വിളക്കിലൂടെ പുറത്തുവന്ന ദലിതന്റെ വിലക്ക്
ജാതീയത തീർത്ത സവർണ പൊതുബോധത്തിന്റെ സ്വാധീനത്തിൽനിന്ന് കേരളം ഇപ്പോഴും മോചിതമായിട്ടില്ല എന്ന് ഞെട്ടലോടെ ഓർമിപ്പിക്കുന്നതാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനുണ്ടായ ദുരനുഭവം. ഒരു മന്ത്രിക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇന്നാട്ടിലെ ദലിതരും കീഴ്ജാതിക്കാരും നേരിടേണ്ടിവരുന്ന ജാതി തീണ്ടായ്മയുടെ ആഴം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ നിലവിളക്ക് കൊളുത്താൻ തന്നെ അനുവദിച്ചില്ലെന്നാണ് മന്ത്രി തുറന്നുപറഞ്ഞത്. അതിന് കാരണം മന്ത്രിയുടെ ജാതിതന്നെയാണെന്ന് വ്യക്തം. ദീപം തെളിയിക്കാനുള്ള വിളക്ക് കൈയിൽ തരാതെ നിലത്തുവയ്ക്കുകയായിരുന്നുവെന്നും
താൻ നിലത്തുനിന്ന് എടുത്ത് കത്തിച്ചോട്ടെ എന്നായിരിക്കും പൂജാരി കരുതിയതെന്നും മന്ത്രി പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പയ്യന്നൂരിലെ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിലാണ് ദേവസ്വം മന്ത്രി ഈ ജാതിവിവേചനത്തിന് ഇരയായത്. സംഭവം നടന്ന് എട്ടു മാസമായിട്ടും ഈ വിവേചനം പൊതുസമൂഹം ചർച്ച ചെയ്തില്ല എന്നതും ആശ്ചര്യകരം തന്നെയാണ്.
ഒടുവിൽ മറ്റൊരു വേദിയിൽ മന്ത്രിക്കുതന്നെ ദുരനുഭവം തുറന്നുപറയേണ്ടിയും വന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളുമെല്ലാം സന്നിഹിതരായ വേദിയിലാണ് മന്ത്രിക്ക് അവഹേളനമുണ്ടായത്. സംഭവം വിവാദമായതോടെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കേണ്ട കുറ്റമാണ് മന്ത്രി നേരിട്ടതെങ്കിൽ അത് മറച്ചുവച്ചവർക്ക് എന്ത് ന്യായീകരണമാണ് നിരത്താനുള്ളത്?
കേരളീയ സമൂഹത്തിൽ ജാതി ശക്തമായി പ്രവർത്തിക്കുന്നതിൻ്റെ ഒടുവിലെ തെളിവാണിത്. ആഗോളതലത്തിൽപോലും കേരളത്തിന്റെ ജാതിയില്ലായ്മ ഉദ്‌ഘോഷിക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് മന്ത്രിയായിരിക്കെപ്പോലും രാധാകൃഷ്ണൻ അവഗണിക്കപ്പെട്ടത്. കാരണം ഒന്നേയുള്ളൂ, ആ മന്ത്രിയുടെ ജീവിത പരിസരത്ത് ദലിത് സാന്നിധ്യമുണ്ട് എന്നതാണ്. മന്ത്രിയാണെങ്കിലും ഹീന ജന്മമാണെന്ന് ജാതിമേലാളന്മാർ കരുതുന്നതുകൊണ്ടാണ് ഈ അവഗണനയ്ക്ക് സാധൂകരമേകുന്നത്.
ഈ വിഭാഗത്തിലുള്ളവർ വ്യക്തിപരമായി എത്രയൊക്കെ നേട്ടമുണ്ടാക്കിയാലും സവർണർ അംഗീകരിക്കില്ലെന്നതാണ് ജനാധിപത്യസമൂഹം ഇതിലൂടെ തിരിച്ചറിയേണ്ട ആപൽക്കരമായ പാഠം.
കേരളം തുല്യതയെ അംഗീകരിക്കുന്ന ജനാധിപത്യ സമൂഹമാണ്. അത് ജാതിക്കോമരങ്ങൾക്ക് കീഴ്‌പ്പെടാനുള്ളതല്ല. രാധാകൃഷ്ണൻ നേരിട്ട വിവേചനം ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരേ നടപടിയെടുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ആശ്വാസകരമാണ്. എങ്കിലും ചിലരൊക്കെ ജാതി വ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ട് ജീവിക്കേണ്ടവരാണെന്ന് കരുതി ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അത്തരക്കാരെ തിരുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.
അയൽ സംസ്ഥാനങ്ങളിൽ അരങ്ങുതകർത്താടുന്ന ജാതീയതയ്ക്കെതിരേ ധാർമികരോഷം കൊള്ളുന്ന കേരളീയ സമൂഹത്തിൽ നിന്നാണ് തീണ്ടലിന്റെയും വിവേചനത്തിൻ്റെയും വാർത്തകൾ കേൾക്കേണ്ടിവരുന്നത്. കേരളത്തിൽ ജാതിവെറിയുടെ പരിഷ്‌കൃതരൂപങ്ങൾ അരങ്ങുവാഴുന്നുണ്ടെന്നത് കെട്ടുകഥയല്ല. കോട്ടയം കെ.ആർ നാരായണൻ നാഷനൽ വിഷ്വൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുറച്ചുമുമ്പ് നമ്മൾ ശ്വസിച്ചത് ജാതീയതയുടെ പൊട്ടിയൊലിച്ച വ്രണത്തിൽ നിന്നുള്ള ദുർഗന്ധമായിരുന്നു.
