ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ മുസ്‌ലിം സംവരണത്തില്‍ അട്ടിമറി, മുസ്‌ലിം സംവരണം 12ല്‍നിന്ന് പത്തായി കുറയും
ടി. മുംതാസ്
കോഴിക്കോട്: സംസ്ഥാനത്ത് നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുന്നതിനായി മുസ്‌ലിം സംവരണം അട്ടിമറിച്ചു. ഭിന്നശേഷി സംവരണം മൂന്നില്‍നിന്ന് നാലാക്കി ഉയര്‍ത്തുകയും നടപ്പാക്കുന്ന രീതി പുനര്‍നിശ്ചയിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിം സമുദായത്തിന് നീക്കിവച്ച രണ്ടും ജനറല്‍ വിഭാഗത്തില്‍നിന്ന് രണ്ടും സീറ്റുകള്‍ നല്‍കുകയായിരുന്നു. ഇതോടെ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ സംവരണം 12ല്‍ നിന്ന് 10 ആയി ചുരുങ്ങും.
ഭിന്നശേഷി സംവരണം നാല് ശതമാനമാക്കി ഉയര്‍ത്തിയ 2016ലെ ഭിന്നശേഷി ആക്റ്റ് പ്രകാരം 2019ല്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് മുസ്‌ലിം സംവരണം അട്ടിമറിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് 122019ാം നമ്പറായി 2019 ഒക്ടോബര്‍ 31ന് ഇറക്കിയ ഉത്തരവില്‍, സര്‍ക്കാര്‍ നിയമനങ്ങളിലെ ഒന്ന്, 26, 51, 76 എന്നീ റൊട്ടേഷന്‍ പോയിന്റ് ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവയ്ക്കണമെന്നാണ് പറയുന്നത്. ഇങ്ങനെ നീക്കിവയ്ക്കുമ്പോള്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് കെ.എസ്.ആന്‍ഡ് എസ്.എസ്.ആര്‍ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ലഭിക്കേണ്ട 26, 76 എന്നീ അവസരങ്ങള്‍ നഷ്ടമാവും. ജനറല്‍ വിഭാഗത്തിന്റെ ഒന്ന്, 51 എന്നീ അവസരങ്ങളും നഷ്ടമാവും.
കെ.എസ്.ആന്‍ഡ് എസ്.എസ്.ആര്‍ അനുസരിച്ച് ലോവര്‍ ഡിവിഷന്‍ തസ്തികകളില്‍ മുസ്‌ലിം സമുദായത്തിന് 10 ശതമാനവും മറ്റ് എല്ലാ തസ്തികളിലേക്കും 12 ശതമാനവുമാണ് സംവരണം. ഇതനുസരിച്ച് ആറ് , 16, 26, 30, 36, 46, 56, 66, 76, 80, 86, 96 എന്നീ ടേണുകള്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ക്ക് 30, 80 ടേണുകള്‍ ഉണ്ടാവില്ല. ഇങ്ങനെ നൂറ് പേരെ നിയമിക്കുമ്പോള്‍ 12 പേര്‍ മസ്‌ലിംകള്‍ ആയിരിക്കണമെന്നാണ് നിയമം. ഇതില്‍ 26, 76 ഊഴങ്ങളില്‍ ഇനിമുതല്‍ ഭിന്നശേഷിക്കര്‍ക്കു നല്‍കുമ്പോള്‍ മുസ്‌ലിംകളുടെ സീറ്റ് പത്തായി കുറയും. ഇങ്ങനെ മുസ്‌ലിം സമുദായത്തിനായി നീക്കിവച്ച സീറ്റുകള്‍ മറ്റു വിഭാഗങ്ങള്‍ക്ക് മാറ്റിവയ്ക്കുന്ന ഉത്തരവ് കെ.എസ് ആന്‍ഡ് എസ്.എസ്.ആറിലെ 17 (2) (ബി) (2) ചട്ടത്തിന് വിരുദ്ധമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നേരത്തെ ഭിന്നശേഷി സംവരണം മൂന്ന് ശതമാനമായിരുന്നപ്പോള്‍ പി.എസ്.സി സ്വീകരിച്ച ഔട്ട് ഓഫ് ടേണ്‍ നിയമനരീതി നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി കണ്ടെത്തിയിരുന്നു. മൂന്ന് സെക്ടറുകളാക്കി തിരിച്ച് ഒരോ 33ലും ഒരോ ഭിന്ന ശേഷി സംവരണമാണ് നടപ്പാക്കിയിരുന്നത്. ഒന്നിന് ശേഷം ഒന്ന് എ, 33ന് ശേഷം 33എ, 66ന് ശേഷം 66 എ എന്നിങ്ങനെ അധിക ടേണ്‍ സൃഷ്ടിച്ച് ഭിന്നശേഷിക്കാരെ നിയമിക്കുകയായിരുന്നു. മൂന്ന് ഭിന്നശേഷിക്കാരെ നിയമിക്കാന്‍ 103 നിയമനം നടത്തേണ്ട അവസ്ഥ വന്നു. സംവരണം കണക്കാക്കുന്നത് 103ല്‍ മൂന്ന് മൂന്ന് ശതമാനമല്ലെന്നതും, മറ്റ് സംവരണ വിഭാഗത്തിന്റെ പ്രാതിനിധ്യത്തിലും ആനുപാതിക പ്രശ്‌നം വന്നു. ഇത് പരിഹരിക്കാനാണ് നിലവില്‍ മറ്റ് വിഭാഗങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ടേണുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച് പുതിയ ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ നിയമനങ്ങളില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹമായ 7383 തസ്തികള്‍ നഷ്ടപ്പെട്ടതായി നേരത്തെ നരേന്ദ്രന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. കാലങ്ങളായി നിഷേധിക്കപ്പെട്ട പിന്നോക്കാവസ്ഥ നികത്തിനല്‍കുന്നതിന് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് സമുദായ സംഘടനകള്‍ നിരന്തരണം ആവശ്യപ്പെട്ടിരുന്നെങ്കിലും മാറിമാറി വരുന്ന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ തുടര്‍ച്ചയായി കവര്‍ന്നെടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അനുവദിക്കപ്പെട്ടത് പോലും നിഷേധിക്കപ്പെടുന്നത് ഖേദകരമാണെന്നും സമസ്ത സംവണ സമിതി ചെയര്‍മാന്‍ ഡോ. എന്‍.എ അബ്ദുല്‍ ഖാദറും ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."