'അമ്പിനും വില്ലിനും' അടുപ്പിച്ചില്ല ഉദ്ധവ്-ഷിന്‍ഡെ ശിവസേന വിഭാഗങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും
മുംബൈ • കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലോടെ ശിവസേനയിലെ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങളുടെ വിഭജനം പൂര്‍ണതയിലേക്ക്. യഥാര്‍ഥ ശിവസേന ആര് എന്ന തര്‍ക്കത്തിന് താല്‍ക്കാലിക വിരാമവുമായി. ഇരു വിഭാഗത്തിനും പുതിയ പേരും ചിഹ്നവും നല്‍കാനാണ് കമ്മീഷന്റെ തീരുമാനം.
പാര്‍ട്ടിയുടെ പേര്, ചിഹ്നം, പാര്‍ട്ടി സ്ഥാപകനും ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാല്‍താക്കറെയുടെ പാരമ്പര്യം എന്നീ കാര്യങ്ങളിലാണ് അവകാശ തര്‍ക്കം. പേരിന്റെയും ചിഹ്നത്തിന്റെയും കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെങ്കിലും ബാല്‍താക്കറെയുടെ പാരമ്പര്യം അവകാശപ്പെട്ടുള്ള രാഷ്ട്രീയ സംവാദം അവസാനിക്കില്ല. കമ്മീഷന്റെ തീരുമാനങ്ങളില്‍ ഉദ്ധവ് വിഭാഗം സംതൃപ്തരല്ല എന്നതിനാല്‍ കേസ് തുടരും.
ഉദ്ധവ് വിഭാഗം ശിവസേന ഇനി ശിവസേന-ഉദ്ധവ് ബാലാസാഹിബ് താക്കറെ എന്നും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന ബാലാസാഹിബാഞ്ചി ശിവസേന എന്നുമാണ് അറിയപ്പെടുക. താക്കറെ പക്ഷത്തിന് തീപ്പന്തമാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്. ഷിന്‍ഡെ വിഭാഗത്തിന്റെ ചിഹ്നം തീരുമാനിച്ചിട്ടില്ല. മൂന്ന് പേരുകളും ചിഹ്നങ്ങളും സമര്‍പ്പിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു. ത്രിശൂലവും ഉദയസൂര്യനും ഗദയുമാണ് ഷിന്‍ഡെ വിഭാഗം മുന്നോട്ടുവച്ച ചിഹ്നങ്ങൾ. മതപരമായ സ്വത്വങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലപാട് കമ്മീഷന്‍ കൈക്കൊണ്ടു. പുതിയ ചിഹ്നം ഉടന്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും അനുവദിച്ചുകിട്ടാന്‍ ഇരുപക്ഷവും അവകാശവാദം ഉയര്‍ത്തിയതോടെ ഈ ചിഹ്നം കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. അന്ധേരി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് ഇരുപക്ഷവും ഇറങ്ങുക പുതിയ പേരും ചിഹ്നവുമായിട്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."