ഗ്രാമീണ റൂട്ടുകളില്‍ കൂടുതല്‍ സര്‍വിസ് ഗ്രാമവണ്ടി പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി
അടുത്തമാസം മുതല്‍ 'സമുദ്ര' സര്‍വിസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സര്‍വിസില്ലാത്ത ഗ്രാമീണ റൂട്ടുകളിലേക്ക് സര്‍വിസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്നു. ഗ്രാമവണ്ടി എന്നു പേരിട്ട പദ്ധതി തദ്ദേശ വകുപ്പുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഇന്നലെ ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി സംബന്ധിച്ച് തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദനുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു.
ഗ്രാമീണ മേഖലകളില്‍ ബസ് സര്‍വിസില്ലാത്ത റൂട്ടുകള്‍ സംബന്ധിച്ച വിവരം അതാത് തദ്ദേശ സ്ഥാപനങ്ങള്‍ കെ.എസ്.ആര്‍.ടി.ക്ക് കൈമാറും.സര്‍വിസിന്റെ ഇന്ധനച്ചിലവ് അതാത് തദ്ദേശ സ്ഥാപനമായിരിക്കും വഹിക്കുക. മറ്റു ചിലവുകള്‍ കെ.എസ്.ആര്‍.ടി.സിയും വഹിക്കും.സംസ്ഥാനത്തെ വിവിധ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസില്ലാത്തത് യാത്രാക്ലേശം സൃഷ്ട്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിക്കായി എം.എല്‍.എമാരില്‍നിന്ന് പേരുകള്‍ ക്ഷണിച്ചിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിയാണ് ഗ്രാമവണ്ടി എന്ന പേര് നിര്‍ദേശിച്ചത്. ഇതിനു പുറമേ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന 'സമുദ്ര' ബസ് സര്‍വിസ് അടുത്തമാസം ആരംഭിക്കും.നഗരങ്ങള്‍ക്കകത്ത് യാത്ര സുഗമമാക്കുന്ന സിറ്റി സര്‍ക്കുലര്‍ പദ്ധതിയ്ക്കും കെ.എസ്.ആര്‍.ടി.സി രൂപം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ അടുത്തമാസം തിരുവനന്തപുരം നഗരത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."