മക്ക നബിദിനമാഘോഷിച്ച ചരിത്രവും മുസ്‌ലിം ലോകത്തിന്റെ വർത്തമാനവും
ശുഐബുൽഹൈതമി
ഹിജ്‌റാബ്ദം 540ൽ മരണപ്പെട്ട സ്പാനിഷ് സഞ്ചാര സാഹിത്യകാരനായിരുന്ന ഇബ്‌നു ജുബൈറിന്റെ ബെയ്‌റൂട്ട് ഹിലാൽ ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച 'രിഹ്ലതുബിനി ജുബൈർ' എന്ന കൃതിയുടെ പേജ് 82ൽ ഇങ്ങനെ കാണാം; 'റബീഉൽ അവ്വലിൽ, പ്രത്യേകിച്ച് തിങ്കളാഴ്ച് നബിപ്പിറവി നടന്ന വീട് എല്ലാവർക്ക് വേണ്ടിയും തുറന്നുകൊടുക്കപ്പെടും. നബിദിനത്തിന്റെ അന്ന് മറ്റെല്ലാ പരിശുദ്ധസ്ഥലങ്ങളും ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുക്കപ്പെടാറുണ്ടായിരുന്നു'. ഹിജ്‌റാബ്ദം 597ൽ മരണപ്പെട്ട വിശ്വവിശ്രുത പണ്ഡിതൻ ഇബ്‌നുൽ ജൗസി(റ) തന്റെ 'ബയാനുൽ മൗലിദിശ്ശരീഫി'ൽ എഴുതി; 'മക്കാ-മദീനാ ഹറം നിവാസികളും ഈജിപ്ത്, യമൻ, സിറിയ തുടങ്ങി മറ്റെല്ലാ അറബ് ദേശക്കാരും റബീഉൽ അവ്വലിലെന്നും നബികീർത്തന സദസ്സുകൾ ഒരുക്കാറുണ്ടായിരുന്നു. റബീഉൽ അവ്വൽ മാസപ്പിറവിയെ അവർ ആഹ്ലാദപൂർവം വരവേൽക്കുകയും മൗലിദോതാനും കേൾക്കാനും അതീവ താൽപര്യം കാണിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയവർ ഉന്നതമായ വിജയവും പ്രതിഫലവും കരസ്ഥമാക്കുകയും ചെയ്യുന്നു'.
ഹിജ്‌റാബ്ദം 633ൽ മരണപ്പെട്ട ഹദീസ്-കർമശാസ്ത്രവിശാരദനായിരുന്ന അബുൽ അബ്ബാസി മുഹമ്മദുൽ മൻവനിയുടെ 'വറഖാതുൻ ഫീ ഹദാറതിൽ മറീനിയ്യീൻ' എന്ന കൃതിയുടെ 517, 518 പേജുകൾ ഉദ്ധരിച്ചുകൊണ്ട് തന്റെ കൃതിയിൽ എഴുതി;'തീർച്ച, നബിദിനത്തിന് മക്കയിൽ പൊതു അവധിയായിരുന്നു. അന്നേദിവസം സന്ദർശകർക്ക് വേണ്ടി വിശുദ്ധ കഅബാലയം തുറക്കപ്പെടാറുണ്ട്'.
