നിലമ്പൂര്‍ രാധ വധം: പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് തൂപ്പുകാരിയായിരുന്ന രാധ (49) കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് ഹരജി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെ ഹൈക്കോടതി ശരിയായ രീതിയില്‍ വിലയിരുത്തിയില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി പലപ്പോഴും സാഹചര്യ തെളിവുകളിലേക്ക് പോയിട്ടില്ലെന്നും വിശദമായ പരിശോധന നടത്തിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.
അതിനാല്‍ കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍, അന്തരിച്ച മുന്‍ മന്ത്രി ആര്യാടാന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ബി കെ ബിജു അടക്കമുള്ള പ്രതികളെ വിചാരണക്കോടതി ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്‌തെങ്കിലും 2021 മാര്‍ച്ച് 31ന് ഹൈക്കോടതി വെറുതെവിടുകയായിരുന്നു.
ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതി നടപടി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചിരുന്നു. 2014ല്‍ ആണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി ചിറയ്ക്കല്‍ വീട്ടില്‍ രാധ കൊല്ലപ്പെട്ടത്.
2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
രാവിലെ ഒമ്പതോടെ അടിച്ചുവാരാന്‍ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ദീന്റെ ഓട്ടോയില്‍ കൊണ്ടുപോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികള്‍ നല്‍കിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍ നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ സിം ഊരിയ ശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ അങ്ങാടിപ്പുറം വരെ കൊണ്ടുപോയതിനു ശേഷമാണു കളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."