പാലക്കാട് നഗരസഭയുടെ മാലിന്യ നീക്കം നിലച്ചു നിരത്തുകളില്‍ മാലിന്യം കുന്നുകൂടുന്നു
പാലക്കാട്: നഗരത്തിലെ മാലിന്യനീക്കം വീണ്ടും നിലച്ചു. വീടുകളിലെ ജൈവവും അജൈവവുമായി കവറുകളിലാക്കി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നഗരപാതകള്‍ക്ക് ഇരുവശവും കുന്നുകൂടുകയാണ്. മേപ്പറമ്പിലേക്കുള്ള ബൈപാസ് റോഡിലും കാണിക്കമാതാ സ്‌കൂളിനു സമീപത്തും ചക്കാന്തറ റോഡിനു സമീപത്തും ഗാന്ധിനഗറിലെ നിര്‍ദിഷ്ട ഗാന്ധിപാര്‍ക്കിനടുത്തും പുത്തൂര്‍ ചന്തക്കു സമീപത്തും മാട്ടുമന്ത എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു സമീപത്തും ദുര്‍ഗന്ധം വമിച്ച് മാലിന്യം കുന്നുകൂടുകയാണ്.
മഴ പെയ്തതോടെ സാംക്രമിക രോഗങ്ങള്‍ പടരുമെന്ന ഭീതിയും ഉയരുന്നു. മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള മാലിന്യം എത്തിക്കരുതെന്ന നിലപാടിലാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യസംസ്‌കരണ കേന്ദ്രം അറിയിച്ചത്. വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച മാലിന്യശേഖരണ കേന്ദ്രങ്ങളില്‍ ദുര്‍ഗന്ധം വമിച്ച നിലയിലാണ്.
മാലിന്യം അഴുക്കുചാലില്‍ പലയിടത്തും കെട്ടിക്കിടക്കുകയാണ്. രാവിലെ ഏഴു മുതല്‍ 11 വരെയാണ് നഗരസഭ ശുചീകരണ തൊഴിലാളികള്‍ വാര്‍ഡിലെത്തി മാലിന്യം ശേഖരിക്കുന്നത്.
എന്നാല്‍ മാലിന്യം ശേഖരിക്കാന്‍ ചിലയിടങ്ങളില്‍ മാത്രമാണ് എത്തുന്നതെന്ന് നഗരവാസികള്‍ പറയുന്നു. നിര്‍ദിഷ്ട ഗാന്ധിപാര്‍ക്കിന് സമീപത്തെ മാലിന്യങ്ങള്‍ നീക്കി 10 ദിവസം കഴിയുമ്പോഴേക്കും വീണ്ടും ജനങ്ങള്‍ കവറുകളിലാക്കി മാലിന്യം തള്ളുകയാണെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.
മാലിന്യസംസ്‌കരണം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കാംപയ്ന്‍ സംഘടിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വാര്‍ഡുകളില്‍ ശേഖരണകേന്ദ്രം തുടങ്ങണമെന്നും അഭിപ്രായമുയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."