കയ്യാങ്കളിക്കേസ്: അടിയന്തര പ്രമേയത്തിന് നോട്ടിസ്
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരായ സുപ്രിം കോടതി വിധി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് പി.ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക.
അതേസമയം, ആരോഗ്യ കാരണങ്ങളാല്‍ ശിവന്‍കുട്ടി ഇന്നും സഭയിലെത്തിയില്ല. പനി ബാധിച്ച് വിശ്രമിക്കുന്നതിനാല്‍ മൂന്നു ദിവസം സഭയില്‍ എത്താനാകില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
2015ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.
കേസ് പിന്‍വലിക്കാനാകില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇന്നലെ വിധിച്ചു. മന്ത്രി ശിവന് കുട്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ. സദാശിവന്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."