആരോപണങ്ങൾ പറയുന്നത് കാണാം:  അവർ പറയുന്നു: ഈ റസൂലിനെന്താണ്? ഇയാൾ ഭക്ഷണം കഴിക്കുകയും അങ്ങാടികളിൽ നടക്കുകയും ചെയ്യുന്നുണ്ടല്ലോ. (ഇങ്ങനെയാണോ റസൂലുകളുടെ സ്ഥിതി?) അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു മലക്കിനെ അയക്കപ്പെടുകയും എന്നിട്ട് ആ മലക്ക് അദ്ദേഹത്തിനോടൊപ്പം ഒരു താക്കീതുകാരനായി തീരുകയും ചെയ്യാത്തതെന്തുകൊണ്ടാണ്? അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുകയോ തനിക്കു ഭക്ഷിക്കുവാനുള്ള ഒരു തോട്ടം ഉണ്ടാവുകയോ ചെയ്യാതിരുന്നതെന്തുകൊണ്ടാണ്? '. ഈ അക്രമികൾ പറയുന്നു: ബുദ്ധിക്ക് ഭ്രമം ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങൾ പിന്തുടർന്നു നടക്കുന്നത്. (അൽ ഫുർഖാൻ 7,8). അതിനെക്കുറിച്ച് മറുപടി പറഞ്ഞ സ്ഥലങ്ങളിലാണ് ഞാനൊരു മനുഷ്യനാണെന്ന് വിശദീകരണം നൽകിയത്. അതിനെ റസൂൽ സാധാരണ മനുഷ്യനാണെന്നതിന് തെളിവാക്കിയ അൽപന്മാരുടെ കാര്യത്തിൽ നമുക്ക് സഹതപിക്കാം.


 നാം ഏത് അടിസ്ഥാനത്തിലാണോ ഒരാളെ സ്നേഹിക്കുന്നത് അതിൻ്റെ എല്ലാ ഘടകങ്ങളും റസൂലിലുണ്ട്(സ്വ). അതും സമ്പൂർണമായിത്തന്നെ. അഥവാ തിരുനബി(സ്വ) അൽ ഇൻസാനുൽ കാമിലാണ്. സമ്പൂർണ മനുഷ്യൻ. അതിനാൽ പരിധികളില്ലാതെ പ്രണയം പാടാനും പറയാനും നമുക്ക് കഴിയണം. അതിനാരെങ്കിലും ലജ്ജിക്കുന്നുവെങ്കിൽ അത് ലജ്ജയല്ല, അഹങ്കാരമാണ്. റസൂൽ(സ്വ) ഇല്ലെങ്കിൽ ഞാനില്ലെന്ന ബോധം മനസ്സിലുണ്ടാകണം. മത സൗഹാർദം പ്രകടിപ്പിക്കാനും അപരനെ ഉൾക്കൊള്ളാനും നമുക്ക് കഴിയണം. സഹജീവി സ്നേഹവും നമ്മുടെ സ്വഭാവത്തിൻ്റെ ഭാഗമാകണം. ഈ തിരുപ്പിറവി ദിനം അതിന് വഴിയൊരുക്കട്ടെയെന്ന് പ്രാർഥിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago