എണ്ണയുൽപാദനത്തിൽ സഊദി അറേബ്യയെ പിന്തള്ളി റഷ്യ രണ്ടാം സ്ഥാനത്ത്
റിയാദ്: എണ്ണയുൽപാദന മേഖലയിൽ സഊദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി കണക്കുകൾ. ഈ വർഷത്തെ ജനുവരി-മെയ് മാസങ്ങളിലെ കണക്കുകൾ പുറത്ത് വന്നപ്പോൾ അമേരിക്കയും റഷ്യയുമാണ് സഊദിയുടെ മുന്നിൽ. പ്രതിദിനം 11.10 ദശലക്ഷം ബാരൽഎണ്ണയുമായി അമേരിക്ക ഒന്നാം സ്ഥാനത്തും ശരാശരി 10.36 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉത്പാദനവുമായി റഷ്യ രണ്ടാം സ്ഥാനത്തുമാണ്. റഷ്യയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഏജൻസിയായ റോസ്റ്റാറ്റിന്റെ പുതിയ ഡാറ്റയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, പ്രതിദിനം ശരാശരി 8.27 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉൽപാദിപ്പിച്ചുകൊണ്ട് സഊദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും കണക്കുകൾ പറയുന്നു.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ റഷ്യയുടെ മൊത്തം കയറ്റുമതിയുടെ 41.3 ശതമാനം എണ്ണയാണ്. അതേസമയം, കയറ്റുമതി മുൻ റിപ്പോർട്ടിംഗ് കാലയളവിനെ അപേക്ഷിച്ച് 16.9 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. ഈ വർഷം റഷ്യ മൊത്തം 212.3 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഉത്പാദിപ്പിച്ചുവെന്നും ഇത് പ്രതിവർഷം 6.2 ശതമാനം കുറഞ്ഞുവരുന്നുവെന്നും വ്യക്തമാക്കുന്നു.
എന്നാൽ, വരും മാസങ്ങളിൽ റഷ്യയുടെ എണ്ണ ഉൽപാദനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. കൊവിഡ് -19 മഹാമാരിയെ തുടർന്ന് വർദ്ധിച്ച ഡിമാൻഡും ആഗോള സാമ്പത്തിക വീണ്ടെടുക്കലും ഇതിന് ഒരു കാരണമായി കരുതുന്നു. ആഗോള എണ്ണ വില അടുത്തിടെ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. അതിനാൽ ഓഗസ്റ്റിൽ പ്രതിദിന എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാൻ ഒപെക് അംഗരാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട്.
റഷ്യ, മെക്സിക്കോ, സഊദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള ഒപെക് പ്ലസ് രാജ്യങ്ങൾ ഓഗസ്റ്റ് മുതൽ പ്രതിദിനം 400,000 ബാരൽ ഉൽപാദനം വർദ്ധിപ്പിക്കും.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദക രാജ്യവും അമേരിക്കയാണ്. 2019 ൽ 921 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം) പ്രകൃതി വാതകമാണ് അമേരിക്കയുടെ ശേഷി. രണ്ടാം സ്ഥാനത്തുള്ള റഷ്യ 679 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം) പ്രകൃതിവാതക ഉത്പാദനവും മൂന്നാം സ്ഥാനത്ത് 244 ബില്യൺ ക്യുബിക് മീറ്റർ ശേഷിയുമായി ഇറാനുമാണ് മൂന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."