ജനപഥങ്ങള്‍ താണ്ടി രാഹുല്‍; ഭാരത് ജോഡോ യാത്ര ചിത്രദുര്‍ഗയില്‍ പൊതുതെരഞ്ഞെടുപ്പല്ല, രാജ്യത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍
ബംഗളൂരു • ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന സന്ദേശമുയര്‍ത്തി രാജ്യത്തിന്റെ ഗ്രാമ-നഗരവീഥികള്‍ താണ്ടി ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെത്തി. ഹര്‍ത്തികോട്ടില്‍ നിന്നാണ് ഇന്നലെ രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര പുനരാരംഭിച്ചത്.
രാത്രിയോടെ സിദ്ധാപുരയിലാണ് ഇന്നലെ യാത്ര സമാപിച്ചത്. ഇതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പോപുലര്‍ ഫ്രണ്ടിന്റെ ഭാഗ്യം എന്ന് വിമര്‍ശിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചത് സംഘർഷമുണ്ടാക്കി.
2024ലെ പൊതുതെരഞ്ഞെടുപ്പല്ല, രാജ്യത്തെ ഒന്നിപ്പിക്കലാണ് യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമങ്ങളിലൂടെയും വിദ്വേഷ പ്രചാരണങ്ങളിലൂടെയും ജനങ്ങളെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് ഇന്ത്യയെ തകര്‍ക്കും. രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രീകരിക്കപ്പെട്ടതോടെ സമ്പദ്‌മേഖല തകർന്നു, തൊഴിലില്ലായ്മ വര്‍ധിച്ചു, വിലക്കയറ്റം തുടര്‍ക്കഥയാകുകയും ചെയ്തു. കൃത്യമായ ആശയത്തിലും നിലപാടുകളിലുമൂന്നിയാണ് താന്‍ മുന്നോട്ടുപോകുന്നത്. ഇതാണ് ബി.ജെ.പിനെയും ആര്‍.എസ്.എസിനെയും പ്രയാസപ്പെടുത്തുന്നതെന്നും രാഹുല്‍ പറഞ്ഞു.
സെപ്തംബര്‍ 30നാണ് യാത്ര കര്‍ണാടകയിൽ പ്രവേശിച്ചത്. ഈ മാസം 21 വരെ കര്‍ണാടയിലൂടെ സഞ്ചരിക്കും. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി മുതല്‍ കശ്മിര്‍ വരെയാണ് പദയാത്ര.
അതിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് ബദലായി കര്‍ണാടകയില്‍ ജനസങ്കല്‍പ യാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിൽ റയ്ചൂരിലാണ് യാത്ര തുടങ്ങുക. രണ്ട് ദിവസം കൊണ്ട് മൂന്ന് ജില്ലകളിലൂടെ യാത്ര കടന്നുപോകും. സംസ്ഥാനത്തുടനീളം നിരവധി റാലികളും പൊതുയോഗങ്ങളും പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."