കൊവിഡ് ബാധിതര്‍ കേരളത്തില്‍ കുറവ്
സംസ്ഥാനത്ത്
രോഗബാധ 44 ശതമാനം
ദേശീയ ശരാശരി 67 ശതമാനം
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കൊവിഡ് ബാധിതര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലെന്ന് സര്‍വേ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ സിറോ സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ചത് ആറുവയസിന് മുകളിലുള്ള 44 ശതമാനം പേര്‍ക്കാണ്. എന്നാല്‍ കൊവിഡ് ബാധിച്ചവരുടെ ദേശീയ ശരാശരി 67 ശതമാനമാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇനിയും രോഗം വരാന്‍ സാധ്യതയുണ്ടെന്നും സര്‍വേഫലം സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുദിവസവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 22,000ല്‍ അധികം കേസുകളാണ്. ഇത് രാജ്യത്തെ ആകെ കേസുകളുടെ 50 ശതമാനമാണ്.
മുന്‍കൂട്ടി നിശ്ചയിച്ച സാംപ്ലിങ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വേയിലൂടെ നടത്തുന്നത്. രോഗം ഭേദമായവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. എത്ര ശതമാനം പേര്‍ക്ക് പ്രതിരോധശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞെന്ന് ഈ പഠനത്തിലൂടെ കണ്ടെത്താം. കേരളത്തില്‍ കൊവിഡ് വന്നവരുടെ എണ്ണം കുറവായതിനാല്‍ ആര്‍ജിത പ്രതിരോധ ശേഷിയും കുറവാണ്. ഇതാണ് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. മധ്യപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിതരായത് - 79 ശതമാനം ആളുകള്‍. രാജസ്ഥാനില്‍ ഇത് 76.2 ശതമാനവും ബിഹാറില്‍ ഇത് 76 ശതമാനവും ഉത്തര്‍ പ്രദേശില്‍ ഇത് 71 ശതമാനവുമാണ്.
മൂന്നാഴ്ച വളരെ
നിര്‍ണായകം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച വളരെ നിര്‍ണായകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി ജാഗ്രത പാലിക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."