'സനാതനത്തെ നശിപ്പിച്ചാല്‍ തൊട്ടു കൂടായ്മയും ഇല്ലാതാകും' വീണ്ടും ഉദയനിധി
'സനാതനത്തെ നശിപ്പിച്ചാല്‍ തൊട്ടു കൂടായ്മയും ഇല്ലാതാകും' വീണ്ടും ഉദയനിധി
ചെന്നൈ: 'സനാതന'ത്തെ വിടാതെ ഉദയനിധി. തൊട്ടുകൂടായ്മയും ഇല്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശം. സനാതന ധര്‍മ്മത്തിനെക്കുറിച്ച് നേരത്തെ നടത്തിയ പരാമര്‍ശത്തിലെ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ പറയുന്നത് തൊട്ടു കൂടായ്മ ഇല്ലാതാകണം എന്നതു കൊണ്ടാണ്. സനാതനയെ നശിപ്പിച്ചാല്‍ തൊട്ടുകൂടായ്മ ഇല്ലാതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' - അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്നും പലരും ഇതിനെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ആര്‍.എന്‍ രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഉദയനിധി.
കഴിഞ്ഞയാഴ്ച തഞ്ചാവൂരില്‍ തമിഴ് സേവാ സംഘം നടത്തിയ സാംസ്‌കാരിക പരിപാടിയില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിവേചനത്തെക്കുറിച്ച് ഗവര്‍ണര്‍ രവി വിശദമായി സംസാരിച്ചിരുന്നു.സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ഉദയനിധി പറഞ്ഞു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിന്‍ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. നമ്മള്‍ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്,' എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."