ഹിജ്‌റാബ്ദം 779ൽ മരണമടഞ്ഞ, ലോകസഞ്ചാരിയും ചരിത്രകാരനുമായിരുന്ന ഇബ്‌നു ബത്തൂത്വയുടെ ട്രാവലോഗായ 'തുഹ്ഫതുന്നദ്ദാർ ഫീ ഗറാഇബിൽ അംസ്വാർ വ അജാഇബിൽ അസ്ഫാർ' എന്ന ലോകപ്രശസ്ത കൃതിയുടെ ഒന്നാം ഭാഗം 101 ാം പേജിൽ കാണാം; 'ഹജറുൽ അസ് CCവദിന്റെയും റുക്‌നുൽ ഇറാഖിയുടെയും ഇടയിലുള്ള വിശുദ്ധ കഅബാലയത്തിന്റെ വാതിൽ എല്ലാ ജുമുഅ നിസ്‌കാരാനന്തരവും പ്രവാചകപ്പിറവിയുടെ ദിനത്തിലും തുറക്കപ്പെടാറുണ്ടായിരുന്നു'. ഹിജ്‌റാബ്ദം 902ൽ മരണപ്പെട്ട ചരിത്രപണ്ഡിതൻ ശംസുദ്ധീനുസ്സഖാവി 'അൽ മൗരിദുൽറവിയ്യു ഫീ മൗലിദിന്നബിയ്യി വ നസബിഹിത്താഹിർ' എന്ന ഇമാം മുല്ലാ അലിയ്യുൽ ഖാരി(റ)വിന്റെ ഗ്രന്ഥത്തിൽ നിന്നുമുദ്ധരിച്ചുകൊണ്ട് എഴുതി; 'നന്മയുടെയും ഐശ്വര്യത്തിന്റെയും കലവറയായ മക്കക്കാർ, മീലാദ് ദിവസം തിരുനബിപ്പിറവി നടന്ന 'സൂഖുല്ലൈലിൽ' ഉള്ള ഭവനത്തിലേക്ക് ഉദ്ദേശ്യസാഫല്യം കൈവരിക്കാൻ വേണ്ടി നീങ്ങുമായിരുന്നു. സച്ചരിതരും സാധാരണക്കാരും ഒന്നൊഴിയാതെ അതിൽ ഭാഗവാക്കാകും. പണ്ഡിതപ്രമുഖരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അശ്ശരീഫ് സ്വാഹിബുൽ ഹിജാസ് സംഘടിപ്പിക്കുന്ന സദ്യ ഏറെ ശ്രദ്ധേയമാണ്. മധുരപലഹാരങ്ങളും മറ്റുഭക്ഷണ വിഭവങ്ങളും എല്ലാവർക്കും വിതരണം ചെയ്തുകൊണ്ടായിരുന്നു ചടങ്ങ് പൂർണമാവാവുക. മീലാദ് ദിനത്തിന്റെ പ്രഭാതത്തിൽ തന്റെ ഭവനത്തിൽ സ്വദേശികളും വിദേശികളുമായ വിശ്വാസികൾക്ക് വേണ്ടി ജീവിതദുരിതങ്ങൾ നീങ്ങുകയെന്ന ഉദ്ദേശ്യത്തിൽ സൽക്കാര സുപ്രകൾ വിരിക്കപ്പെടുമായിരുന്നു'.
ഹിജ്‌റാബ്ദം 986 ൽ മരണപ്പെട്ട ജമാലുദ്ദീൻ മുഹമ്മദ് ജാറുല്ലാഹിൽ ഖുറൈഷിൽ മഖ്ദൂമി തന്റെ 'അൽ ജാമിഉല്ലത്വീഫ് ഫി ഫദ്‌ലി മക്ക: വ അഹ്ലിഹാ വ ബിനാഇ ബൈതിശ്ശരീഫ്' എന്ന കൃതിയുടെ പേജ് 201 -202 ൽ എഴുതി; 'റബീഉൽ അവ്വൽ 12ാം രാവ് മഗ്‌രിബ് നിസ്‌കാരാനന്തരം മക്കയുടെ ഖാസി വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ തിരുപ്പിറവി നടന്ന സ്ഥലം സന്ദർശിക്കും. മൂന്ന് ഖാസിമാരും പൗരപ്രധാനികളും പണ്ഡിതന്മാരും അകമ്പടി സേവിക്കും. ദീപാലങ്കാരങ്ങളും വർണവിളക്കുകളും ആളാരവങ്ങളും നിറഞ്ഞ് കവിയും'.
