ഇലന്തൂര്‍ നരബലി; 'കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്തു, ശരീരത്തിലാകെ മുറിവേല്‍പ്പിച്ചു' ക്രൂരത വിവരിക്കാന്‍ കഴിയില്ലെന്ന് പൊലിസ്
പത്തനംതിട്ട: ഇലന്തൂരിലെ നരബലി പറയാന്‍ സാധിക്കുന്നതിനുമപ്പുറമാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പൊലിസ് പറയുന്നു.
10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഏജന്റ് ഷാഫി സ്ത്രീകളെ കൊണ്ടുപോയത്. കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്താണ് പത്മം, റോസ്‌ലിന്‍ എന്നീ സ്ത്രീകളെ കൊന്നത്. നരബലി നടത്തിയാല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് ഷാഫി ഭഗവല്‍ സിങ് ലൈല ദമ്പതികളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് റോസ്‌ലിനെയാണ് ഷാഫി ആദ്യം സമീപിച്ചത്.
അശ്ലീല ചിത്രത്തില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ജൂണില്‍ റോസ്‌ലിനെ കൂട്ടികൊണ്ടുപോയി. ജൂണ്‍ 6നാണ് അതിക്രൂരമായി റോസ്‌ലിനെ കൊലപ്പെടുത്തിയത്. ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയാണ് ആദ്യം കഴുത്തറുത്തത്. കൊലയ്ക്ക് മുന്‍പ് ശരീരത്തിലാകെ മുറിവേല്‍പ്പിച്ചു. സ്വകാര്യഭാഗങ്ങള്‍ വെട്ടിമുറിച്ചു. തുടര്‍ന്ന് മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കി കുഴിച്ചിട്ടു.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും കമ്മിഷണര്‍ പറഞ്ഞു. കൊല്ലപ്പെട്ട പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മത്തിന് പത്തു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നുശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."