ഇലന്തൂര്‍ നരബലി; കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
പത്തനംതിട്ട: ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്കിയ സംഭവത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇലന്തൂരിലെ വീട്ടുവളപ്പില്‍ പ്രതികളെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹാവശിഷ്ടം ഉണ്ടായിരുന്നത്.
പത്മം, റോസ്ലിന് എന്ന രണ്ടു സ്ത്രീകളെയാണ് ഇലന്തൂരില്‍ നരബലി നല്‍കിയത്. പത്മത്തിന്റെ മകന് സെല്‍വന്റെ പരാതിയിലുള്ള അന്വേഷണത്തിലാണ് നരബലി കണ്ടെത്തിയത്. സെപ്തംബര്‍ 26 നാണ് പത്മത്തെ കാണാതായത്. ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. നിലവില്‍ ഇവര്‍ മൂവരും പൊലിസ് കസ്റ്റഡിയിലാണ്.
പത്മത്തിന്റെ ഫോണ്‍ സിഗ്നല്‍ അന്വേഷിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ച ഷിഹാബിനൊപ്പം പത്മം തിരുവല്ലയിലേക്ക് പോയിരുന്നു. തിരുവല്ലയിലാണ് പത്മത്തിന്റെ ഫോണ്‍ സിഗ്നല്‍ അവസാനമായി ലഭിച്ചത്.
ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലിസ് തിരുവല്ലയിലെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പിടിയിലായി. തുടര്‍ന്നാണ് മറ്റൊരു സ്ത്രീയെ കൂടി ആഭിചാരക്രിയകള്‍ക്കായി കൊലപ്പെടുത്തിയതായ വിവരം അറിയുന്നത്. കാലടി സ്വദേശിനി റോസ്ലിന് (50) എന്ന സ്ത്രീയെ ജൂണില്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ട ഇരുവരും ലോട്ടറിക്കച്ചവടം നടത്തിയിരുന്നു.
ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഇലന്തൂരിലെ ദമ്പതികളിലെ പുരുഷന്. നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നറ പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് ഇയാളോട് പറയുകയായിരുന്നു. തുടര്‍ന്ന് ഷിഹാബ് തന്നെ കൊച്ചിയില്‍ നിന്ന് സ്ത്രീകളെ ഇലന്തൂരിലെത്തിച്ചു. മന്ത്രവാദത്തിന്റെ ഭാഗമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."