കുറ്റ്യാടിയില്‍ കലിപ്പ് തീരാതെ സി.പി.എം ജില്ലാ നേതൃത്വം: വെട്ടി നിരത്തിയത് 32 സി.പി.എം പ്രാദേശിക നേതാക്കളെ
കുറ്റ്യാടി: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിനെതിരേ കുറ്റ്യാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ നടപടി എടുത്തിട്ടും അരിശം തീരാതെ സി.പി.എം ജില്ലാ നേതൃത്വം. പരസ്യപ്രകടനം നടത്തിയതിന്റെ പേരില്‍ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെയാണ് കുറ്റ്യാടി, വടയം, വേളം ലോക്കല്‍ കമ്മിറ്റികളിലെ നേതാക്കളുള്‍പ്പടെ 32 പേര്‍ക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചതിന്റെ തോതനുനസുരിച്ച് ചിലരെ പുറത്താക്കുകയും ചിലരെ ഒരുവര്‍ഷം, ആറുമാസം കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്യുകയും കൂടുതല്‍ പേരെ താക്കീത് നല്‍കുകയും ചെയ്താണ് നടപടി.
കുറ്റ്യാടി എല്‍.സി അംഗങ്ങളായ കെ.കെ ഗിരീഷന്‍, പാലേരി ചന്ദ്രന്‍, കെ.പി ബാബുരാജ്, വേളം എല്‍.സി അംഗം കെ.എം അശേകന്‍ ഊരത്ത് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി ഷിജില്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കുറ്റ്യാടി എല്‍.സിയിലെ കെ.പി വത്സന്‍, സി.കെ സതീശന്‍, കെ.വി ഷാജി, വടയം എല്‍.സിയിലെ എം.കെ ചന്ദ്രന്‍, എ.എം അശോകന്‍, എന്നിവരെ ഒരു വര്‍ഷത്തേക്കും കുറ്റ്യാടി എല്‍.സിയിലെ സി.കെ ബാബു, എ.എം വിനീത, കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.കെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി കെ.വിനോദന്‍, ഡി.വൈ.എഫ്.ഐ കുറ്റ്യാടി മേഖല പ്രസിഡന്റ് കെ.വി രജീഷ് എന്നിവരെ ആറുമാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത 17ഓളം ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് ഭാരവാഹികളേയും താക്കീത് ചെയ്യുകയും ചെയ്തു. ചിലരോട് വിശദീകരണവും തേടി. ഇതില്‍ പുറത്താക്കപ്പെട്ടവരില്‍പെട്ട കുറ്റ്യാടി എല്‍.സി അംഗം കെ.കെ ഗിരീഷാണ് പരസ്യ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത്.
പി.സി രവീന്ദ്രന്‍ സെക്രട്ടറിയായ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നേരത്തെ പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് ഏരിയ കമ്മിറ്റിയംഗം എ.എം റഷീദ് കണ്‍വീനറായ അഡ്ഹോക്ക് കമ്മിറ്റിയാണുള്ളത്. നടപടികള്‍ ഇനി ബ്രാഞ്ച് തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.
പ്രതിഷേധക്കാര്‍ക്ക് വഴങ്ങിയാണെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായി കുറ്റ്യാടി തിരിച്ചു പിടിച്ച കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയായിരുന്നു കുറ്റ്യാടിയിലെ നടപടിക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, ടി.കെ മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റികളിലെ ഈ കൂട്ട നടപടി.
നിയസഭാ തെരെഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ആയിരങ്ങള്‍ കെ.പി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു. ഒടുവില്‍ അന്ന് പ്രതിഷേധക്കാര്‍ക്ക് വഴങ്ങി സീറ്റ് സി.പി.എം ഏറ്റെടുത്തെങ്കിലും ഇന്ന് പ്രതിഷേധിച്ച ഓരോരുത്തരെയും തെരഞ്ഞുപിടിച്ചു നടപടിയെടുക്കയാണ് ജില്ല നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."