സഊദിയിലേക്കെത്താൻ ഇനി പുതിയ കടമ്പ; സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാമുമായി തൊഴിൽ മന്ത്രാലയം, ഏകീകൃത പ്ലാറ്റ്ഫോം നടപ്പിലാക്കുന്നു
റിയാദ്: സഊദിയിലേക്കെത്തുന്ന പ്രവാസികളുടെ കഴിവ് പൂർണ്ണമായി പരിശോധിക്കുന്നതിനായി പുതിയ സംവിധാനവുമായി സഊദി അറേബ്യ. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസി തൊഴിലാളികളുടെ യോഗ്യതകൾ പരിശോധിക്കുന്നതിനായി സ്‌കിൽ വെരിഫിക്കേഷൻ സേവനത്തിനായി ഒരു ഏകീകൃത പ്ലാറ്റ്ഫോം ആരംഭിച്ചു. ഘട്ടം ഘട്ടമായി 62 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് നടപ്പിലാക്കും.
പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാം പ്രതിനിധീകരിക്കുന്ന മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ പ്ലാറ്റ്‌ഫോമിലൂടെ 62 രാജ്യങ്ങളിൽ ഘട്ടം ഘട്ടമായാണ് പുതിയ സേവനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. ആകർഷകമായ തൊഴിൽ വിപണി കെട്ടിപ്പടുക്കുന്നതിനും തൊഴിൽ അന്തരീക്ഷം ശാക്തീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കം.
സഊദി തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പ്രവാസി തൊഴിലാളി അംഗീകൃത അക്കാദമിക് യോഗ്യതയുള്ളയാളാണെന്ന് ഉറപ്പാക്കുകയും വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി തൊഴിലുകളും ജോലികളും ഏറ്റെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് പുതിയ പദ്ധതി. തൊഴിലിന് ആവശ്യമായ നിലവാരം, വിദ്യാഭ്യാസ മേഖല, എക്സ്പീരിയൻസ് എന്നിവയും പരിശോധിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്‌ത ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
രാജ്യത്തിലെ പ്രവാസി തൊഴിലാളികളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അക്കാദമികമായി യോഗ്യതയില്ലാത്ത തൊഴിലാളികൾക്ക് തൊഴിൽ വിപണിയിൽ ഇടം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും വൊക്കേഷണൽ വെരിഫിക്കേഷൻ സേവനം സഹായിക്കും. തൊഴിൽ വിപണിയെ നിയന്ത്രിക്കാനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രൊഫഷണൽ സേവനങ്ങളുടെ നിലവാരം ഉയർത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും പുതിയ നീക്കത്തിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."