പ്രബുദ്ധരെന്നും പുരോഗമന ചിന്താഗതിക്കാരെന്നും അവകാശപ്പെടുന്ന വിദ്യാർഥി-യുവജന സംഘടനകളൊന്നും ഇവിടെ അവകാശത്തിനുവേണ്ടി സമരം ചെയ്ത ദലിത് വിദ്യാർഥികൾക്കൊപ്പം അണിനിരന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ പോലെ ദുരഭിമാനക്കൊലകൾക്കും സാക്ഷ്യംവഹിച്ചപ്പോൾ ഇതിനു പിന്നിലെ ജാതീയതയെ പിഴുതെറിയാനുള്ള ചുവടുവയ്‌പ്പൊന്നും സാക്ഷര കേരളത്തിൽ നിന്ന് ഉണ്ടായില്ല.
പാലക്കാട്ടെ ഗോവിന്ദപുരം അംബേദ്ക്കർ കോളനിയിലെ ചക്ലിയർ എന്ന പിന്നോക്ക സമുദായത്തിന് നേരിടേണ്ടിവന്ന അയിത്തത്തിന്റെയും തീണ്ടലിന്റെയും യഥാർഥ്യങ്ങൾ നമ്മുടെ മനസ്സക്ഷിയെ പൊള്ളിച്ചില്ല. തലസ്ഥാന ജില്ലയിലെ ഒരു പൊതുകുളത്തിൽ ചില ദലിത് വിഭാഗങ്ങൾക്ക് വിലക്കുണ്ടെന്നത് സൗകര്യപൂർവം മറന്നിരിക്കുകയാണ്.
മധു എന്ന ദലിതനെ ഭക്ഷണം മോഷ്ടിച്ചെന്ന കാരണത്താൽ ആൾക്കൂട്ടം അടിച്ചുകൊന്നപ്പോഴും ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലയുയർത്തുന്ന ഭീതിയെന്ന വികാരം നമുക്കുണ്ടായില്ല. എന്തിനേറെ ശബരിമലയിൽ കോടതി ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്കുപോലും ജാതിയധിക്ഷേപം നേരിടേണ്ടിവന്ന നാടാണിത്.
ജാതി വിവേചനത്തിന് ഇരയാകുന്നവരെ സമൂഹമായി കാണാതെ വ്യക്തികളായി മാത്രം കാണാനാണ് ഭരണകൂടങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽതന്നെ കേരളത്തിൽ ജാതിവിവേചനം ചർച്ചയാകുന്നില്ല.
സർക്കാരിനെ നിലനിർത്തുന്ന രാഷ്ട്രീയസമൂഹമാണ് ഇതിനെ ജാതിയുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യാൻ മടിക്കുന്നത്. കേരളം കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണ് ഇതെന്ന് പറയാതിരിക്കാനുമാവില്ല. കണ്ണൂരിൽ ഈയടുത്ത് ദലിത് യുവതി ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് വീണ്ടും ആരോ തീയിട്ടു. ചിത്രലേഖയ്ക്ക് നേരെയുള്ള അതിക്രമമായി മാത്രമാണ് സർക്കാരും പൊലിസും ഇതിനെ കാണുന്നത്, ചിത്രലേഖ നേരിടേണ്ടിവരുന്ന അതിക്രമത്തെ ദലിത് സമൂഹം നേരിടുന്ന വിഷയവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യാൻ സി.പി.എമ്മോ ഇടതുസർക്കാരോ തയാറാകുന്നില്ല.
മലയാളികൾ നേടി എന്നഭിമാനിക്കുന്ന പുരോഗമന ചിന്ത വെറും മിഥ്യയാണെന്ന് വിളിച്ചുപറയുന്നതാണ് ഇത്തരം ആവർത്തനങ്ങൾ. രാജ്യത്തെ ജനതയെ സനാതന ധർമത്തിന്റെ ചട്ടക്കൂട്ടിൽ വീണ്ടും തളച്ചിടാനുള്ള ഇടപെടലുകൾ നടക്കുമ്പോഴാണ് കേരളം ജാതിവിവേചനത്തിന്റെ വാർത്ത ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ദലിത് പൂജാരിമാരെ കൊണ്ടുവരാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇത്തരം സംഭവമെന്നത് ഏറെ കൗതുകകരം.
നവോത്ഥാനത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തിലും ജാതി ചിന്തകളുടെ ദുഷിച്ച രീതികൾ നിലനിൽക്കുന്നുവെന്നത് അഭിമാനമല്ല, ദുരഭിമാനമാണ്. ഇതിനെ മറികടക്കാൻ നാട് ഇനിയും മുന്നേറണം. മനുഷ്യന് അയിത്തം കൽപിക്കുന്ന വ്യവസ്ഥിതിയെ അംഗീകരിക്കാനാകില്ലെന്ന് പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്. അതിന് ദലിതുസമൂഹവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ നിലകൊള്ളണം. മന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ വ്യക്തിപരമായ ആക്രമണമല്ല ഉണ്ടായത്, ആധുനിക സമൂഹത്തോടുള്ള അധിക്ഷേപം തന്നെയാണ്.
Content Highlights:Dalit's ban came out through the lamp
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."