ശൂറാ കൗൺസിൽ തിരഞ്ഞെടുപ്പ് നിയമത്തിന് ഖത്തർ ഭരണാധികാരിയുടെ അംഗീകാരം; 30 മണ്ഡലങ്ങൾ
ദോഹ: ഖത്തര്‍ ഭരണ സംവിധാനത്തിന്റെ സുപ്രധാന ഘടകമായ ശൂറ കൗണ്‍സില്‍ അംഗങ്ങളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതു മുതല്‍ നിയമം നടപ്പില്‍ വരും.
ശൂറ കൗണ്‍സില്‍ ഇലക്ടറല്‍ ജില്ലകളും അവ ഉള്‍പ്പെടുന്ന മേഖലകളും അമീര്‍ പ്രഖ്യാപിച്ചു. ഇത് പ്രകാരം 30 ഇലക്ടറല്‍ ജില്ലകളായി രാജ്യത്തെ വിഭജിക്കും. ഓരോ മണ്ഡലത്തില്‍ നിന്നും ഒരു പ്രതിനിധിയെ വീതം തിരഞ്ഞെടുക്കും. ഈ വര്‍ഷം ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മിറ്റി രൂപീകരിക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടത്.
ആര്‍ക്കാണ് വോട്ട് ചെയ്യാനാവുക
ഖത്തറില്‍ ജനിച്ച ഖത്തരി പൗരത്വമുള്ള(പിതാ മഹന്‍ ഖത്തരി ആയ) മുഴുവന്‍ ആളുകള്‍ക്കും വോട്ട് അവകാശമുണ്ടാവും.
സ്ഥാനാര്‍ഥി
1. 1930ന് മുമ്പ് ഖത്തറില്‍ താമസമാക്കിയ കുടുംബത്തില്‍ നിന്നുള്ള ഖത്തരി പൗരനനായിരിക്കണം
2. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് 30 വയസ്സില്‍ കുറയാന്‍ പാടില്ല
3. അറബി നന്നായി വായിക്കാനും എഴുതാനും അറിയണം
4. മാന്യനും നല്ല സ്വഭാവത്തിന് ഉടമയും സത്യസന്ധനും ആയിരിക്കണം
5. മല്‍സരിക്കുന്ന ഇലക്ടറല്‍ ഡിസ്ട്രിക്ടില്‍ രജിസ്റ്റര്‍ ചെയ്തയാള്‍ ആയിരിക്കണം
6. വിശ്വാസ വഞ്ചന, സദാചാര ലംഘനം തുടങ്ങിയ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടയാള്‍ ആവരുത്
മണ്ഡലങ്ങള്‍
1. ഫരീജ് അല്‍ ഖുലൈഫാത്ത്
2. ഫരീജ് അല്‍ ഹത്മി
3. ഫരീജ് അല്‍ സലത്ത
4. അല്‍ മിര്‍ഖബ്
5. ഓള്‍ഡ് അല്‍ ഗാനിം
6. മുശൈരിബ്
7. അല്‍ ബിദ്ദ
8. ബറാഹത്ത് അല്‍ ജഫൈരി
9. ദോഹ അല്‍ ജദീദ്
10. റൗദത്ത് അല്‍ ഖൈല്‍
11. അല്‍ റുമൈല
12. ഫരീജ് അല്‍ നജ്ദ
13. സൗത്ത് അല്‍ വക്‌റ
15. നോര്‍ത്ത് അല്‍ വക്‌റ
16. അല്‍ സൈലിയ
17. ഓള്‍ഡ് റയ്യാന്‍
18. അല്‍ ഖര്‍ത്തിയാത്ത്
19. അല്‍ ദായീന്‍
20. അല്‍ ഖോര്‍ താക്കിറ
21. അല്‍ മശ്‌റബ്
22. അല്‍ ഗാരിയ
23. അല്‍ റുവൈസ്
24. അബ ദലൂഫ്
25. അല്‍ ജുമൈല്‍
26. അല്‍ കുവൈരിയ
27. അല്‍ നസ്‌റാനിയ, അല്‍ ഖുലൈബ്
28. ദുഖാന്‍
29. അല്‍ ഖര്‍സാഹ്, ഉമ്മഹാത്ത് സാവി, അല്‍ ഉവൈര്‍ന
30. റൗദത്ത് റാഷിദ്
തിരഞ്ഞെടുപ്പ് ഫണ്ട്, പ്രചാരണം
നിയമപ്രകാരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി രാജിവയ്ക്കാതെ തന്നെ ശൂറ കൗണ്‍സിലിലേക്ക് മല്‍സരിക്കാം. വോട്ടര്‍ രജിസ്ട്രഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമത്തില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 20 ലക്ഷം റിയാലാണ് ചെലവഴിക്കാനാവുക. ഇതിന് മേല്‍നോട്ടം വഹിക്കാനും പണത്തിന്റെ ഉറവിടം നിരീക്ഷിക്കാനും സംവിധാനമുണ്ടാവും.
സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പൊതു, സ്വകാര്യ മാധ്യമങ്ങള്‍ പക്ഷപാതിത്വമില്ലാത്ത രീതിയില്‍ ഇടം നല്‍കണം. പൊതു സ്ഥലങ്ങളില്‍ പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കുന്നതിലും പക്ഷപാതിത്വം പാടില്ല.
മന്ത്രിമാര്‍, ജൂഡീഷ്യറി അംഗങ്ങള്‍, സൈനികര്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മല്‍സരിക്കാനാവില്ല. സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ നിയമിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക.
വിദേശ ഇടപെടല്‍, വോട്ട് പണം കൊടുത്ത് വാങ്ങല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പിന് ശേഷം ശൂറ കൗണ്‍സിലിന്റെ അധികാരം കൂടുതല്‍ വിപുലപ്പെടുത്തുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."