നാല് ദിവസമായി നിപ കേസുകളില്ല; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം- വീണ ജോര്‍ജ്
നാല് ദിവസമായി നിപ കേസുകളില്ല
തിരുവന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നു. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണ്. രോഗവ്യാപനം തടയാന്‍ സാധിച്ചു എന്നും മന്ത്രി പറഞ്ഞു. എങ്കിലും പൂര്‍ണമായി ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.
994 പേര്‍ ഐസൊലേഷനിലുണ്ട്. 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 323 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 317ഉം നെഗറ്റീവാണ്. ഒന്നാം കേസിലെ ഹൈ റിസ്‌ക് കോണ്‍ടാക്ട് എല്ലാം പരിശോധിച്ചു. ഇന്‍ഡക്‌സ് കേസ് പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ നിഗമനം കൃത്യമായിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്‌സിജന്‍ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ഐ.സി.യുവില്‍ നിന്ന് മാറ്റിയിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ യുവാവിനെ നിപ ലക്ഷണങ്ങളോടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."