ഹിജ്‌റാബ്ദം 988ൽ മരണപ്പെട്ട അല്ലാമാ ഖുത്വുബുദ്ധീനുന്നഹർവാലി തന്റെ 'അൽ ഇഅ്‌ലാമു ബി അഅ്‌ലാമി ബൈതില്ലാഹിൽ ഹറാം' എന്ന കൃതിയിൽ എഴുതി; 'റബീഉൽ അവ്വൽ പന്ത്രണ്ടിന് തിരുപ്പിറവി നടന്ന സ്ഥലത്ത് വൻ ജനാവലി സന്ദർശനത്തിനെത്തും. കൊടികളും തോരണങ്ങളുമായി ഹറമിലെ ഇമാമുമാർ, നാല് ഖാസിമാർ, ഉന്നതവ്യക്തിത്വങ്ങൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവരും മഗ്‌രിബാനന്തരം മസ്ജിദുൽ ഹറാമിൽ നിന്ന് സൂഖുല്ലൈലിലേക്ക് നീങ്ങും. തിരുഗേഹത്തിലെത്തിയാൽ ഒരാൾ പ്രകീർത്തന പ്രഭാഷണം നിർവഹിക്കും. ഭരണാധികാരികൾക്കായി പ്രാർഥിക്കും. ശേഷം അവർ മസ്ജിദിലേക്ക് മടങ്ങും. മസ്ജിദിന് മധ്യേ നിരനിരയായി ഇരിക്കും. ശേഷം സംസം നിർവാഹക സമിതി മേധാവി ഹറം ഭരണാധികാരിയുടെയും ന്യായാധിപന്മാരുടെയും സാന്നിധ്യത്തിൽ എഴുന്നേറ്റുനിന്ന് സംസാരിക്കും. പരസ്പരം സ്ഥാനവസ്ത്രങ്ങൾ അണിയിപ്പിക്കും. അപ്പോഴേക്ക് ഇശാഅ് ബാങ്ക് മുഴങ്ങും. പതിവുപോലെ ഇശാഅ് നിസ്‌കാരം നടക്കും. പിന്നെ പണ്ഡിതന്മാർ ഹറം മേധാവിയോടൊപ്പം പ്രവേശന കവാടത്തിലേക്ക് ഒന്നിച്ചുവന്ന് ചടങ്ങവസാനിപ്പിക്കും. ഇത് ഹറം മേൽനോട്ടക്കാരന്റെ പ്രധാന പദവികളിലൊന്നായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള എല്ലാവിഭാഗം ആളുകളും അന്നതിൽ സംബന്ധിക്കുകയും സന്തോഷിക്കുകയും ചെയ്യുമായിരുന്നു'.
ഹിജ്‌റാബ്ദം 1114ൽ മരണപ്പെട്ട തത്വചിന്തകനായ മഹാപണ്ഡിതൻ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി(റ) തന്റെ 'ഫുയൂദുൽ ഹറമൈനി ' യുടെ 80-81 പേജുകളിൽ എഴുതി; '... അതിന് മുമ്പ് ഞാൻ നബിപ്പിറവി ദിനത്തിൽ വിശുദ്ധ മക്കയിലെ തിരുഭവനത്തിലായിരുന്നു. അവിടെ ജനങ്ങൾ പുണ്യനബി(സ്വ)യുടെ മേൽ അപദാനഗാഥകൾ വർഷിക്കുകയായിരുന്നു. സംഗമത്തിൽ തിരുപ്പിറവിയോടനുബന്ധിച്ചുണ്ടായ അത്ഭുത സംഭവങ്ങൾ പറഞ്ഞുകൊണ്ടിരിക്കേ ഞാനൊരത്ഭുതം ദർശിച്ചു: അതിവേഗം വെളിച്ചത്തിന്റെ ഒരു മിന്നൽപിണർ അവിടെ പരന്നു. അത് ഞാൻ കണ്ടത് ഭൗതികനേത്രങ്ങൾ കൊണ്ടായിരുന്നില്ല. എന്നാൽ ആത്മാവിന്റെ കണ്ണുകൊണ്ട് മാത്രമാണെന്ന് പറയാനും വയ്യ. അത് രണ്ടിന്റെയും ഇടയിലെങ്ങനെ അത് സംഭവിച്ചുവെന്നത് അല്ലാഹുവിന് ഏറ്റവുമറിയാം. എനിക്ക് തോന്നുന്നത്, അത്തരം സദസ്സുകളുടെ ചുമതല വഹിക്കുന്ന മാലാഖമാർ വന്നിറങ്ങിയതാണെന്ന് തന്നെയാണ്. വിശ്വകാരുണ്യത്തിന്റെ പ്രകാശവും മാലാഖമാരുടെ പ്രകാശവും കൂടിക്കുഴയുന്നത് ഞാനവിടെ കണ്ടു'.
