ചാരക്കേസ്: ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു
ഗൂഢാലോചനയില്‍ പാക് ഇടപെടല്‍ പരിശോധിക്കുന്നുവെന്ന് സി.ബി.ഐ
കൊച്ചി: നമ്പി നാരായണനെതിരായ ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. കേസില്‍ പ്രതിപ്പട്ടികയിലുള്ളവരുടെ അറസ്റ്റു കോടതി മുന്‍പു തടഞ്ഞു ഉത്തരവിട്ടിട്ടുണ്ട്. മറ്റു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന തിങ്കളാഴ്ച ശ്രീകുമാറിന്റെ ഹരജിയും പരിഗണിക്കും. കേസില്‍ ഏഴാം പ്രതിയാണ് ഗുജറാത്ത് മുന്‍ ഡി.ജി.പി കൂടിയായ ശ്രീകുമാര്‍. നമ്പി നാരായണനെ താന്‍ ചോദ്യംചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് ശ്രീകുമാര്‍ കോടതിയില്‍ വാദിച്ചു. മറ്റൊരു ഉദ്യോഗസ്ഥനായ ശശികുമാറിനെ മാത്രമാണ് താന്‍ ചോദ്യംചെയ്തതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിനാധാരമെന്നും ചാരക്കേസ് ഗൂഢാലോചനയില്‍ പാക് ഇടപെടല്‍ ഉണ്ടായോയെന്ന് പരിശോധിക്കുകയാണെന്നും അതിനാല്‍ ഇടക്കാല ഉത്തരവിടരുതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ക്രയോജനിക് സാങ്കേതിക വിദ്യ തടസപ്പെടുത്തിയതിന്റെ ഗൂഢാലോചനയില്‍ ശ്രീകുമാര്‍ പങ്കാളിയായിരുന്നുവെന്ന് സി.ബി.ഐയും കോടതിയില്‍ വാദിച്ചു. ഇതോടെ മറ്റു പ്രതികളുടെ ഹരജികള്‍ കേള്‍ക്കുന്നതുവരെ അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പുനല്‍കാന്‍ പറ്റുമോ എന്ന് കോടതി ആരാഞ്ഞെങ്കിലും അത് സാധ്യമല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചുവെങ്കിലും താല്‍ക്കാലികമായി കോടതി അറസ്റ്റു തടഞ്ഞു ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."