'ഞങ്ങള്‍ ആത്മഹത്യ ചെയ്യണോ..? ' കൊവിഡ് കാലത്തെ ദയനീയാവസ്ഥ വിവരിച്ച് വ്യാപാരി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് കാലത്തെ ദയനീയാവസ്ഥയും നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും വിവരിക്കുന്ന വ്യാപാരിയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍.
നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍, വസ്ത്രവ്യാപാരിയായ അര്‍ഷാദ് നഗരസഭാധ്യക്ഷയോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തുടര്‍ച്ചയായ അടച്ചിടല്‍ കാരണം വ്യാപാരികള്‍ നേരിടുന്ന ദയനീയ സ്ഥിതി അര്‍ഷാദിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാണ്.
കഴിഞ്ഞ 80 ദിവസമായുള്ള അടച്ചിടല്‍ കാരണം ജീവിതമാകെ താളം തെറ്റിയെന്നും ഞങ്ങളിനി ആത്മഹത്യ ചെയ്യണോയെന്നും അര്‍ഷാദ് ചോദിക്കുന്നു.
കാസര്‍കോട്ടേക്ക് തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ഓടുമ്പോള്‍ ഉണ്ടാകുന്ന റിസ്‌ക് നാട്ടില്‍ കട തുറക്കുമ്പോള്‍ ഉണ്ടാകുന്നില്ല. ഫാന്‍സി കടകളിലും ചെരുപ്പു കടകളിലും ആവശ്യക്കാര്‍ മാത്രമാണ് പോകുന്നത്. എന്നിട്ടും ഇവയൊക്കെ അടച്ചിടുകയാണ്.
കൊവിഡ് രോഗികള്‍ കൂടുതലുണ്ടായിട്ടും ടെസ്റ്റ് പോസ്റ്റിവിറ്റി കുറവാണെന്ന കാരണത്താല്‍ ബി കാറ്റഗറിയില്‍ രോഗികള്‍ കുറഞ്ഞു. പക്ഷേ പോസിറ്റിവിറ്റി കൂടിയെന്ന പേരില്‍ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളുടെ കാര്യവും അര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു. കണ്ഠമിടറിയുള്ള അര്‍ഷാദിന്റെ വാക്കുകള്‍ക്ക് പിന്തുണയറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."