പ്രാചീന, മധ്യകാല, പൂർവാധുനീക അറബ് ലോകവും വിശുദ്ധഹറമും നബിദിനം കൊണ്ടാടിയ രേഖകളാണ് മുകളിൽ ഉദ്ധരിച്ചത്. സ്‌നേഹപ്രകടനം സ്‌നേഹം പോലെത്തന്നെ അനൈഛികമായതിനാൽ അവിടെ നിയമഭാഷ്യങ്ങൾ സാധുവല്ല. നബവീ സന്ദേശങ്ങളുടെ നിശബ്ദ പ്രചാരണം, ആധ്യാത്മികമായ ഇടതേട്ടം, ജീവിതം പുനഃക്രമീകരിക്കാനുള്ള അവസരം, അക്ഷര പ്രമാണങ്ങളിൽ വരണ്ടുണങ്ങാതെ ഇസ്ലാമിനെ കലാത്മകമായി നിലനിർത്താനുള്ള സൗന്ദര്യബോധം തുടങ്ങി ഒട്ടനേകം ഘടകങ്ങളുടെ സംയുക്തമാണ് മീലാദാഘോഷം.
ആധുനിക അറബ് പണ്ഡിത മന്ത്രാലയ സമിതികളും നബിദിനം വിശേഷദിവസവും ആഘോഷം പുണ്യകർമവുമാണെന്ന് പറയുന്നു. മത ഔഖാഫ് കാര്യ മന്ത്രാലയം, ജി.സി.സി, ഈജിപ്ത്, മൊറോക്കോ, ഇറാഖ്, ഫലസ്തീൻ ഖുദ്‌സ് ഫത്‌വാ ഉന്നത സമിതി, ചെച്‌നിയ, യു.എ.ഇ, കുവൈത്ത്, സിറിയ, ലബനൻ, ബോസ്‌നിയ, ഒമാൻ, ബഹ്‌റൈൻ, തുർക്കി, മാലദ്വീപ്, മലേഷ്യ, ഇന്തോനേഷ്യ, ചാഡ്, സെനഗൽ, തുനീഷ്യ, മൗറിത്യാനിയ, സുദാൻ, പാകിസ്താൻ, ലിബിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ മത ഔഖാഫ് ഫത്‌വാ സമിതികളും മന്ത്രാലയങ്ങളും അതിൽപ്പെടുന്നു. യു.കെ, യു.എസ്.എ അടക്കമുള്ള വികസിത രാഷ്ട്രങ്ങളിലും യൂറോപ്പിൽ മൊത്തത്തിലും നബിദിനത്തിന് സന്ദേശ റാലികളും പ്രഭാഷണങ്ങളും നടക്കുന്നു.
ആസ്ത്രേലിയയിലെ സിഡ്‌നി മുതൽ കാനഡയിലെ ടൊറന്റോ വരെ മൗലിദിന്റെ ഭാഗമാവുന്നു. വ്യത്യസ്ത രാഗങ്ങളിൽ, ഭാഷകളിൽ നടക്കുന്ന പ്രകീർത്തന കാവ്യാലാപനങ്ങൾ ലോകമൊന്നടങ്കം സ്വീകരിക്കപ്പെടുന്നു. ദിനംപ്രതി അപ്ലോഡ് ചെയ്യപ്പെടുന്ന അന്താരാഷ്ട്ര പ്രശസ്തർ മുതൽ പ്രാദേശിക ഗായകർ വരെയുള്ളവരുടെ മദ്ഹ് ഖസ്വീദ നഷീദകൾക്ക് മില്യൺ കണക്കിന് കേൾവിക്കാരെ ലഭിക്കുന്നു. ദൂരവും ഭാഷയും അവിടെ അപ്രസക്തമാവുന്നു. അതായത്, വിശ്വവികാരമാണ് മുഹമ്മദീയ ജന്മസുദിനത്തിന്റെ സന്തോഷവും സന്ദേശവും, സ്വല്ലല്ലാഹു അലൈഹി വ സല്ലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."