കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ പാര്‍ളിക്കാട് കനാല്‍ പാലപരിസരത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത് പത്ത് അടി താഴ്ചയുള്ള പാടശേഖരത്തേക്ക് ഓടിയിറങ്ങി. ഭാഗികമായി തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങി കിടന്ന അച്ഛനേയും, മകനേയും പത്ര വിതരണ കരാറുകാരനായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി.
കൊപ്പം മഛത്തിപറമ്പില്‍ മൊയ്തീന്‍ കുട്ടി (35) ഇദ്ദേഹത്തിന്റെ മകന്‍ അനസ് (8) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് അപകടം. നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന ഭാര്യ സഹോദരിയുടെ ഭര്‍ത്താവിനെ വിമാനം കയറ്റി തിരിച്ച് വരുന്നതിനിടയിലായിരുന്നു അപകടം നടന്നത്. തൃശൂരില്‍ നിന്ന് പത്രവുമായി പാലക്കാട്ടേക്ക് പോവുകയായിരുന്ന പാലക്കാട് സ്വദേശി സാലിഹ മന്‍സിലില്‍ നൗഷാദാണ് അപകടത്തില്‍ പെട്ടവര്‍ക്ക് രക്ഷകനായത്.
തന്റെ വാഹനത്തിന് തൊട്ട് മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പാടത്തേക്ക് മറിയുന്നത് കണ്ട ഉടന്‍ നൗഷാദ് ടെംപോ നിര്‍ത്തുകയും ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ പാടത്തേക്ക് ഓടിയിറങ്ങുകയുമായിരുന്നു. കാറിനുള്ളില്‍ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ച് ഹൈവേ പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു.
കഴിഞ്ഞ മാസവും നൗഷാദ് വലിയ ഒരു അപകടത്തില്‍ രക്ഷകനായിരുന്നു. വാണിയംകുളത്ത് വച്ചായിരുന്നു ഈ അപകടം. അന്ന് കാര്‍ വെട്ടി പൊളിച്ചാണ് വാഹനത്തില്‍ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."