വിട്ടൊഴിയാതെ വിവാദങ്ങള്‍: മുന്നണിയോഗം വിളിച്ച് ചര്‍ച്ചചെയ്യാന്‍ സി.പി.എം
തിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പാര്‍ട്ടി നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ സി.പി.എം. മരംമുറി വിവാദത്തില്‍ തുടങ്ങി മന്ത്രി ശശീന്ദ്രന്റെ ഫോണ്‍വിളിയിലും ഐ.എന്‍.എല്ലിലെ പിളര്‍പ്പിലും എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ വിവാദ വിഷയങ്ങളും ഇടതുമുന്നണി യോഗം വിളിച്ചു ചര്‍ച്ച ചെയ്യുന്നതോടൊപ്പം മന്ത്രിമാര്‍ക്കു പൊതുവെ ശക്തമായ പെരുമാറ്റച്ചട്ടം രൂപപ്പെടുത്താനും സി.പി.എം ഒരുക്കം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പു കേസ് ചര്‍ച്ചചെയ്തു. ബാങ്കിലെ തട്ടിപ്പ് അറിയാമായിരുന്നിട്ടും വിഷയം സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും ഒളിപ്പിച്ചുവച്ചതിനു പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ചില സെക്രട്ടേറിയറ്റ് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കരുവന്നൂര്‍ ബാങ്ക് കേസിനു പിന്നാലെ പാര്‍ട്ടി ഭരിക്കുന്ന മറ്റു ചില ബാങ്കുകളിലും സമാനമായ തട്ടിപ്പു വാര്‍ത്തകള്‍ പുറത്തുവരുന്നതു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
കരുവന്നൂര്‍ സഹകരണ ബാങ്കിലടക്കം നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്താന്‍ സര്‍ക്കാരിനു സി.പി.എം നിര്‍ദേശം നല്‍കി. പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണസമിതികള്‍ ഉണ്ടെങ്കിലും സഹകരണ ബാങ്കുകളുടെ മേല്‍നോട്ട ചുമതല സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് സി.പി.എം നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ ആക്ഷേപങ്ങള്‍ സി.പി.എം ജില്ലാ നേതൃത്വത്തിന് അറിയാമായിരുന്നുവെന്നാണു വിവരം. പലതവണ ബാങ്ക് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം ഗൗരവത്തോടെ കണ്ടില്ലെന്ന പരാതി അവിടുത്തെ നേതാക്കള്‍ സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എം സമഗ്രമായ പാര്‍ട്ടിതല അന്വേഷണം നടത്തുകയാണ്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ശക്തമായ പാര്‍ട്ടി നടപടികളും ഉണ്ടാകും.
ഇതിനിടെ എന്‍.സി.പി മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദവും സര്‍ക്കാരിനും ഇടതുമുന്നണിയ്ക്കും തലവേദന സൃഷ്ടിച്ചു. എന്‍.സി.പിയില്‍ അച്ചടക്കനടപടികള്‍ ഉണ്ടായെങ്കിലും പീഡനകേസുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ ഫോണ്‍വിളി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. ഐ.എന്‍.എല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങളും തലവേദനയായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ നിരന്തരമായി ഉണ്ടാകുന്ന വിവാദങ്ങള്‍ സി.പി.എമ്മിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."